എസ്.കെ. ദാസ്
കുട്ടനാട്ടിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിൽ ഒരാളായ എസ്.കെ. ദാസ് പുന്നപ്ര-വയലാർ സമരത്തിലെയും പോരാളിയായിരുന്നു. യഥാർത്ഥത്തിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റമാണ് വയലാർ പ്രദേശത്തെ കർഷകത്തൊഴിലാളികളുടെ ഉയർത്തെഴുന്നേൽപ്പിനു പ്രചോദനമായത്.
തത്തംപള്ളിയിൽ കണ്ടത്തിൽ വീട്ടിൽ 1917-ൽ ജനിച്ചു. യൂണിയൻ പ്രവർത്തകനായി. 1938-ലെ പണിമുടക്കു കാലത്ത് വി.കെ. പുരുഷോത്തമനും വി.കെ. പത്മനാഭനും എസ്.കെ. ദാസിന്റെ പള്ളാത്തുരുത്തിയിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇതു വേദിയൊരുക്കി. ജയിലിൽ നിന്നു പുറത്തുവന്ന കൊല്ലം ജോസഫും ഇതേ അഭിപ്രായക്കാരനായിരുന്നു. അങ്ങനെ 1939-ൽ എസ്.കെ. ദാസ് നോട്ടീസ് എഴുതി ചെറുകായലിൽ കർഷകത്തൊഴിലാളികളുടെ ഒരു യോഗം വിളിച്ചു ചേർത്തു. പുതിയ കമ്മിറ്റിയുടെ സെക്രട്ടറി എസ്.കെ. ദാസ് ആയിരുന്നു.
ആലപ്പുഴയിൽ നിന്ന് ഒട്ടേറെ കയർ ഫാക്ടറി തൊഴിലാളികൾ കുട്ടനാട്ടിലേക്കു നിയോഗിക്കപ്പെട്ടു. ഒരു ഫാക്ടറിയിൽ നിന്ന് ഒന്നോ രണ്ടോ തൊഴിലാളികൾ പ്രവർത്തനത്തിനായി കുട്ടനാട്ടിലേക്കു പോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരെല്ലാംകൂടി അവരുടെ കൂലിയിൽ നിന്നൊരു ഭാഗം കുട്ടനാട്ടിൽ പ്രവർത്തിക്കാൻ പോയവരുടെ വീടുകളിൽ എത്തിക്കുമായിരുന്നു.
കുട്ടനാട്ടിലെ കൃഷിയുടെ പ്രത്യേകതമൂലം നൂറും അഞ്ഞൂറും തൊഴിലാളികൾ ഒരുമിച്ച് ഒരു പാടശേഖരത്തിൽ പണിയെടുക്കുമായിരുന്നു. ഈ സാഹചര്യവും നടമാടിയിരുന്ന ഫ്യൂഡൽ ക്രൂരതകളുംമൂലം സമരങ്ങളും യൂണിയനും അതിവേഗത്തിൽ പടർന്നുപിടിച്ചു. കർഷകത്തൊഴിലാളികളെ മനുഷ്യരായിപ്പോലും പരിഗണിക്കാൻ ജന്മിമാർ വിസമ്മതിച്ചിരുന്നു. ഈ കൊടിയ ദുരിതങ്ങളിൽനിന്ന് വിമുക്തരാകാനും മനുഷ്യരെപ്പോലെ ജീവിക്കാനും കർഷകത്തൊഴിലാളികളിൽ അടക്കിപ്പിടിച്ചിരുന്ന വികാരവും ആവേശവും ആലപ്പുഴയിൽ നിന്നുള്ള സംഘാടകർ തൊട്ടുണർത്തി. കർഷകത്തൊഴിലാളികളുടെ ഇടയിൽ നിന്നും ധാരാളം പ്രവർത്തകർ ഉയർന്നുവന്നു. ജന്മിമാരുടെ മർദ്ദനവും കള്ളക്കേസും കുടിയിറക്കും ജോലി നിഷേധവുമെല്ലാം ചെറുക്കപ്പെട്ടു.
കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ പാട്ട് ഒരു മുഖ്യ ആയുധമായിരുന്നു. സാധാരണ നടുമ്പോഴും ചിലപ്പോൾ കൊയ്യുമ്പോഴും തൊഴിലാളികൾ കൂട്ടായി പാടുമായിരുന്നു. പരമ്പരാഗത പാട്ടുകളുടെ സ്ഥാനത്ത് വിപ്ലവ പാട്ടുകൾ കേട്ടുതുടങ്ങി. എസ്.കെ. ദാസ് എഴുതിയ “വേണ്ട വേണ്ട ദിവാൻ ഭരണം…” എന്ന പാട്ടിനു വലിയ പ്രചാരം ഉണ്ടായി. അതു നിരോധിച്ചപ്പോൾ പുതിയൊരു പാട്ട് എഴുതി “മതിയേ മതി മതി…”. ഇതും നിരോധിക്കപ്പെട്ടു.
വയലാർ മേഖലയിൽ സമരസേനാനികളിൽ കയർ തൊഴിലാളികളോടൊപ്പംതന്നെ വരുമായിരുന്നു കർഷകത്തൊഴിലാളികളുടെ എണ്ണവും. ഒളിവിൽ പോകുന്നവർക്ക് അഭയമൊരുക്കുകയും കിഴക്കൻ പ്രദേശങ്ങളിലേക്ക് ഒളിവിൽ പോകുന്നവർക്കു വഴിയൊരുക്കുകയും ചെയ്തത് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളായിരുന്നു.