എം.ടി. ചന്ദ്രസേനൻ
ആലപ്പുഴ വാടയ്ക്കൽ ഇരവുകാട് വാർഡിൽ ദേവസ്വംചിറ തമ്പിയുടെയും ദേവകിയുടെയും മകനായി 1919-ൽ ജനിച്ചു. വിദ്യാഭ്യാസകാലംതൊട്ട് പൊതുപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. അച്ഛൻ തമ്പിച്ചേട്ടൻ കയർ തൊഴിലാളിയും ആദ്യകാലം മുതൽസജീവ കയർ തൊഴിലാളി ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. ചന്ദ്രസേനന്റെ ഇടതുപക്ഷ ചിന്താഗതിക്ക് അച്ഛൻ താങ്ങും തണലുമായി.
അമ്മാവന്റെ വീട്ടിൽ താമസിച്ചാണ് ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിച്ചിരുന്നത്. അമ്മാവൻ റ്റി.സി. കേശവൻ വൈദ്യർ പുരോഗമന ചിന്താഗതിക്കാരനും ലേബർ അസോസിയേഷന്റെ പ്രാരംഭകാല ഖജാൻജിയുമായിരുന്നു. എംപയർ കയർ ഫാക്ടറി അടുത്തായിരുന്നു വൈദ്യശാല. വാടപ്പുറം ബാവ, വി.കെ. വേലായുധൻ, കെ.സി. ഗോവിന്ദൻ തുടങ്ങിയ തൊഴിലാളി നേതാക്കൾ വൈദ്യശാലയിൽ വന്നിരുന്ന് സാമൂഹ്യപ്രശ്നങ്ങൾ സംസാരിക്കുമായിരുന്നു. അവിടെ നിന്നാണ് എം.ടി. ചന്ദ്രസേനന്റെ രാഷ്ട്രീയ വിദ്യാഭ്യാസം ആരംഭിച്ചത്.
അമ്മയുടെ നിർബന്ധംമൂലം സ്വന്തം വീട്ടിലേക്കു താമസം മാറ്റിയതും സാമ്പത്തിക ബുദ്ധിമുട്ടും വിദ്യാഭ്യാസത്തെ ബാധിച്ചു. അങ്ങനെ ജനാർദ്ദനൻപിള്ളയുടെ ഫാക്ടറിയിൽ ജോലിക്കു പോയി. സുഗതൻ സാർ ഫാക്ടറിയിലെ വണ്ടിചുറ്റ് ബാലത്തൊഴിലാളികളുടെ കൺവീനറായി സുഗതൻ സാർ ചന്ദ്രസേനനെ നിയോഗിച്ചു.
ഈ സമയത്താണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭം ശക്തിപ്പെട്ടത്. കോൺഗ്രസിൽ നാലണ അംഗമായി. വാർഡിലെ കൺവീനറായി. കുമാരവൈജയന്തി വായനശാലയ്ക്ക സമീപം യോഗം കൂടാനുള്ള ശ്രമം ചട്ടമ്പികൾ പൊളിച്ചു. ചട്ടമ്പിത്തരത്തെ നേരിട്ട് എതിർത്ത വി.കെ. കരുണാകരൻ ആയിരുന്നു അക്കാലത്തെ ഹീറോ.
കമ്മ്യൂണിസ്റ്റ് പാർടിയുടെ പുന്നപ്രയിലെ രഹസ്യ സെല്ലിൽ അംഗമായി. രൂപീകരണ യോഗത്തിൽ വി.കെ. കരുണാകരനായിരുന്നു പങ്കെടുത്തത്. അധികം താമസിയാതെ പി. കൃഷ്ണപിള്ള ചന്ദ്രസേനനെ ബന്ധപ്പെട്ടത് ഒരു അവിസ്മരണീയ ഓർമ്മയായി അദ്ദേഹം പിന്നീട് എഴുതിയിട്ടുണ്ട്. 1938-ലെ പണിമുടക്കിൽ അച്ഛൻ (തമ്പി) ജനറൽ സപ്ലൈ ഏജൻസിയിലെ സ്ട്രൈക്ക് കമ്മിറ്റി കൺവീനർ ആയിരുന്നു. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ആദ്യകാല നേതാക്കന്മാരും ജയിലിൽ നിന്നു പുറത്തുവന്ന ആർ. സുഗതൻ അടക്കമുള്ള നേതാക്കന്മാരും പണിമുടക്കം പിൻവലിക്കാൻ അഭ്യർത്ഥിച്ചു. സമരം നിർത്തിവയ്ക്കില്ലെന്നു പി.ജി. പത്മനാഭൻ പ്രസ്താവന പുറപ്പെടുവിച്ചു. ചന്ദ്രസേനന്റെ അച്ഛൻ തമ്പിയും ചന്ദ്രസേനനും പിജിയോടൊപ്പമായിരുന്നു.
അച്ഛനെ അന്വേഷിച്ച് പൊലീസ് വീട്ടിൽ വന്നു. സമരം അവസാനിച്ചപ്പോൾ കമ്പനിയിലെ ജോലിയും പോയി. ഏതാനും മാസം കഴിഞ്ഞു മാത്രമേ ബോംബെ കമ്പനിയിൽ ജോലി കിട്ടിയുള്ളൂ. അവിടെ നിന്നും പിന്നീട് ആസ്പിൻവാൾ കമ്പനിയിൽ പോയി. അവിടെ ജോലി ചെയ്യുമ്പോഴാണ് സെലീറ്റ സമരം നടന്നതും, മുൻകാല പ്രാബല്യത്തോടെ കൂലി വർദ്ധന ഒത്തുതീർപ്പിലായതും.
