ഒ.എം. അബു
21-ാമത്തെ വയസിലാണ് ചേർത്തലയിലെ ഒ.എം. അബു പുന്നപ്ര-വയലാറിലെ അവിസ്മരണീയ സമരസേനാനിയായി മാറിയത്. പൊലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനു വിധേയനായ അബു 1958 നവംബർ 14-ന് 33-ാമത്തെ വയസിൽ തിരുവനന്തപുരം ക്ഷയരോഗാശുപത്രിയിൽവച്ച് അന്തരിച്ചു. കയർ ഫാക്ടറി തൊഴിലാളി യൂണിയൻ, കർഷകത്തൊഴിലാളി സംഘാടകൻ എന്നീ നിലകളിൽ ചെറുപ്പത്തിലേ മികവ് പ്രകടിപ്പിച്ചിരുന്നു. വിപുലമായ പാടശേഖരങ്ങളുടെ ജന്മിമാരായ തുറവൂർ തിരുമല ദേവസ്വം, വെട്ടയ്ക്കൽ കോച്ച, കുട്ടനാട്ടിലെ കായൽ രാജാക്കന്മാർ എന്നിവരുടെ അനീതികളെ ചെറുക്കുന്നതിന് സാഹസികമായി നേതൃത്വം നൽകിയിട്ടുണ്ട്. ചരിത്രബോധത്തോടെ ലേഖനങ്ങൾ എഴുതുമായിരുന്നു. അന്ധകാരനഴി നീന്തിക്കടന്ന് കമ്മ്യൂണിസ്റ്റ് ലഘുലേഖകൾ കൊച്ചിയിൽ നിന്നും തിരുവിതാംകൂർ ഭാഗത്തേക്ക് എത്തിച്ചിരുന്നു. എ.കെ. പരമൻ, കെ.എ. പരമേശ്വരൻ, എ. കുര്യൻ, പി. ഗോപാലൻ തുടങ്ങിയവർ സഹപ്രവർത്തകരായിരുന്നു. പലവട്ടം പൊലീസ് കസ്റ്റഡിയിൽപ്പെട്ടുവെങ്കിലും തന്റെ കായികശേഷികൊണ്ടും ധീരതകൊണ്ടും തിരിച്ചടിച്ചു രക്ഷപ്പെട്ടിട്ടുണ്ട്. വയലാർ സമരത്തിനുശേഷം പൊലീസ് പിടിയിലായ അബുവിനെ അതിക്രൂരമായ മർദ്ദനത്തിൽ ആരോഗ്യം ക്ഷയിച്ചു. അവിവാഹിതനായിരുന്നു. പിതാവ് മൈതീൻകുട്ടി കച്ചവടക്കാരനായിരുന്നു. ആറ് സഹോദരങ്ങളും അഞ്ച് സഹോദരിമാരും ഉണ്ടായിരുന്നു.

