എ.കെ. ചക്രപാണി
വോൾക്കാട്ട് ബ്രദേഴ്സിൽ ഫാക്ടറി കമ്മിറ്റി കൺവീനറും യൂണിയന്റെ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. 1946-ലെ പണിമുടക്കിൽ പുന്നപ്ര പൊലീസ് ക്യാമ്പ് ഉൾപ്പെടെയുള്ള പ്രദേശത്തെ വാർഡ് കൗൺസിൽ കമ്മിറ്റി കൺവീനർ ആയിരുന്നു.
പുന്നപ്ര അയ്യൻപറമ്പിൽ കിട്ടന്റെ മകനായി 1919 ഒക്ടോബർ 7-ന് തൊഴിലാളി കുടുംബത്തിൽ ജനിച്ചു. അഞ്ചാംക്ലാസ് വരെ പഠിച്ചു. അതിനുശേഷം 13-ാം വയസിൽ ചെറുകിട ഫാക്ടറികളിൽ ജോലിക്കു പോയി. മൂത്തജ്യേഷ്ഠൻ എ.കെ. മാധവൻ (പട്ടര്) ലേബർ അസോസിയേഷൻ പ്രവർത്തകനായിരുന്നു. അതോടൊപ്പം ആര്യസമാജം പ്രവർത്തകനും. ജ്യേഷ്ഠൻ വീട്ടിൽ തൊഴിലാളി വാരിക കൊണ്ടുവരുമായിരുന്നു. ഇവയെല്ലാം ചക്രപാണിയുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ചു. ചക്രപാണി പിന്നീട് നിശാപാഠശാലയിൽ നിന്ന് ഇംഗ്ലീഷും മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹിന്ദിയും പഠിച്ചു.
1937-ൽ ആസ്പിൻവാൾ കമ്പനിയിൽ വണ്ടിചുറ്റു തൊഴിലാളിയായി. സി.ഒ. മാത്യു പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ബാലജനസഖ്യം എന്ന സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി. ഫാക്ടറിയിൽ വണ്ടിചുറ്റ് സെക്ഷനിൽ മൂപ്പന്മാരുടെ അനീതികളെക്കുറിച്ചു വിജയകരമായി പ്രതിഷേധം സംഘടിപ്പിച്ചു. 1938-ൽ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം കയർ ഫാക്ടറി യൂണിയൻ രജിസ്റ്റർ ചെയ്തപ്പോൾ ബാലജനസഖ്യം പിരിച്ചുവിടുകയും ആസ്തികൾ യൂണിയനിൽ ലയിപ്പിക്കുകയും ചെയ്തു.
കളർകോട് വായനശാലയിൽ ഒ.ജെ. ജോസഫും കെ.വി. പത്രോസും ഒപ്പം അർത്ഥശാസ്ത്രം സംബന്ധിച്ചു നടത്തിയ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. 1938-ലെ പണിമുടക്കു കാലത്തു രഹസ്യ ലഘുലേഖകളുടെ വിതരണത്തിന്റെ ചുമതലയായിരുന്നു. പണിമുടക്കിനെത്തുടർന്ന് 48/22 നമ്പർ കേസിൽ 43-ാം പ്രതിയായി.
കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേർക്കുന്നതിനു സോളമൻ ശ്രമിച്ചെങ്കിലും ആദ്യം ഒഴിഞ്ഞുമാറുകയാണു ചെയ്തത്. 1941-ലാണ് കമ്മ്യൂണിസ്റ്റ് പാർടി സെല്ലിൽ അംഗമായത്. പാർടി നിയമവിധേയമായപ്പോൾ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ പുന്നപ്രയിൽ നിന്ന് ഓച്ചിറവരെ പോയ കാൽനട പ്രചാരണ സ്ക്വാഡിൽ അംഗമായിരുന്നു.
നാടാർ കൊലക്കേസിൽ ചക്രപാണിയും ജ്യേഷ്ഠനും പ്രതികളായി. അഞ്ചുമാസം ഒളിവിൽ കഴിഞ്ഞു. ആലപ്പുഴ ലോക്കപ്പ്, ആലപ്പുഴ – എറണാകുളം സബ് ജയിലുകൾ, തിരുവനന്തപുരം – വിയ്യൂർ സെൻട്രൽ ജയിലുകൾ എന്നിവിടങ്ങളിലെല്ലാമായി എട്ടുകൊല്ലം ജയിൽവാസം അനുഭവിച്ചു. 21 വർഷമായിരുന്നു ശിക്ഷ. 2 പ്രാവശ്യം 9 ദിവസം വീതം നിരാഹാരം കിടന്നു. ജയിലിൽ “കൈത്തിരി” എന്ന കൈയെഴുത്തു മാസിക നടത്തി.
1955-ൽ പട്ടം സർക്കാർ മോചിപ്പിച്ചു. തകഴി – അമ്പലപ്പുഴ – പുറക്കാട് എന്നിവ ഉൾക്കൊള്ളുന്ന ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി. ഭിന്നിപ്പിനുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ആലപ്പുഴ ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലായിരുന്നു പ്രവർത്തനം.