എൻ.എസ്.പി പണിക്കർ
എൻ.എസ്.പി പണിക്കർ ആർ.എസ്.പി നേതാവായിട്ടാണ് അറിയപ്പെടുന്നതെങ്കിലും സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം ചേർത്തലയിലെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു.
ചേർത്തലയിലെ പ്രശസ്ത കണ്ണംതറ കുടുംബത്തിൽ ശങ്കുണ്ണി പണിക്കര്‍-ലക്ഷ്മി ദമ്പതികളുടെ മകനായി 1923-ല്‍ ജനിച്ചു.കണ്ടമംഗലം സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം ദേശീയപ്രസ്ഥാനത്തിലും തൊഴിലാളി യൂണിയനിലും പ്രവർത്തിച്ചു. 16-ാമത്തെ വയസില്‍ പിതാവിന്റെ കയര്‍ ഫാക്ടറിയിലെ തൊഴിലാളികളെ കൂലിക്കൂടുതലിനുവേണ്ടിസംഘടിപ്പിച്ചുകൊണ്ടായിരുന്നു തൊഴിലാളി പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്.എന്‍.എസ്. പത്മനാഭ പണിക്കര്‍ എന്നാണു മുഴുവൻ പേരെങ്കിലും എന്‍.എസ്.പി എന്നാണു വിളിപ്പേര്.
ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു.മലബാർ ലഹളയുടെ വാർഷികം പ്രമാണിച്ച് കളവങ്കോടം ക്ഷേത്ര മൈതാനത്തു ചേർന്ന യോഗത്തിൽ പണിക്കർ പ്രസംഗിച്ചു: “മലബാർ ലഹളയ്ക്കു വഴിയൊരുക്കിയ അതേ സാഹചര്യം ഇന്നു തിരുവിതാംകൂറിൽ ഉണ്ടായിരിക്കുന്നു. സായുധനകലാപംകൊണ്ടല്ലാതെ നമുക്കു രക്ഷയില്ല. എല്ലാവരും ആയുധമെടുത്തു വിപ്ലവത്തിനു തയ്യാറാവുക.”ഇതിനെത്തുടർന്ന് പണിക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. അങ്ങനെ പുന്നപ്ര-വയലാർ സമരം ആരംഭിക്കുന്നതിനു മുമ്പുതന്നെ പണിക്കർ തടങ്കലിലായി.
ചേർത്തല ലോക്കപ്പിൽ പിന്നീട് നടന്ന പൈശാചിക മർദ്ദനങ്ങൾക്കെല്ലാം ദൃക്സക്ഷിയായി. ചേർത്തല ലോക്കപ്പിലെ ഭീകരമർദ്ദനങ്ങളെ വിവരിക്കുന്നതിനു കെ.സി. ജോർജ്ജ് എൻ.എസ്.പി പണിക്കരുടെ സാക്ഷ്യമാണ് ഉപയോഗിക്കുന്നത്. ആദ്യം എൻ.എസ്.പി പണിക്കരെ മർദ്ദനത്തിൽനിന്നും ഒഴിവാക്കിയിരുന്നെങ്കിലും പിന്നീട് ഈ ഇളവ് ഇല്ലാതായി.
രണ്ടുവർഷം കഴിഞ്ഞ് 1948-ലെ കൽക്കട്ട തീസീസിനെത്തുടർന്ന് ചേർത്തലയിൽ നിന്ന് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് എൻ.എസ്.പിയെ ആയിരുന്നു. കൊടിയമർദ്ദനത്തെത്തുടർന്നു പണിക്കരെ ലോക്കപ്പിലേക്ക് എടുത്തിടുന്നതു കണ്ടവർ അദ്ദേഹം മരിച്ചെന്നു വിധിയെഴുതി. തിരുവനന്തപുരത്തേക്കു കൊണ്ടുപോയ എൻ.എസ്.പിയെക്കുറിച്ചു വിവരം ലഭിക്കാതെ വന്നപ്പോൾ കെ.സി. ജോർജ്ജിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു. ആശുപത്രിയിലായിരുന്ന എൻ.എസ്.പിയിൽ നിന്നും മരിച്ചിട്ടില്ലായെന്നാ സന്ദേശം ലഭിച്ചതിനെത്തുടർന്നാണു പ്രക്ഷോഭം അവസാനിപ്പിച്ചത്.
ആർ.എസ്.പിയുടെ ഉത്ഭവം മുതൽ പാർടിയിൽ പ്രവർത്തിച്ചിരുന്നു. ആർ.എസ്.പി ദേശീയസമിതി അംഗവും17 കൊല്ലക്കാലം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ആയിരുന്നു. ജില്ലയിലെ ഇടതുമുന്നണി ലെയ്സൺ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. മാരാരിക്കുളത്തുനിന്നും കായംകുളത്തുനിന്നും രണ്ടുതവണ നിയമസഭയിലേക്കു മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.
ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു ആഴത്തിലുള്ള സാംസ്കാരികമാനവും ഉണ്ടായിരുന്നു. വയലാർ രാമവർമ്മയുടെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായിരുന്നു. 1994 നവംബർ 27-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: ബൈജു, ബിന്ദു. സമരസേനാനി എൻ.എസ്. സുരേന്ദ്രൻ സഹോദരനാണ്.