എൻ.കെ. ഗോപാലൻ
പുന്നപ്ര-വയലാർ സമരത്തിനുശേഷമുള്ള ചെറുത്തുനിൽപ്പിന്റെ പ്രമുഖരിൽ ഒരാളായിരുന്നു എൻ.കെ. ഗോപാലൻ. ഒളിവിൽ കഴിയുന്ന സഖാക്കൾക്കു താവളമൊരുക്കുകയെന്നതായിരുന്നു മുഖ്യചുമതല.
ആലപ്പുഴബീച്ച് വാര്‍ഡില്‍ നടയില്‍ വടക്കേതില്‍ കുഞ്ഞുപണിയ്ക്കന്റെയും മാണിക്യയുടെയും മകനായി 1924 നവംബര്‍ 24-ന് ഗോപാലൻ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം നേടി.ഡാറാസ്മെയിലിലും ബോംബെ കമ്പനിയിലും ജോലി ചെയ്തു.
ആസ്പിൻവാൾ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ 1946-ലാണ് പാർടി അംഗമാകുന്നത്. എം.ടി. ചന്ദ്രസേനൻ ആയിരുന്നു ബ്രാഞ്ച് സെക്രട്ടറി. പാർട്ടി മെമ്പർഷിപ്പ് കിട്ടുംമുമ്പുതന്നെ ഫാക്ടറി കമ്മിറ്റി അംഗമെന്ന നിലയിൽ യൂണിയൻ ആഫീസുമായി സജീവബന്ധം പുലർത്തിയിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ആഫീസ് തൊഴിലാളികളുടെ മാത്രമല്ല ജനങ്ങളുടെയാകെ രക്ഷാകേന്ദ്രമായിട്ടാണു പ്രവർത്തിച്ചിരുന്നതെന്ന് എൻ.കെ. ഗോപാലൻ ഓർക്കുന്നു.എൻ.കെ. ഗോപാലൻ ആലപ്പി പോർട്ട് വർക്കേഴ്സ് യൂണിയന്റെ ആഫീസിലായിരുന്നു കൂടുതൽ സമയം ചെലവഴിച്ചിരുന്നത്.
പാർടിയിൽ ചേർന്ന് ആറുമാസം കഴിഞ്ഞപ്പോഴായിരുന്നു പുന്നപ്ര-വയലാർ സമരം. പൊതുപണിമുടക്കിന് രണ്ട് ദിവസം മുമ്പ് ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളികളുടെ യോഗം ഫാക്ടറിക്കുള്ളിൽ ചേർന്നു. തുലാം 7-ന് കടപ്പുറത്തുള്ള പോർട്ട് വർക്കേഴ്സ് യൂണിയൻ ആഫീസിൽ നിന്നും ഉദ്ദേശം 2000 പേരാണ് പുന്നപ്രയിലേക്കു മാർച്ചു ചെയ്തത്.
വെടിവയ്പ്പ് കഴിഞ്ഞപ്പോൾ ഗോപാലൻ ഇഴഞ്ഞ് പടിഞ്ഞാറുവശത്തുള്ള തോട്ടിലിറങ്ങി കടപ്പുറത്തുകൂടി നടന്നു വീട്ടിലെത്തി. പിറ്റേന്ന് രാവിലെ യൂണിയൻ ആഫീസിലേക്കു പോകുന്ന വഴി പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ പോകാനുള്ള നിർദ്ദേശം കിട്ടി. ആലുവ അലുമിനിയം കമ്പനിയിൽ തൊഴിലാളിയായിരുന്ന ജ്യേഷ്ഠന്റെ അടുത്തേക്കു പുറപ്പെട്ടു. അവിടെയും ശക്തമായ പൊലീസ് ബന്തവസായിരുന്നു. അതിനാൽ തിരിച്ച് ആലപ്പുഴയിലേക്കു നടന്നു. തുറവൂർവച്ച് പട്ടാളം പിടികൂടി വയലാറിലെ ക്യാമ്പിൽ എത്തിച്ചു. ആ സമയത്താണ് വിമാനത്തിൽ പട്ടാളഭരണം പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് വിതരണം നടക്കുന്നത്. ദൂരെ തുടർച്ചയായ പട്ടാള വെടിവയ്പ്പിന്റെ സ്വരവും കേൾക്കാമായിരുന്നു. എൻ.കെ. ഗോപാലനെയും കൂട്ടുകാരനെയും പട്ടാളക്കാർ തിരിച്ചറിഞ്ഞില്ല.
വയലാർ കൂട്ടക്കൊലയ്ക്കുശേഷം പട്ടാളക്കാർ എൻ.കെ. ഗോപാലനെ ആലപ്പുഴയിൽ കൊണ്ടുവന്നുവിട്ടു. തുടർന്നുള്ള ഒന്നരവർഷക്കാലം ആലപ്പുഴയിൽ തന്നെ ഒളിവിലായിരുന്നു. തുറമുഖത്തെ കൊടിപ്പാമരത്തിൽ ചെങ്കൊടി ഉയർത്തുന്നതിൽ പങ്കാളിയായി.
പോര്‍ട്ട് യൂണിയന്റെയും റബ്ബര്‍ ഫാക്ടറി യൂണിയന്റെയും ഭാരവാഹി, സിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിയംഗം, അവസാനനാളുകളിൽ ജില്ലാ കോടതി ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യസമര സേനാനി സമിതിയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: ദേവകി. മക്കൾ: ചെല്ലമ്മ, ലളിതാംബിക, കനകാംബിക, പ്രസേനൻ.