എസ്. കുമാരൻ
സിപിഐയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായിരുന്ന എസ്. കുമാരൻ സമരനേതാക്കളിൽ പ്രമുഖനായിരുന്നു. കുമാരനെപ്പോലെ ജ്യേഷ്ഠൻ ദാമോദരനും പാർടിയിൽ സജീവമായിരുന്നു.
ഇരുവരെയും നാട്ടുകാരും സുഹൃത്തുക്കളും “എസ്” എന്നാണു വിളിക്കുക. അവരുടെ വീട് പാർടി കേന്ദ്രമായി. ഇ.കെ. നായനാർ അടക്കം ഒട്ടനവധി പ്രമുഖർ അവിടെ ഒളിവിൽ താമസിച്ചിട്ടുണ്ട്.
1924 ഏപ്രിൽ 3-ന് ആര്യാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊച്ചുതകിടി വീട്ടിൽ കൊച്ചുപാറുവിന്റെയും കിട്ടച്ചന്റെയും മകനായാണ് എസ്. കുമാരന്റെ ജനനം.വളഞ്ഞവഴിക്കൽ സ്കൂളിൽ നാലാംക്ലാസ് വരെ പഠിച്ചു. തുടർന്ന് മൂന്നു വർഷം സംസ്കൃതവും പഠിച്ചു. പിന്നെ അച്ഛനോടൊപ്പം ആദ്യം എമ്പയർ കയർ ഫാക്ടറിയിലും പിന്നീട് വില്യം ഗുഡേക്കറിലുംജോലിക്കു കയറി.
കുമാരൻ ഫാക്ടറിയിൽ ജോലി തുടങ്ങിയപ്പോൾ 15 വയസ്സുള്ള ബാലനായിരുന്നു. അതുകൊണ്ട് തൊഴിലാളി ബാലജന സഖ്യത്തിലാണു ആദ്യം പ്രവർത്തനം തുടങ്ങിയത്. ആര്യാടുള്ള വായനശാലകളിലും സജീവമായിരുന്നു. അറിയപ്പെടുന്ന ട്രേഡ് യൂണിയൻ പ്രവർത്തകനായി. 1938-ൽ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിൽ യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പ്രതിഷേധിക്കുന്നതിനു പൊലീസ് സ്റ്റേഷനു മുന്നിൽ തൊഴിലാളികൾ തടിച്ചുകൂടി. പൊലീസ് ലാത്തിച്ചാർജ്ജിൽ ബാവ രക്തസാക്ഷിയായി. ആലപ്പുഴയിൽ നിരോധനാജ്ഞ ഉണ്ടായിരുന്നതുകൊണ്ട് കഞ്ഞിക്കുഴിയിൽ നടന്ന അനുശോചനയോഗത്തിൽ കുമാരനും പങ്കെടുത്തിരുന്നു. സി.എസ്.പി ഗ്രൂപ്പിൽ അംഗമായി. 1939-ൽ കമ്മ്യൂണിസ്റ്റ് പാർടി സെൽ അംഗമായി. സെൽ സെക്രട്ടറിയായി. 1941 മുതൽ മുഴുവൻ സമയ പ്രവർത്തകനായി.
പുന്നപ്ര-വയലാർ സമരത്തിൽ അമ്പലപ്പുഴ താലൂക്കിൽ ട്രേഡ് കൗൺസിലുകൾ കെട്ടിപ്പടുക്കാൻ കുമാരനെയാണ് നിയോഗിച്ചത്. സമരത്തിനുശേഷം അറസ്റ്റ് വാറന്റ് ഉണ്ടായപ്പോൾ ഒളിവിൽപ്പോയി. ആദ്യം കൊട്ടാരക്കര കേന്ദ്രമാക്കി എം.എൻ. ഗോവിന്ദൻ നായരും, പി.എ. സോളമനും, എസ്. കുമാരനും പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്തു. വെട്ടിക്കവലയിൽ വച്ച് പാർടിയുടെ രഹസ്യസമ്മേളനം വിളിച്ചു ചേർത്തു. എംഎൻ അറസ്റ്റ് ചെയ്യപ്പെട്ടതോടെ വെട്ടിക്കവലയിലെ സങ്കേതത്തിൽ നിന്ന് ആലപ്പുഴയിലേക്കു തിരിച്ചുവന്നു. പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനു നേതൃത്വപരമായ പങ്കുവഹിച്ചു.
