എ.കെ. അനസൂയ
ആലപ്പുഴയിലെ വിപ്ലവപ്രസ്ഥാനം രൂപം നൽകിയ ഗായകരുടെ സംഘത്തിലെ പ്രമുഖയായിരുന്നു എ.കെ. അനസൂയ. 1943-ൽ നാലാമത് യൂണിയൻ വാർഷികത്തിൽ പാട്ട് മത്സരത്തിൽ 10 വയസുകാരിയായ അനസൂയ സമ്മാനം നേടി.ഈ വാർഷിക സമ്മേളനത്തിലാണ് തൊഴിലാളികളുടെ കലാകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്.
യൂണിയൻ ആഫീസിന്റെ താഴത്തെ മുറിയായിരുന്നു കലാകേന്ദ്രം. തകഴി ശിവശങ്കരപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. പാടുന്നതിനും ആടുന്നതിനും നാടകത്തിനും വാദ്യത്തിനുമെല്ലാമായി നാല്പതോളം കലാകാരന്മാർ ഉണ്ടായിരുന്നു. രാമൻകുട്ടി ആശാൻ ആയിരുന്നു മുഖ്യസംഘാടകൻ. അദ്ദേഹത്തിന്റെ ദേശസേവകൻ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്.
വിദ്യാഭ്യാസത്തിനായി പാർടി ചെലവിൽ കോട്ടയത്തെ മഹിളാ സേവാസദനത്തിൽ ചേർത്തു. കോൺഗ്രസ് മഹിളാ സംഘമായിരുന്നു സദനം നടത്തിയിരുന്നത്. സദനത്തിലെ കലാട്രൂപ്പിൽ പഠനത്തോടൊപ്പം കലാ അഭ്യാസവും നടന്നു. വാരാന്ത്യത്തിൽ ആലപ്പുഴയ്ക്കു വന്നു കലാകേന്ദ്രത്തിൽ പ്രവർത്തിക്കും. 1945 അവസാനം കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർടിയും തമ്മിൽ തെറ്റിപ്പിരിഞ്ഞതോടെ കോട്ടയത്തുനിന്നും തിരിച്ചുവന്നു.
കണ്ണൂർ തുടങ്ങി പലയിടത്തും പാടാൻ പോയിട്ടുണ്ട്. കൂത്താട്ടുകുളത്ത് സഹോദരൻ അയ്യപ്പൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ദിവാനെതിരെ പാടിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. ബോംബെയിൽ നിന്ന് യൂണിയൻ വാങ്ങിയ ആദ്യത്തെ മൈക്ക് സെറ്റ് അനസൂയ പാടിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. മദിരാശിയിൽ ഒരു പരിപാടിയിൽഅനസൂയയും ബേബിയും കൂടി പാടിയപാട്ട് റേഡിയോയിൽ സംപ്രേക്ഷണം ചെയ്തു. അതോടെ റേഡിയോ സ്റ്റാർ എന്ന പദവിയും കിട്ടി. എല്ലാ തൊഴിലാളി യോഗങ്ങൾക്കു മുമ്പും വിപ്ലവഗാനങ്ങൾ ഉണ്ടാകും. മിക്കപ്പോഴും അനസൂയയുടേതാണ് സ്വാഗതഗാനം. റ്റി.വി. തോമസ് പറയും “അനസൂയ പാടിക്കഴിഞ്ഞാൽ പിന്നെ അവളുടെ പാട്ടാണ് എന്റെ പൊളിറ്റിക്സ്”.
കോട്ടയത്തുനിന്നും തിരിച്ചുവന്നശേഷം ഒരുവർഷം തികയും മുമ്പ് പുന്നപ്ര-വയലാർ സമരം പൊട്ടിപ്പുറപ്പെട്ടു.കലാ കേന്ദ്രത്തിന്റെ പ്രവർത്തകയെന്ന നിലയിൽ 12 വയസുള്ള അനസൂയയും സമരത്തിൽ പ്രതിയായി. അങ്ങനെ ഒളിവിൽ പോയി. കോട്ടയത്ത് അച്ഛന്റെ സഹോദരിയുടെ വീട്ടിലായി താമസം. കോട്ടയത്തും ആലപ്പുഴയിലും വച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ പോയിവരുന്നവേളയിൽ ചെകിടത്ത് അടിച്ചുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 ദിവസം മാവേലിക്കര ജയിലിൽ കിടക്കേണ്ടിവന്നു. വലിയ ചുടുകാട്ടിലെ പി. കൃഷ്ണപിള്ളയുടെ അനുശോചന സമ്മേളനത്തിൽ അനസൂയയും ബേബിയും കൂടിയാണ് “ബോൾഷവിക് വീരസമരനായകാ ലാൽസലാം” എന്ന ഗാനം ആലപിച്ചത്.
സമരത്തിനുശേഷം മറ്റൊരു സമര പോരാളിയായിരുന്ന കൃഷ്ണനെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് ആണും അഞ്ച് പെണ്ണുമായി എട്ട് മക്കൾ. 1964-നുശേഷം സിപിഐ(എം)ലാണു പ്രവർത്തിച്ചത്.