അനഘാശയൻ
പുന്നപ്ര-വയലാർ സമരവിവരണങ്ങളിൽ വീണ്ടും വീണ്ടും കേൾക്കുന്ന ഒരു പേരാണ് 14-ാം വയസിൽ രക്തസാക്ഷിയായ അനഘാശയന്റേത്. അനഘാശയൻ മേനാശ്ശേരിയിലാണു രക്തസാക്ഷിയായതെങ്കിൽ ഒരു സഹോദരൻ പുന്നപ്രയിലാണു രക്തസാക്ഷിത്വം വരിച്ചത്. അനഘാശയനോടൊപ്പം അമ്മാവനായിരുന്ന പ്രഭാകരനും കൊല്ലപ്പെട്ടു. രാമൻ കൊലക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഭാകരനും മേനാശ്ശേരി ക്യാമ്പിലെ അംഗമായിരുന്നു.
കടക്കരപ്പള്ളിയിലെ പടിഞ്ഞാറേ കാനാശ്ശേരി കുടുംബത്തിലെ പാവപ്പെട്ട ഒരു വീടായിരുന്നു അനഘാശയന്റേത്. അച്ഛൻ കെ.എ. രാമന് കയർ ഫാക്ടറിയിൽ പായ നെയ്ത്ത് തൊഴിലായിരുന്നു. അനഘാശയനും അച്ഛനോടൊപ്പം 12-ാം വയസിൽ ഫാക്ടറി ജോലിക്കു പോയിത്തുടങ്ങി.
മേനാശ്ശേരി പ്രദേശത്തെ ഗുണ്ടാഭീകരതമൂലം അച്ഛനു സ്ഥലംവിട്ടു പോകേണ്ടിവന്നു. ജ്യേഷ്ഠനും അനഘാശയനും ക്യാമ്പിലായി താമസം. കുട്ടിയെന്നനിലയിൽ വീട്ടിൽച്ചെന്ന് അമ്മയേയും ഇളയ സഹോദരങ്ങളെയും കാണുക മാത്രമല്ല, നാട്ടിലെ റൗഡികളുടെയും പൊലീസിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കി ക്യാമ്പിൽ വിവരങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു. റോഡരികിൽ നിന്നും കരിങ്കൽ കഷ്ണങ്ങൾ ശേഖരിച്ച് ക്യാമ്പിൽ എത്തിക്കുന്നതിലും വ്യാപൃതനായിരുന്നു.
കൈതവളപ്പിൽ പത്മനാഭന്റെ നേതൃത്വത്തിൽ വോളന്റിയർ പരിശീലനം നേടി. പത്മനാഭന്റെ യൂണിറ്റിൽ അനഘാശയനും അംഗമായി. ക്യാമ്പിന്റെ കിഴക്കു ഭാഗത്തുനിന്നും വടക്കു ഭാഗത്തുനിന്നും പട്ടാളക്കാർ വെടിവയ്പ്പ് തുടങ്ങിയപ്പോൾ യൂണിറ്റുകൾ ലീഡർമാരുടെ നേതൃത്വത്തിൽ വാരിക്കുന്തവുമായി പട്ടാളക്കാരുടെ അടുത്തേക്ക് നിലത്തു കമിഴ്ന്നുകിടന്നു നീന്തിയടുക്കാൻ തുടങ്ങി. പത്മനാഭന്റെ യൂണിറ്റ് കിഴക്കോട്ടാണു നീങ്ങിയത്. അനാഘശയൻ കുട്ടയിൽ കരിങ്കൽച്ചീളുകൾ ശേഖരിച്ചത് ഇടതുതോളിൽ ഇട്ടുകൊണ്ടാണ് നീങ്ങിയത്. വെടിയുണ്ടകളെ കൂസാതെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. വെടിവയ്പ്പ് ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ടുനിന്നു. അനഘാശയന്റെ ഇടതുഭാഗത്ത് ചെകിടിനും നെഞ്ചിനും വെടിയേറ്റു രക്തസാക്ഷിയായി. പട്ടാളം ക്യാമ്പിനുള്ളിലേക്കു കടന്നു. മുറിവേറ്റുകിടന്നവരെ മുഴുവൻ ബയണറ്റുകൊണ്ടും തോക്കിന്റെ പാത്തികൊണ്ടും മർദ്ദിച്ചു കൊലപ്പെടുത്തി. ക്യാമ്പ് കെട്ടിടത്തിന്റെ നിലവറയിൽ ഒളിച്ചവരെ മുഴുവൻ അവിടെയിട്ടു വെടിവച്ചുകൊന്നു.
പ്രഭാകരന്റെ കുടുംബം മുഴുവൻ പുന്നപ്ര-വയലാർ സമരത്തിനു സ്വയം അർപ്പിച്ചവരാണെന്നു പറയാം. പ്രഭാകരന്റെ മൂന്ന് ജ്യേഷ്ഠന്മാർ ആലപ്പുഴ ബീച്ച് വാർഡിലാണ് താമസിച്ചിരുന്നത്. ഫാക്ടറികളിൽ തൊഴിലാളികളായിരുന്നു. ഇവരുടെ വീട് വാരിക്കുന്തം തയ്യാറാക്കുന്ന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. ജ്യേഷ്ഠന്മാരിൽ നാരായണൻ പൊലീസിന്റെ വെടിയേറ്റു മരിച്ചു. ദിവാകരനു വെടികൊണ്ടെങ്കിലും ഫോർട്ട് കൊച്ചിയിലേക്കു രക്ഷപ്പെട്ട് ആശുപത്രിയിൽ അഭയംപ്രാപിച്ചു. അവിടെവച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. കൊടിയമർദ്ദനത്തിന്റെ ഫലമായി ക്ഷയരോഗിയായിട്ടാണു പുറത്തുവന്നത്. സനാതന സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു ഇളയ സഹോദരൻ മാത്രമാണ് സമരത്തിൽ നിന്ന് ഒഴിവായത്.
വയലാർ സമരത്തിന്റെ ധീരതയുടെ പര്യായങ്ങളിൽ ഒന്നായി അനഘാശയന്റെ നാമം സ്മരിക്കപ്പെടുന്നു.