1947-ൽ തിരുവിതാംകൂറിലെ പാർടിയുടെ നിരോധനം നീങ്ങിയപ്പോൾ ആലപ്പുഴയിൽവച്ച് തിരുവിതാംകൂർ പാർടിയുടെ സമ്മേളനം ചേർന്നു. സ്വാഗതസംഘത്തിന്റെ സെക്രട്ടറി എസ്. കുമാരൻ ആയിരുന്നു. സമ്മേളനം തെരഞ്ഞെടുത്ത കെ.സി. ജോർജ്ജ് പ്രസിഡന്റും, പി.ടി. പുന്നൂസ് സെക്രട്ടറിയും ആയുള്ള 36 അംഗ കമ്മിറ്റിയിൽ എസ്. കുമാരനും അംഗമായിരുന്നു. കൽക്കട്ട തിസീസ് കാലത്ത് അരൂർ മുതൽ തോട്ടപ്പള്ളി വരെയുള്ള പ്രദേശത്തെ വിമോചിപ്പിക്കുന്നതിനുള്ള ഏരിയാ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നോർത്ത് പൊലീസ് സ്റ്റേഷനു മുമ്പാകെ നടത്തിയ പ്രകടനത്തിനുനേരെ വെടിവയ്പ്പുണ്ടായി. ജനാർദ്ദനൻ രക്തസാക്ഷിയായി.
ഇതോടെ കുമാരനെ അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തീവ്രവായി. അക്കാലത്ത് ഒരു പ്രദേശത്തെയാകെ പൊലീസ് ചുറ്റിവളഞ്ഞാണ് പരിശോധന നടത്തുക. വേഷപ്രച്ഛന്നനായ എസ്. കുമാരൻ ഇത്തരം റൗണ്ട് അപ്പുകളിൽ നിന്നും രക്ഷപ്പെട്ടതിന്റെയും പിന്നീട് ഒന്നിൽ കുമാരപ്പണിക്കരെ രക്ഷപ്പെടുത്താനായെങ്കിലും എസ്. കുമാരൻ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെയും ഭീകരമായ മർദ്ദനത്തിന്റെയുംജയിൽവാസത്തിന്റെയും കഥ തോപ്പിൽ ഭാസി വിവരിക്കുന്നുണ്ട്.
1951-ൽ ജയിൽ മോചിതനായ എസ്. കുമാരൻ ട്രേഡ് യൂണിയൻ രംഗത്താണു കേന്ദ്രീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടിരുന്നെങ്കിലും 1952-ൽ ആലപ്പുഴ ഭഗവതിവിലാസം തിയേറ്ററിൽവച്ച് സംസ്ഥാന കൺവെൻഷൻ നടന്നു. പൊലീസ് തിയേറ്റർ വളഞ്ഞ് പ്രമുഖരെ അറസ്റ്റ് ചെയ്തു. ഇതിന്റെ ഫലമായി 8 മാസം ജയിലിലിൽ കിടക്കേണ്ടി വന്നു. സംസ്ഥാന രൂപീകരണത്തിനുശേഷം രൂപംകൊണ്ട സംസ്ഥാന കൗൺസിലിൽ എസ്. കുമാരൻ പാർട്ടി സെക്രട്ടറിയേറ്റിൽ വന്നു. 1954 മുതൽ സംസ്ഥാന പാർട്ടി കേന്ദ്രത്തിന്റെ ചാർജ്ജ് വഹിച്ചുകൊണ്ട് തിരുവനന്തപുരത്ത് പ്രവർത്തിച്ചു.
1960-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്തു നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 1965-ൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി. 1968-ൽ സെക്രട്ടറിയുമായി. 1971-ലെ സിപിഐ ഒൻപതാം പാർട്ടി കോൺഗ്രസിൽ നാഷണൽ കൗൺസിൽ സെക്രട്ടറിമാരിൽ ഒരാളായി. 1972 മുതൽ 12 വർഷക്കാലം രാജ്യസഭാ അംഗമായിരുന്നു. ഹൃദ്രോഗബാധയെത്തുടർന്ന് ചികിത്സയ്ക്കും ഔദ്യോഗിക സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ടി സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.
എതിർക്കുന്നത് ആരുമാകട്ടെ, എന്തിനുമാകട്ടെ അതെല്ലാം പരമാവധി പ്രതിപക്ഷ ബഹുമാനത്തോടെയും ക്ഷമയോടുകൂടിയും കേൾക്കുകയെന്നുള്ളത് എസ്. കുമാരന്റെ ശീലമായിരുന്നു. വിജ്ഞാനദാഹിയും കലാ-സാഹിത്യ രംഗങ്ങളിലെ തികഞ്ഞ ആസ്വാദകനുമായിരുന്നു. ആഴത്തിലുള്ള വായനയും പഠനവും അദ്ദേഹത്തിന്റെ വളർച്ചയ്ക്കു പിന്നിലെ ഒരു പ്രധാന ഘടകമാണ്.
1968-ൽ രജിസ്ട്രേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന ശാന്താംബികയെ വിവാഹം കഴിച്ചു. അവർക്ക് സന്തോഷ്, സീന, ലീന എന്നിങ്ങനെ മൂന്ന് മക്കൾ.രാജ്യസഭാ കാലാവധി തീരുകയും അനാരോഗ്യത്തെത്തുടർന്ന് സെക്രട്ടറിസ്ഥാനം ഒഴിയുകയും ചെയ്തശേഷം നാട്ടിലേക്കു മടങ്ങി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. എങ്കിലും നാഷണൽ കൗൺസിൽ അംഗമായി തുടർന്നു. 1991-ൽ എസ്. കുമാരൻ അന്തരിച്ചു.