1945-ൽ രാജവാഴ്ച അവസാനിപ്പിക്കുന്നതിനുള്ള ആഹ്വാനവുമായി നിരോധനം ലംഘിച്ച് പ്രസംഗിക്കുകയും പൊലീസ് വലയം ഭേദിച്ച് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയി. അക്കാലത്തു തൃപ്പുണ്ണിത്തുറയിൽവച്ച് രാഷ്ട്രീയവിദ്യാഭ്യാസ അധ്യാപകർക്ക് പി. കൃഷ്ണപിള്ള മുൻകൈയെടുത്ത് പരിശീലനം നൽകിയിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് ക്യാമ്പുകളിലെ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ചുമതലക്കാരൻ ചന്ദ്രസേനൻ ആയിരുന്നു.
ഒളിവിലിരിക്കെ ചേർത്തലയിൽ പിടിയിലാവുകയും ചേർത്തല, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ ജയിൽ സമരത്തിൽ പൊലീസുമായി ഏറ്റുമുട്ടി. തുടർന്ന് ശിക്ഷ കഴിഞ്ഞും ജയിലിൽ കഴിയേണ്ടി വന്നു. ചാല ലോക്കപ്പിലും കുതിരാലയം ജയിലിലും അടയ്ക്കപ്പെട്ടു. ജയിൽ സമരക്കേസിൽ കോടതി വെറുതേവിട്ടു. സ്വാതന്ത്ര്യസമരസേനാനിക്കുള്ള താമ്രപത്രം ലഭിച്ചിട്ടുണ്ട്.
ഭീകരമായ മർദ്ദനങ്ങളുടെ മുറിവുകൾ എം.ടി. ചന്ദ്രസേനൻ പില്ക്കാല ജീവിതംമുഴുവൻ പേറേണ്ടിവന്നു. സഖാവിന്റെ വലതുകൈയുടെകുഴ തോളിൽനിന്നു വിട്ടുപോകുമായിരുന്നു. വികാരാധീനനായി കൈയുയർത്തി സംസാരിക്കുന്ന സന്ദർഭങ്ങളിൽ ഇതു സംഭവിക്കാം. കുഴതെറ്റുന്ന കൈ സ്വയം ഇടതുകൈകൊണ്ട് പിടിച്ച് നേരെയിടുമായിരുന്നു. അവസാന നാലഞ്ച് വർഷങ്ങളിൽ ശബ്ദത്തിനും ഇടർച്ചയുണ്ടായി.
സാഹിത്യഭംഗിയിൽ രാഷ്ട്രീയം എഴുതുന്നതിന് പ്രത്യേക വൈഭവം ഉണ്ടായിരുന്നു. ചന്ദ്രസേനന്റെ “പുന്നപ്ര വയലാർ ജ്വലിക്കുന്ന അധ്യായം” എന്ന ഗ്രന്ഥം ഇത്തരത്തിലൊരു ക്ലാസിക്കലാണെന്നു പറയാം. “മുനിസിപ്പൽ ഭരണം”, “ടി.വി. തോമസിന്റെ ജീവചരിത്രം”, “രണാങ്കണത്തിലെ യോദ്ധാക്കൾ” എന്നിവയാണ് മറ്റു ഗ്രന്ഥങ്ങൾ. കയർ വ്യവസായത്തെക്കുറിച്ചും കയർ നെയ്ത്ത് സങ്കേതങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് ഉണ്ടായിരുന്നു. വലിയചുടുകാട് സ്മാരകം ഇന്നത്തെ രീതിയിൽ രൂപകല്പന ചെയ്യുന്നതിൽ ചന്ദ്രസേനന് വലിയപങ്കുണ്ട്.
24 വർഷം ആലപ്പുഴ നഗരസഭാ അംഗമായിരുന്നു. പ്രഥമ ജില്ലാ കൗൺസിൽ അംഗവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, സെക്രട്ടറിയേറ്റംഗം, കേരള സ്പിന്നേഴ്സ് യൂണിയൻ പ്രസിഡന്റ്, കയർഫെഡ് വൈസ് ചെയർമാൻ, എഐടിയുസി സംസ്ഥാന കൗൺസിൽ രക്ഷാധികാരി, ബോട്ട്ക്രൂ അസോസിയേഷൻ ജനറൽ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, അമ്പലപ്പുഴ കയർ മാറ്റ് ആൻഡ് മാറ്റിംങ്സ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സരസ്വതി. മക്കൾ: ജയപാലൻ, ജയശ്രീ, ജയകുമാരി, ഉഷാകുമാരി, ജയകുമാർ. ഇളയ മകൻ ജയകുമാറിനേടൊപ്പം ഇരവുകാടായിരുന്നു താമസം. വാഹനാപകടത്തിൽ വീണു പരിക്കേറ്റത്തിനെതുടർന്ന് 2004 ആഗസ്റ്റ് 16-ന് അന്തരിച്ചു.