എ. രാജ
പുന്നപ്ര-വയലാറിനെ തുടർന്നുള്ള ജയിലിന്റെയും അടിച്ചമർത്തലിന്റെയും നിരോധനത്തിന്റെയും കാലഘട്ടത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ പുനസംഘടിപ്പിക്കുന്നതിന് എ. രാജയെപ്പോലുള്ള ട്രേഡ് യൂണിയൻ പ്രവർത്തകരാണ് മുൻകൈയെടുത്തത്.
സമരത്തിൽ പങ്കെടുത്ത യൂണിയൻ പ്രവർത്തകരിൽ പലർക്കും ജോലിയും അതുവരെയുള്ള സർവ്വീസ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. യൂണിയൻ ഓഫീസും സബ് ഓഫീസുകളും നിശാപാഠശാലകളുമെല്ലാം തകർക്കപ്പെട്ടു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ സ്ഥാനത്ത് ഐഎൻടിയുസിയെ പ്രതിഷ്ഠിക്കാനായിരുന്നു മാനേജ്മെന്റുകളുടെ പരിശ്രമം. ഈ പശ്ചാത്തലത്തിലാണ് സി.കെ. കേശവൻ യോഗം വിളിച്ചു ചേർത്ത് “ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി കമ്മിറ്റി” എന്നപേരിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. എ. രാജ, കെ. വേലുണ്ണി, കെ. ഗോവിന്ദൻ തുടങ്ങിയവർ ആയിരുന്നു ഭാരവാഹികൾ.
പ്രവർത്തനത്തിന് ഒരു ഓഫീസ് കിട്ടിയില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. അവസാനം സീവ്യൂ വാർഡിലുള്ള എ. രാജയുടെ ഭാര്യ വീടിനടുത്ത് റോഡരികിൽ ഒരു മുറിയെടുത്തു. 1951 ജനുവരി 3-ാം തീയതി ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ഇതറിഞ്ഞതോടെ പൊലീസിന്റെയും സിഐഡിയുടെയും ബഹളമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയുമായി തൊഴിലാളി കമ്മിറ്റിക്കു ബന്ധമൊന്നും ഇല്ലായെന്നായിരുന്നു പരസ്യമായി എടുത്തുവന്ന നിലപാട്. കുറച്ചുകഴിഞ്ഞ് കച്ചവട ആവശ്യത്തിനെന്നു പറഞ്ഞ് സക്കറിയ ബസാറിൽ ഒരു ഇരുനില കെട്ടിടം വാടകയ്ക്കെടുത്ത് പ്രവർത്തനം അങ്ങോട്ടേക്കു മാറ്റി. താമസംവിന മിക്ക കമ്പനികളിലും ഫാക്ടറി കമ്മിറ്റികൾ പുനരുജ്ജീവിപ്പിച്ചു.
1951 ഏപ്രിൽ മാസത്തിൽ തിരു-കൊച്ചിയിലെ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ സമ്മേളനം യൂണിയൻ ഓഫീസിൽ ചേരുകയും തിരു-കൊച്ചി ട്രേഡ് യൂണിയൻ ഐക്യ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ സമാപനവുമായി ബന്ധപ്പെട്ട് കിടങ്ങാംപറമ്പിൽ വമ്പിച്ചൊരു റാലിയും പൊതുയോഗവും നടത്തി. ഈ ഉശിരൻ പ്രകടനത്തോടെ തൊഴിലാളികൾ സ്ഥിരമായി യൂണിയൻ ഓഫീസിൽ വരാൻ തുടങ്ങി. ബോണസ് വർദ്ധനയ്ക്കും കുടിശികയ്ക്കും വേണ്ടിയുള്ള പ്രക്ഷോഭം വിജയകരമായി വളർത്തിയെടുത്തു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കുപോയ പ്രതിനിധി സംഘത്തിൽ രാജയും ഉണ്ടായിരുന്നു.
നേതാക്കളെ മോചിപ്പിക്കുന്നതിന് ഒരു ഡിഫൻസ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതി ഡിഫൻസ് കമ്മിറ്റിയുടെ കേസ് തള്ളിയെങ്കിലും അപ്പീലിൽ 1951 മെയ് മാസത്തിൽ സുപ്രിംകോടതി കരുതൽതടങ്കൽ നേതാക്കളെ മുഴുവൻ മോചിപ്പിക്കാൻ ഉത്തരവിട്ടു. 1952-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും റ്റി.വി. തോമസും പി.റ്റി. പുന്നൂസും വിജയിച്ചതോടെ ഒരു അരണ്ടകാലഘട്ടത്തിനു തിരശ്ശീല വീണു.