എസ്.എൽ പുരം സദാനന്ദൻ
മാരാരിക്കുളം വെടിവയ്പ്പ് സംബന്ധിച്ച് വസ്തുനിഷ്ഠവും അതോടൊപ്പം വൈകാരികവുമായ അനുഭവവിവരണം എസ്.എൽ പുരം സദാനന്ദന്റേതാണ്.
കഞ്ഞിക്കുഴി കാക്കരവീട്ടിൽ നാരായണന്റെയും കാര്‍ത്യായനിയുടെയും മകനായി 1926 ഏപ്രില്‍ 15-ന് സദാനന്ദൻ ജനിച്ചു.വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നല്ല സാഹിത്യവാസനയുണ്ടായിരുന്ന എസ്.എല്‍.പുരം പാര്‍ട്ടി സമ്മേളനങ്ങളില്‍ പാട്ടുകളെഴുതിയും ഏകാങ്കനാടകങ്ങള്‍ അവതരിപ്പിച്ചും ശ്രദ്ധ നേടി. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്തായി.ആർ. സുഗതന്റെ പ്രോത്സാഹനത്തിൽ നാടകരചനാരംഗത്തേക്കു കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും തന്റെ നാടകങ്ങളുടെ വിഷയമാക്കി. പി. കൃഷ്ണപിള്ളയെ നേരിട്ടു പരിചയപ്പെട്ടിരുന്നു.
സമരകാലത്ത് കണ്ണാർക്കാട് ക്യാമ്പുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ഓഫീസ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും മറ്റുമായിരുന്നു ചുമതല. ഒക്ടോബർ 24-ന് പട്ടാളനീക്കം തടയുന്നതിന് ആലപ്പുഴ – ചേർത്തല റോഡിലെ മാരാരിക്കുളം പാലം പൊളിക്കുന്നതിനുള്ള നിർദ്ദേശം ക്യാമ്പിൽ ലഭിച്ചു. അന്നു രാത്രി തന്നെ വലിയൊരു സംഘം വോളന്റിയർമാർ മൂന്നു മണിക്കൂർകൊണ്ട് പാലം പൊളിച്ചു തോട്ടിൽ തള്ളി. പിറ്റേന്നു കാലത്ത് പട്ടാളം ഗർഡറുകൾ ഉപയോഗിച്ച് പാലം പുനസ്ഥാപിച്ചു. സമരക്കാർ പുതിയ പാലവും പൊളിച്ചു.
പിറ്റേന്ന് വീണ്ടും പട്ടാളക്കാർ പാലം പുനർനിർമ്മിക്കാൻ ആരംഭിച്ചു. പ്രത്യക്ഷത്തിൽ ഒരു വണ്ടിയും ഏതാനും പട്ടാളക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളെ വിവരങ്ങൾ ശേഖരിക്കാൻ സ്കൗട്ടുകളായി നിശ്ചയിച്ചിരുന്നു. അവർ നൽകിയ പ്രത്യക്ഷ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പട്ടാളക്കാരെ ആക്രമിക്കുന്നതിനും പട്ടാള വണ്ടി തീയിടുന്നതിനും വോളന്റിയർമാർ മുന്നോട്ടുനീങ്ങി. ഈ സംഘത്തോടൊപ്പം തീയിടാനുള്ള തീപ്പെട്ടിയുമായി എസ്.എൽ. പുരവും നീങ്ങി. എന്നാൽ മരത്തിനു മുകളിലും ചുറ്റുപാടുമുള്ള ഒഴിഞ്ഞ വീടുകളിലും മറ്റും ഒളിച്ചിരുന്ന പട്ടാളം വോളന്റിർമാർക്കുനേരെ വെടിയുതിർത്തു. ആറുപേർ അവിടെത്തന്നെ മരിച്ചുവീണു. അവരെ പാലത്തിനടിയിൽതന്നെ പട്ടാളം മറവു ചെയ്തു.
ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. 60 നാടകങ്ങൾ, 135 തിരക്കഥകൾ, ചെമ്മീൻസിനിമയുടെ തിരക്കഥാകൃത്ത്, അഗ്നിപുത്രി, കാവ്യമേള എന്നിവയുടെ തിരക്കഥയ്ക്ക്ദേശീയ അവാർഡ്, കൽപ്പന തീയറ്റേഴ്സിന്റെയുംസൂര്യസോമ തീയറ്റേഴ്സിന്റെയും സ്ഥാപകൻ, മലയാളത്തിൽഏറ്റവുമധികം പ്രേക്ഷകർ ആസ്വദിച്ച നാടകമായ കാട്ടുകുതിരയുടെ സംവിധായകൻ.
മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു.കമ്മ്യുണിസ്റ്റ് പാർട്ടിയുടെഭിന്നിപ്പിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.2005 സെപ്റ്റംബര്‍ 16-ന് അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: ജയസൂര്യ, ജയസോമ. ജയസൂര്യ ചലച്ചിത്ര സംവിധായകനാണ്.