എം.കെ. വിശ്വഭരൻ
വടക്കൻ ആര്യാട് വിരുശ്ശേരിയിൽ ചെട്ടിശ്ശേരി വീട്ടിൽ ദാമോദരപണിക്കരുടെയും ലക്ഷ്മിയുടെയും മകനായി 1929-ൽ ജനിച്ചു. 1944-ൽ ആസ്പിൻവാൾ കയർ കമ്പനിയിൽ തൊഴിലാളിയാകുമ്പോൾ പ്രായം 15 വയസ്. യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായി. പിന്നീട് തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായി. യൂണിയന്റെ സബ് ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു. കെ.കെ. കൊച്ചുനാരായണന്റെ നേതൃത്വത്തിലുള്ള വിരുശ്ശേരി ക്യാമ്പിൽ അംഗമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും പൊലീസ് പിടിയിലായി ഒരുമാസം ജയിലിൽ കിടന്നു. മർദ്ദനമേറ്റു. എസി കനാൽ നിർമ്മാണ റിലീഫ് പ്രവർത്തനത്തിൽ ജോലി ചെയ്തിരുന്നു. 1948-ൽ പാർടി അംഗമായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ആലപ്പി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, സൗത്ത് ഇന്ത്യൻ കയർ ഫാക്ടറി സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. കയർ വർക്കേഴ്സ് സെന്ററിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയിരുന്നു. സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗം, മാരാരിക്കുളം ഏരിയാ കമ്മിറ്റിയംഗം, ആര്യാട് നോർത്ത് ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1980-85-ൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.2006 ജൂൺ 11-ന് അന്തരിച്ചു. ഭാര്യ: മൈഥിലി. മക്കൾ: സുശോഭിനി, സുബാബു, സുഹാസിനി, സന്തോഷ് കുമാർ.