എൻ.കെ. രാഘവൻ
പുന്നപ്ര-വയലാർ സ്വാതന്ത്ര്യസമര സേനാനി സമിതി ജനറൽ സെക്രട്ടറി ആയിരുന്നു എൻ.കെ. രാഘവൻ. സമരകാലത്ത് ആര്യാട് പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
വലിയവീട്, കൈതത്തിൽ, ചാരുംപറമ്പ്, വിരുശ്ശേരി എന്നീ പ്രമുഖ ക്ഷേത്രങ്ങളുടെ മൈതാനങ്ങളിൽ നിന്നാണ് ഒക്ടോബർ 24-ന് തണ്ണീർമുക്കം – ആലപ്പുഴ റോഡിലൂടെയുള്ള വമ്പിച്ച പ്രകടനങ്ങൾ ആരംഭിച്ചത്. എൻ.കെ. രാഘവൻ വിരുശ്ശേരി ക്ഷേത്ര മൈതാനത്തു നിന്നും ആരംഭിച്ച പ്രകടനത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു. കോമളപുരം പാലം പൊളിച്ചും ടെലിഫോൺ കമ്പികൾ വെട്ടിമാറ്റിയും മാർഗ്ഗതടസ്സങ്ങൾ സൃഷ്ടിച്ചുമാണ് ഈ ജാഥ മുന്നേറിയത്.
1946 മുതൽ പത്തുവർഷക്കാലം പൊലീസ് അതിക്രമങ്ങളുടെയും മർദ്ദനങ്ങളുടെയും കാലഘട്ടമായിരുന്നു. ആലപ്പുഴയിൽ എഎസ്.പി മരിയാൻ ഭൂതം, പൊലീസ് ഇൻസ്പെക്ടർ പൊന്നയ്യ നാടാർ, സബ് ഇൻസ്പെക്ടർ സത്യനേശൻ എന്നിവരായിരുന്നു മർദ്ദകവീരന്മാർ. ആലപ്പുഴ സബ് ജയിലിൽ മർദ്ദനം അവസാനിപ്പിക്കുന്നതിനുവേണ്ടി നിരാഹാരസമരം ആരംഭിച്ചു. എൻ.കെ. രാഘവനേയും ഉമ്മർകുട്ടിയേയും തത്തംപള്ളി മേത്തശ്ശേരിൽ ജോസഫിനെയും റിസർവ്വ് പൊലീസ് ക്യാമ്പിൽ കൊണ്ടുപോയി മർദ്ദിച്ചു. ജയിലിലെ കൺവീനർ വി.കെ. ഭാസ്കരനെ ഹരിപ്പാട് സ്റ്റേഷനിലും എൻ.കെ. രാഘവൻ അടക്കം ആറുപേരെ പുളിങ്കുന്ന് സ്റ്റേഷനിലും മറ്റുചിലരെ കായംകുളം സ്റ്റേഷനിലേക്കും മാറ്റി. എന്നാൽ എല്ലാവരും നിരാഹാരം തുടർന്നു. എട്ടാംദിവസം നിരാഹാരം ഒത്തുതീർപ്പു വ്യവസ്ഥയിൽ പിൻവലിച്ചു. പുളിങ്കുന്ന് സ്റ്റേഷനിൽ അന്ന് ടെലിഫോൺ സൗകര്യം ഉണ്ടായിരുന്നില്ല. അതിനാൽ ഒത്തുതീർപ്പു വ്യവസ്ഥകൾ കേരളകൗമുദി പത്രം വഴി വായിച്ചറിഞ്ഞ് പുളിങ്കുന്നിൽ എൻ.കെ. രാഘവൻ സമരം അവസാനിപ്പിച്ചത് പത്താം ദിവസമാണ്.
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി എൻ.കെ. രാഘവനെ രണ്ടുകൊല്ലം ശിക്ഷിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരുടെകൂടെ അഞ്ചാംകെട്ടിലായിരുന്നു തടവുശിക്ഷ. 85 രാഷ്ട്രീയ തടവുകാർ അന്ന് അവിടെ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരെക്കൊണ്ട് പല ജയിലുകളും നിറഞ്ഞിരുന്നു. ജയിലിലും സമരം നടത്താൻ ആഹ്വാനമുണ്ടായി. അങ്ങനെ 1949-ലെ വയലാർ ദിനത്തിൽ ജയിലിൽ ചെങ്കൊടി ഉയർത്തി. പൊലീസിനെ പ്രതിരോധിച്ചു. ഭീകരമായ മർദ്ദനം ഏൽക്കേണ്ടിവന്നു.
രണ്ടുവർഷത്തെ ജയിൽശിക്ഷ തീർന്നെങ്കിലും ജയിൽലഹള കേസിൽ പ്രതിയായി ജയിൽവാസം തുടർന്നു. തിരുവനന്തപുരം വഞ്ചിയൂരിലുള്ള കോടതിയിലായിരുന്നു വിചാരണ. തിരുവിതാംകൂറിലെ മുൻ അഡ്വക്കേറ്റ് ജനറൽ കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, എം. പ്രഭ, ശാസ്തമംഗലം എസ്. ഗോവിന്ദപിള്ള എന്നീ പ്രമുഖ വക്കീലന്മാർ ആയിരുന്നു കേസ് നടത്തിയിരുന്നത്. വെറുതേ വിട്ടതിനെത്തുടർന്ന് പാർടി പ്രവർത്തനം പുനരാരംഭിച്ചു.