എൻ.കെ. അയ്യപ്പൻ
മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ അതിർത്തിയിലെ ആക്ഷൻ കൗൺസിൽ കൺവീനർ ആയിരുന്നു സഖാവ് മുഹമ്മ അയ്യപ്പൻ എന്നറിയപ്പെടുന്ന എൻ.കെ. അയ്യപ്പൻ.
മുഹമ്മയ്ക്ക് തെക്കുവശമുള്ള പൊന്നാട് നരിയന എന്ന കർഷകത്തൊഴിലാളി കുടുംബത്തിലാണ് അയ്യപ്പൻ ജനിച്ചത്. മലയാളം രണ്ടാംക്ലാസ് വരെ പഠിച്ചു. പന്ത്രണ്ടാമത്തെ വയസിൽ തന്റെ രണ്ട് ജ്യേഷ്ഠന്മാരോടൊപ്പം മുഹമ്മയിലെ വില്യം ഗുഡേക്കർ കമ്പനിയിൽ ജോലിക്കു പ്രവേശിച്ചു.
1933-ൽ മുഹമ്മയിലെ ആദ്യത്തെ വായനശാലയായ തൊഴിലാളി വായനശാല സ്ഥാപിക്കുന്നതിനു മുൻകൈയെടുത്തു. സി.കെ. കരുണാകര പണിക്കരെ വായനശാല പ്രസിഡന്റാക്കുന്നതിനു മുൻകൈയെടുത്തത് എൻ.കെ. അയ്യപ്പനായിരുന്നു.ഒരുവർഷം പിന്നിട്ടപ്പോഴേക്കും വായനശാലയോടനുബന്ധിച്ച് നിശാപാഠശാലയും അതിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്കുള്ള ക്ലാസുകളും ആരംഭിച്ചു. അയ്യപ്പൻ ജോലി കഴിഞ്ഞു കിട്ടുന്ന സമയവും, ചിലപ്പോൾ ജോലി ഉപേക്ഷിച്ചും ക്ലാസുകളിൽ പങ്കെടുത്തു. അങ്ങനെ ഈ മലയാളം രണ്ടാം ക്ലാസുകാരൻ മൂന്നു ഭാഷകളിലും എഴുതാനും വായിക്കാനും കഴിയുന്നൊരു നേതാവായി വളർന്നു.1936-ൽ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ഒരു ബ്രാഞ്ച് മുഹമ്മയിൽ സ്ഥാപിതമായി. ഇതിന്റെ ആസ്ഥാനവും വായനശാല കെട്ടിടത്തിൽ പ്രത്യേക മുറിയിൽ ആയിരുന്നു. 1938-ലെ ട്രേഡ് യൂണിയൻ ആക്ട് പാസ്സായപ്പോൾ അതിനു കീഴിൽ മുഹമ്മ കയർ വർക്കേഴ്സ് യൂണിയൻ 2-ാം നമ്പരായി രജിസ്റ്റർ ചെയ്തു. യൂണിയൻ പ്രവർത്തകരായ എൻ.കെ. അയ്യപ്പനും പി.കെ. നാരായണനും അടക്കമുള്ള ചില തൊഴിലാളികൾക്കെതിരെ വില്യം ഗുഡേക്കർ മാനേജ്മെന്റ് നടപടി സ്വീകരിച്ചതിനെതിരെയായിരുന്നു യൂണിയന്റെ ആദ്യത്തെ സമരം. സമരം വിജയിച്ചു. നടപടികൾ പിൻവലിച്ചൂവെന്നു മാത്രമല്ല, മൂപ്പുകാശും, കൈനീട്ടവും അവസാനിപ്പിച്ചു.
അതോടെ യൂണിയന്റെ പ്രവർത്തനം ശക്തിപ്പെട്ടു. മണ്ണഞ്ചേരി, കലവൂർ, ചേർത്തല, തെക്കുമുറി തുടങ്ങി ഇന്നത്തെ ആറ് പഞ്ചായത്ത് പ്രദേശങ്ങളിൽ യൂണിയൻ പ്രവർത്തനം വ്യാപിച്ചു. ഒരു മാസം അയ്യപ്പനടക്കം ചില സഖാക്കൾ അവധിയെടുത്തു പ്രവർത്തിച്ച് 6000 തൊഴിലാളികളെ യൂണിയനിൽ ചേർത്തു. ഇതിനു പിന്നാലെയാണ് 1938-ലെ പണിമുടക്ക് എത്തിയത്. ആ പണിമുടക്കം വിജയിപ്പിക്കുന്നതിൽ സുപ്രധാനപങ്ക് അയ്യപ്പൻ വഹിക്കുകയുണ്ടായി. തുടർന്ന് മുഴുവൻസമയ പ്രവർത്തകനായി. യൂണിയന്റെ സംഘടനാ സെക്രട്ടറി, ഖജാൻജി, സബ് ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയുണ്ടായി.
