അസംബ്ലി പ്രഭാകരൻ
അസംബ്ലിയിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച സാഹസിക പ്രവർത്തനത്തിനു വി.എസ്. അച്യുതാനന്ദനാണ് പ്രഭാകരന് അസംബ്ലി പ്രഭാകരൻ എന്ന പേരു നല്കിയത്.
പ്രഭാകരന്റെ അച്ഛൻ സ്റ്റേറ്റ് കോൺഗ്രസ് അനുഭാവിയായിരുന്നു. വൈദ്യവൃത്തിയായിരുന്നു. പ്രഭാകരന്റെ വിദ്യാഭ്യാസം നാലാംക്ലാസിൽ അവസാനിച്ചു. ആദ്യം കൊല്ലക്കാരന്റെ കമ്പനിയിലും പിന്നീട് ആസ്പിൻവാൾ കമ്പനിയിലും ജോലി ചെയ്തു. അവിടെ ട്രേഡ് യൂണിയൻ പ്രവർത്തകനായി. 1945-ൽ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി.
പുന്നപ്ര-വയലാർ സമരകാലത്തു ക്യാമ്പുകൾ തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള കൊറിയർമാരിൽ ഒരാളായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ മുന്നിലുണ്ടായിരുന്നു. വെടിവയ്പ്പിനുശേഷം ആറുമാസം പ്രഭാകരൻ ഒളിവിൽ പോയി.
പറവൂർ ടി.കെ.യുടെ മർദ്ദകഭരണത്തിൽ പ്രതിഷേധിക്കണമെന്ന വികാരം ശക്തമായിരുന്നു. അമ്പലപ്പുഴ – ചേർത്തല ജില്ലാ സെക്രട്ടറി എസ്. കുമാരൻ പങ്കെടുത്ത പാർടി അംഗങ്ങളുടെ യോഗം മർദ്ദനത്തിനെതിരെ അസംബ്ലിയിൽ പ്രതിഷേധിക്കണമെന്നു നിശ്ചയിച്ചു. പൂച്ചയ്ക്ക് ആര് മണികെട്ടും? പ്രഭാകരനായിരുന്നു ആദ്യ വോളണ്ടിയർ. പിന്നെ എഴുന്നേറ്റത് ഡാറാസ്മെയിലിലെ ഏലിയാമ്മ. പിന്നെ ഒ.കെ. വാസുവും മേരിയും.
പി.കെ. ശ്രീധരൻ നേരത്തെപോയി തയ്യാറെടുപ്പു നടത്തി സി. നാരായണപിള്ള വഴി പാസ് സംഘടിപ്പിച്ചു. ഒളിപ്പിച്ചുവച്ച ചെങ്കൊടിയുമായി അസംബ്ലി സന്ദർശന ഗ്യാലറിയിൽ കയറി. തൊഴിലാളി ബില്ലിനെക്കുറിച്ചായിരുന്നു ചർച്ച. അമ്പലപ്പുഴ – ചേർത്തല തൊഴിലാളികളാണെന്നു പറഞ്ഞുകൊണ്ട് കൊടി വീശി മുദ്രാവാക്യം വിളിച്ചു. വലിച്ചിഴച്ച് തൊട്ടടുത്ത സ്റ്റേഷനിൽ കൊണ്ടുപോയി. അപ്പോഴേക്കും ഏലിയാമ്മയും കൂട്ടരും മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. പിന്നെ ചോദ്യം ചെയ്യലും മർദ്ദനവുമായിരുന്നു. പിറ്റേന്നു കോടതിയിൽ കൊണ്ടുപോയി 15 ദിവസത്തേക്കു ശിക്ഷിച്ചു.
പുറത്തിറങ്ങിയതിന്റെ എട്ടാംപക്കം കർഷകത്തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ടു പ്രഭാകരനെ വീണ്ടും അറസ്റ്റ് ചെയ്തു. അതിഭീകരമായി മർദ്ദിച്ചു. തൊഴിലാളി കീഴടങ്ങിയിട്ടില്ലാ എന്ന് അധികാരികളെ ഓർമ്മിപ്പിക്കാനും അണികളെ ആവേശംകൊള്ളിക്കാനും പല സാഹസിക പ്രവർത്തനങ്ങളും ആലപ്പുഴയിൽ അരങ്ങേറി. പട്ടാള ക്യാമ്പിനു തൊട്ടടുത്ത പോർട്ട് സിഗ്നൽ സ്റ്റേഷനു മുകളിൽ ചെങ്കൊടി ഉയർത്തി. അതുപോലെ തന്നെ പൊലീസുകാർ പാറാവു നിൽക്കുന്ന യൂണിയൻ ഓഫീസിനു മുകളിലും. ആലപ്പുഴ പൊലീസ് ലോക്കപ്പിൽ നിരാഹാരം നടത്തുന്ന തടവുകാർക്കു പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രകടനത്തിന്റെ സംഘാടകൻ പ്രഭാകരനായിരുന്നു. ഭീകരമായ ലാത്തിച്ചാർജ്ജിനുശേഷം പ്രഭാകരനെ അറസ്റ്റു ചെയ്തു കമഴ്ത്തിക്കിടത്തി മർദ്ദിച്ചു. ഒന്നരക്കൊല്ലം സബ് ജയിലിലായിരുന്നു. മർദ്ദനങ്ങൾ അവശനാക്കിയെങ്കിലും അവസാനംവരെ ഉശിരൻ പ്രവർത്തകനായി തുടർന്നു.