എ.റ്റി. വാവച്ചൻ
മണ്ണഞ്ചേരി നോർത്ത് ആര്യാട് പൊക്കാലയിൽ വീട്ടിൽ തേവന്റെയും ചിന്നമ്മയുടെയും മകനായിരുന്നു വാവച്ചൻ. കർഷകതൊഴിലാളി കുടുംബാംഗമായിരുന്നു. ജന്മിമാർക്കെതിരെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു. വിരുശ്ശേരി ക്യാമ്പിൽ സജീവഅംഗമായിരുന്നു. സമരത്തിൽ പ്രതിയായതോടെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ഏതാണ്ട്8 മാസക്കാലം ഒളിവിൽ കഴിഞ്ഞു. വാവച്ചൻ ഒളിവിൽ കഴിയുമ്പോഴാണ് പോലീസ് ജന്മിയുടെ സഹായത്താൽ വീട് ആക്രമിക്കുന്നത്. വീട്ടുകാരെ ഉപദ്രവിക്കുകയും വീട് തകർത്തുകളയുകയും ചെയ്തു. പട്ടികജാതിക്കാരനായ വാവച്ചന്റെ കുടുംബത്തിന് ഏക ആശ്രയമായി ഉണ്ടായിരുന്ന കൃഷിഭൂമി ജന്മി തിരിച്ചു പിടിച്ചു. പിന്നീടൊരിക്കലും ഈ ഭൂമി വാവച്ചന്റെ കുടുംബത്തിനു തിരിച്ചുകിട്ടിയില്ല. വാവച്ചൻ സംഘടനാ പ്രവർത്തനം തുടർന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കർഷകതൊഴിലാളി യൂണിയന്റെ ജില്ലാ നേതാവ്, സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ദീർഘകാലം മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.