ഇത്തിപ്പറമ്പിൽ പൈലി ആൻ്റണി
കടക്കരപ്പള്ളി പഞ്ചായത്തിൽ ,തങ്കിയിലെ പൈലിയുടെ മകനായി 1927 ൽ ജനിച്ചു. കർഷകനും , ചിത്രകാരനുമായിരുന്നു.അന്ത്രപേർമാരുടേയും മറ്റു ജന്മി മാടമ്പികളുടേയും അക്രമങ്ങൾ കാരണം പൊറുതിമുട്ടിയ കടക്കരപ്പള്ളിയിലെ ജനങ്ങളെ സഹായിക്കാൻ ആൻ്റണി മുന്നിട്ടിറങ്ങി.കമ്മ്യൂണിസത്തിൽ ആകൃഷ്ടനായ അദ്ദേഹം വയലാർ സമര വോളൻ്റിയറായി. മേനാശ്ശേരിയിൽവെച്ചു മാർച്ച് ചെയ്തു വരുന്ന പട്ടാളത്തിൻ്റെ കണ്ണിൽ പെടാതെ വോളൻ്റീയർമാർ ഒരു കുളത്തിൽ മുങ്ങിക്കിടന്നു കൊണ്ട് ഒളിച്ചു , എന്നാൽ ചില ഒറ്റുകാരുടെ സഹായത്തോടെ പട്ടാളം കുളം കണ്ടുപിടിക്കുകയും കുളം വളയുകയും ചെയ്തു.കീഴടങ്ങാനുള്ള പട്ടാളത്തിൻ്റെ ആവശ്യം അംഗീകരിക്കാതെ ധീരരായ സമര ഭടന്മാർ കുളത്തിൽ ശ്വാസം പിടിച്ചു കൊണ്ട് കിടന്നു.തുടർന്ന് സർ സിപിയുടെ പട്ടാളം കുളത്തിലേക്ക് നിർദയം നിറയൊഴിച്ചു. അദ്ദേഹത്തിൻ്റെ വലത്തെ തോളിൽ വെടിയേറ്റിരുന്നു. എങ്കിലും പട്ടാളത്തിന് കീഴടങ്ങാൻ അദ്ദേഹം തയ്യാറായില്ല. 1999 സെപ്തംബർ 15നു അദ്ദേഹം ബാംഗ്ലൂരിൽ വെച്ച് അന്തരിച്ചു.