എൻ. ജനാർദ്ദനൻ
മണ്ണഞ്ചേരി വാഴപ്പള്ളി വീട്ടിൽ നാണുവിന്റെയും മാണിയുടെയും മകനായി 1927-ൽ ജനിച്ചു. സഹോദരൻ കുമാരനും സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. വീടിനടുത്തായിരുന്ന വലിയവീട് ക്യാമ്പിലായിരുന്നു പ്രവർത്തനം. ക്യാമ്പ് നിരീക്ഷണത്തിനുവന്ന പൊലീസുകാരനെ പിടികൂടി മർദ്ദിച്ചു. സരവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനത്തിൽ ആലപ്പുഴ റബർ ഫാക്ടറിയുടെ പ്രതിനിധിയായി പങ്കെടുത്തു. അറസ്റ്റ് ഭീഷണിയെത്തുടർന്നു കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഒരു തുണിമില്ലിൽ കുറച്ചുനാൾ ജോലി നോക്കി. പിന്നീട് കോട്ടയത്തെ മാമൻ മാപ്പിളയുടെ സോപ്പ് കമ്പനിയിലും ജോലി ചെയ്തു. അവിടെ നിന്നും ചേനപ്പാടി എസ്റ്റേറ്റിലേക്കു ജോലിക്കു പോയി. നാലരവർഷം അവിടെ ജോലി ചെയ്തു. ശ്രീധരൻ എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. വില്ല്യം ഗുഡേക്കർ കമ്പനിയിൽ ജോലി നോക്കിയിട്ടുണ്ട്. കമ്പനിയിലെ എഐടിയുസി കൺവീനറായിരുന്നു. കലവൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, കർഷകസംഘം സെക്രട്ടറി, നാളികേര ഗ്രാമോദ്ധാരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പൊതുജീവിതത്തിൽ ശ്രദ്ധയാകർഷിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: ലളിതാംബിക, ലക്ഷ്മണൻ, കൈരളി.

