എച്ച്.കെ. ചക്രപാണി
1942-ൽ പൂനയിൽ മിലിട്ടറി സർവ്വീസിലായിരിക്കുമ്പോൾ കോൺഗ്രസ് സമ്മേളനം കേൾക്കാൻ പോയി. തുടർന്ന് മിലിട്ടറി പൊലീസ് കേസെടുത്തു. ഒരുമാസക്കാലം കോർട്ട് യാർഡിൽ കിടക്കേണ്ടി വന്നു. ബ്രട്ടീഷ് സൈന്യത്തിൽ ബർമ്മയിലും മറ്റും സേവനമനുഷ്ടിച്ചു. 1946-ൽ നിർബന്ധ പിരിച്ചുവിടലിന് അപേക്ഷിച്ച് നാട്ടിൽ തിരിച്ചുവന്നു.
തിരികെ വന്ന എച്ച്.കെ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു.പുന്നപ്ര-വയലാർ സമരത്തിനു മുന്നോടിയായി കർഷകത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും അതുപോലെ വിവിധ യൂണിയനുകളിൽ പ്രവർത്തിക്കുന്നവരുടെ ഐക്യവേദിയായി വാർഡുകളിൽ ട്രേഡ് കൗൺസിലുകൾ രൂപീകരിക്കുന്നതിൽ പങ്കാളിയായി. സമരവോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിനുള്ള ചുമതല എച്ച്.കെയ്ക്ക് ആയിരുന്നു. പട്ടാളത്തിലെ പരിശീലനവും ചിട്ടയും ഇതിനു പ്രയോജനപ്പെട്ടു.
പുന്നപ്രയിലെ മെയിൻ ക്യാമ്പായ പനയ്ക്കൽ ക്യാമ്പിന്റെ ക്യാപ്റ്റനായിരുന്നു. വെടിവയ്ക്കുന്നുവെങ്കിൽ പെട്ടെന്നു കമിഴ്ന്ന് കിടന്ന് തലപൊക്കാതെ മുന്നോട്ടു നീങ്ങുക. കൈയിലെ കുന്തം കൊണ്ട് കഴിയുമെങ്കിൽ ശത്രുവിനെ കുത്തുക. ഇതായിരുന്നു പരിശീലനം. അന്നത്തെ തോക്ക് 303 ആയിരുന്നതിനാൽ 18 ഇഞ്ചിനു മുകളിൽകൂടിയേ അമ്മ്യൂണീഷൻ പോകുമായിരുന്നുള്ളൂ. താഴെക്കിടന്നാൽ മിക്കവാറും വെടിയുണ്ടയിൽ നിന്നു രക്ഷപ്പെടാം. സ്റ്റേഷൻ ആക്രമണത്തിനു പോയപ്പോൾ മരണമുണ്ടാകാം. ഭയമുള്ളവർ പോകേണ്ടായെന്നു പറഞ്ഞെങ്കിലും പിന്തിരിയാൻ ഒരാളും കൂട്ടാക്കിയില്ല.
ആക്രമണം കഴിഞ്ഞ് വീട്ടിൽ എത്തിയശേഷം സംഭവസ്ഥലത്തേക്കു വീണ്ടും തിരിച്ചുപോയി. ആ പ്രദേശം മുഴുവൻ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. മരിക്കാത്തവരെ ബയണറ്റുകൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഒൻപത് ദിവസത്തിനുശേഷം പൊലീസ് പിടിയിലായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണക്കേസിലെ രണ്ടാമത്തെ പ്രതിയായിരുന്നു. ഒന്നേകാൽ കൊല്ലം സബ് ജയിലിലും പിന്നീട് സെൻട്രൽ ജയിലിലുമായി 10 വർഷം ശിക്ഷ അനുഭവിച്ചു.
പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിനു വിധേയനായി. മർദ്ദനത്തിൽ മാംസം അടർന്ന് ദുർഗന്ധപൂർണ്ണമായ വൃണമായി. 1949-ലെ സമരവാർഷികത്തിന് ജയിലിലെ കലാപത്തിലും പങ്കാളിയായി. എച്ച്കെ 1955 ജനുവരി 27-ന് ജയിൽ മോചിതനായി.
തുടർന്നു ദീർഘകാലം ആലപ്പുഴ മോഡേൺ ഏജൻസീസ് കയർ ഫാക്ടറി ജീവനക്കാരനായിരുന്നു. ആലപ്പി കയർ മാറ്റ്സ് സൊസൈറ്റി പ്രസിഡന്റായും ആലപ്പി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ജില്ലാ ഭാരവാഹിയായും സ്വതന്ത്ര്യസമരസേനാനി സംഘടനയുടെ ജില്ലാ ഭാരവാഹിയായും സേമനമനുഷ്ടിച്ചു. സിപിഐ(എം) പുന്നപ്ര ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. മരിക്കുമ്പോൾ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
പുന്നപ്ര ഹനുമാൻ പറമ്പിൽ വീട്ടിൽ ———-ൽ ജനനം. ——ൽ അന്തരിച്ചു. സഹോദരൻ തങ്കപ്പൻ പുന്നപ്രയിൽ രക്തസാക്ഷിയായി. ഭാര്യ: സാവിത്രി. മക്കൾ: ധനപാലൻ, ലൈലമ്മ, ആശാദേവി.