തൊഴിലാളി പ്രവർത്തനത്തോടൊപ്പം മുഹമ്മയിലെ പ്രാദേശിക കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ക്രമേണ രാഷ്ട്രീയപ്രവർത്തനമണ്ഡലം കോൺഗ്രസ് സോഷ്യലിസ്റ്റ് ഗ്രൂപ്പിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പാർടിയിലേക്കും മാറി. മുഹമ്മയിൽ രൂപംകൊണ്ട ആദ്യ പാർടി സെല്ലിന്റെ സെക്രട്ടറി എൻ.കെ. അയ്യപ്പൻ ആയിരുന്നു. അദ്ദേഹത്തിനു ലഭിച്ച സാമൂഹ്യ അംഗീകാരത്തിനൊരു തെളിവ് സി.കെ. കരുണാകര പണിക്കരോടൊപ്പം നാട്ടിലെ കേസുകളിൽ മധ്യസ്ഥം പറയുന്നതിൽ അയ്യപ്പനും ഒരു പ്രധാനിയായി തീർന്നതാണ്.
ആക്ഷൻകൗൺസിൽ കൺവീനറെന്ന നിലയിൽ 1946-ലെ സമരത്തിന്റെ സംഘടന, വോളന്റിയേഴ്സ്, ക്യാമ്പുകൾ, സമരതന്ത്രം എന്നിവയുടെ ചുമതല അയ്യപ്പൻ ഏറ്റെടുത്തു. അയ്യപ്പൻ ആക്ഷൻകൗൺസിൽ കേന്ദ്രത്തിൽ ഇരുന്ന് നേതൃത്വം നൽകണമെന്നായിരുന്നു പാർടി തീരുമാനം. ക്യാമ്പുകളും പ്രദേശിക കൗൺസിലുകളുമായും ബന്ധംവയ്ക്കുന്നതിനു പ്രത്യേക സഖാക്കളുടെ ഒരു സംഘത്തിനുതന്നെ രൂപം നൽകിയിരുന്നു. മാരാരിക്കുളം വെടിവയ്പ്പിനുശേഷം സമീപ ക്യാമ്പുകളിൽ ഉണ്ടായിരുന്ന സഖാക്കളെ തല്ക്കാലം മാറ്റിനിർത്താനുള്ള നിർദ്ദേശങ്ങൾ യഥാസമയം നൽകിയതുകൊണ്ട് പട്ടാളത്തിന് മുഹമ്മയിൽ വലിയ പരാക്രമം കാണിക്കാനായില്ല.
പട്ടാളഭരണം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ആക്ഷൻകൗൺസിൽ വിളിച്ചു ചേർത്ത് പ്രധാനപ്പെട്ട പ്രവർത്തകർ പൊലീസ് വലയത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ടു പുറത്തുകടക്കുന്നതിനു തീരുമാനമെടുത്തു. എന്നാൽ എൻ.കെ. അയ്യപ്പൻ മുഹമ്മയിൽ തന്നെ തുടർന്നു. ചാരമംഗലത്തുവച്ച് പൊലീസ് പിടിയിലകപ്പെട്ടു. വഴിനീളെ ഭീകരമായി മർദ്ദിച്ചാണ് ചേർത്തലയ്ക്ക് കൊണ്ടുപോയത്. കേസ് പിൻവലിച്ചതിന്റെ ഭാഗമായി അയ്യപ്പൻ ജയിൽമോചിതനായെങ്കിലും 1948-ൽ വീണ്ടും അറസ്റ്റു ചെയ്ത് ജയിലിലടച്ചു.
അഞ്ചാം കെട്ടിലായിരുന്നു സി ക്ലാസ് തടവുകാരായി 85 തടവുകാരെ പാർപ്പിച്ചിരുന്നത്. ഭൂരിപക്ഷവും പുന്നപ്ര-വയലാർ സമരസേനാനികളായിരുന്നു. “ജയിലുകൾ പൊളിച്ച് പുറത്തുവരാനു”ള്ള ആഹ്വാനത്തെത്തുടർന്ന് ജയിലിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. 1949-ലെ പുന്നപ്ര-വയലാർ രക്തിസാക്ഷി ദിനത്തിൽ ജയിലിൽ ചെങ്കൊടി ഉയർത്തുന്നതിനു തീരുമാനമെടുത്തു. രാവിലെ ജയിലിനു മുകളിൽ ചെങ്കൊടി പാറുന്നരംഗം പൊലീസിനെ രോഷാകുലരാക്കി. പൂർണ്ണ തയ്യാറെടുപ്പോടെ ഉച്ചകഴിഞ്ഞായിരുന്നു പൊലീസിന്റെ കടന്നാക്രമണം. പൊലീസുകാരെ ചെറുക്കുന്നതിനു മുന്നിൽ അയ്യപ്പൻ നിന്നു. ഓരോരുത്തരെയും മർദ്ദിച്ച് അവശരാക്കി. നിലത്തുവീണു കിടന്ന അയ്യപ്പന്റെ നെഞ്ചിൽ ഇടിയൻ നാരായണപിള്ള ബൂട്ടിട്ടു ചവിട്ടി. വാരിയെല്ല് പുറത്തേക്കു ചാടി.
വെള്ളത്തിനു പകരം ഉടുതുണിയിൽ പുരണ്ട ചുടുരക്തം ഊറ്റിക്കൊടുക്കാനേ സഖാക്കൾക്കു കഴിഞ്ഞുള്ളൂ. അയ്യപ്പൻ വീരചരമമടഞ്ഞു. എവിടെയാണ് മൃതദേഹം മറവുചെയ്തതെന്ന് ഇന്നും ആർക്കും അറിയില്ല.