എസ്. ദാമോദരൻ
ദാമോദരനെയും സഹോദരൻ കുമാരനെയും നാട്ടുകാരും സുഹൃത്തുക്കളും “എസ്” എന്നാണു വിളിച്ചിരുന്നത്. കുമാരന്റെ പ്രവർത്തനമണ്ഡലം തിരുവനന്തപുരത്തേക്കും പിന്നീട് ഡൽഹിയിലേക്കും മാറിയപ്പോൾ ദാമോദരന്റെ വിളിപ്പേരായി “എസ്” മാറി.
ആര്യാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊച്ചുതകിടി വീട്ടിൽ 1921-ൽ എസ്. ദാമോദരൻ ജനിച്ചു. അച്ഛൻ കിട്ടച്ചൻ കയർ തൊഴിലാളിയിരുന്നു. അമ്മ കൊച്ചുപാറു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കയർ ഫാക്ടറി തൊഴിലാളിയായി. പി. കൃഷ്ണപിള്ളയുമായിട്ടുള്ള ബന്ധമാണ് കമ്മ്യൂണിസ്റ്റ് പാർടിയിലേക്ക് ആകർഷിച്ചത്. 1939-ൽ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. പലപ്പോഴും കൃഷ്ണപിള്ളയുടെ താവളം കൊച്ചുതകിടി വീടായിരുന്നു.പി. കൃഷ്ണപിള്ള 1948-ൽ അന്തരിച്ചപ്പോൾ വലിയ ചുടുകാട്ടിലെ ചിതയ്ക്കു തീകൊളുത്താനുള്ള നിയോഗം എസ്. ദാമോദരന് ആയിരുന്നു.
പുന്നപ്ര-വയലാർ സമരത്തിനു മുമ്പ് നാട്ടിൻപുറങ്ങളിൽ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ട്രേഡ് കൗൺസിലുകൾക്കു രൂപം നൽകുന്നതിലായിരുന്നു എസ് വ്യാപരിച്ചിച്ചിരുന്നത്. ഓരോ പ്രദേശത്തിന്റെയും പൂർണ്ണമായ നിയന്ത്രണാധികാരം ട്രേഡ് കൗൺസിലുകൾക്കായിരുന്നു. യാത്രക്കാർക്കു തിരിച്ചറിൽ രേഖ നൽകുയും പരിശോധിക്കുകയും ചെയ്യാനുള്ള ചുമതല ഇവർക്കായിരുന്നു.
പാതിരപ്പള്ളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. അവിടെനിന്നു ശവക്കോട്ട പാലത്തിലേക്കുള്ള ജാഥ നയിച്ചു. വെടിവയ്പ്പിൽ ഒരാൾ മരിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായിരുന്നു. തുടർന്ന് ഒളിവിൽ പോയി. കുറച്ചുനാൾ മലബാറിലും ആയിരുന്നു. എന്നാൽ കൂടുതൽ വേളയിലും ആലപ്പുഴയിൽ തന്നെ ഒളിവിൽ പ്രവർത്തിക്കുകകയാണുണ്ടായത്.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി, ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറി, കയർ വർക്കേഴ്സ് സെന്ററിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇന്ത്യ-ചൈന യുദ്ധകാലത്ത് ഒന്നരവർഷം കരുതൽ തടങ്കലിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തും രണ്ടു വർഷം ജയിൽവാസം അനുഷ്ഠിച്ചു.
ആദ്യം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായും പീന്നീട് ആര്യാട് പഞ്ചായത്ത് രൂപംകൊണ്ടപ്പോൾ അതിന്റെ പ്രസിഡന്റായി 30 വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട്. ഓൾ കേരള പഞ്ചായത്ത് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു. മാരാരിക്കുളത്തു നിന്നും 1967 മുതൽ 1977 വരെ മൂന്നും നാലും കേരള നിയമസഭകളിൽ മാരാരിക്കുളം നിയോജക മണ്ഡലത്തിൽ നിന്നും അംഗമായിരുന്നു. കയർ കോർപ്പറേഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
2012 മാർച്ച് 30-ന് അന്തരിച്ചു. ഭാര്യ: ലളിതാംബിക. മക്കൾ: സോജ, സുനിൽ കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ.