കാട്ടൂർ ജോസഫ്
രക്തസാക്ഷി കാട്ടൂർ ജോസഫ് ആസ്പിൻവാൾ കയർ ഫാക്ടറിയിലെ തൊഴിലാളി ആയിരുന്നു. ആരോഗ്യ ദൃഡഗാത്രനായ ജോസഫ് ഡ്രൈവിംങ്ങിലും പ്രാവീണ്യം ഉണ്ടായിരുന്നു. ഏത് അനീതിയേയും നേരിട്ട് എതിർക്കുകയെന്ന സ്വഭാവക്കാരൻ. 1938-ലെ പൊതുപണിമുടക്കിൽ അറസ്റ്റ് ചെയ്യപ്പെട്ടു. എട്ടുമാസം ജയിൽവാസം അനുഭവിച്ചു. ഈ പണിമുടക്കു കാലത്തുതന്നെ ജോസഫ് പ്രകടനത്തിനായി വാരിക്കുന്തം തയ്യാറാക്കിയിരുന്നു. അതുകൊണ്ട് ‘കുന്തം ജോസഫ്’ എന്നും കാട്ടൂരിൽ വിളിപ്പേര് ഉണ്ടായിരുന്നു.
ആസ്പിൻവാളിൽ ജോലി ചെയ്തിരുന്ന പത്തിരുപതു പേർ കാട്ടൂരിൽ ഉണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചാണു പണിക്കു പോയിരുന്നതും തിരികെ വന്നിരുന്നതും. വെളുപ്പിന് 5 മണിയോടെ യാത്ര തിരിക്കും. വിപ്ലവഗാനങ്ങളും പാടിയാണ് പോവുക. കരുണയിലെയും ചണ്ടാലഭിക്ഷുകിയിലെയും വരികളും ഒന്നിച്ചുപാടുമായിരുന്നു.
1944 ആയപ്പോഴേക്കും കയർ ട്രേഡ് യൂണിയൻ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ തീരുമാനിച്ചു. സൈമൺ ആശാനും സംഘവും ഞായറാഴ്ചകളിൽ കാട്ടൂരിൽ വന്ന് യോഗങ്ങൾ നടത്തി. അങ്ങനെ അമ്പലപ്പുഴ മത്സ്യത്തൊഴിലാളി യൂണിയൻ കാട്ടൂരിലും ഉണ്ടായി. മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ജോസഫ് മുന്നിട്ടിറങ്ങി.
സമരകാലത്തു കാട്ടൂർ പള്ളിക്കു സമീപം ജോൺകുട്ടിയുടെ പുരയിടത്തിലെ മത്സ്യകൂടം ക്യാമ്പാക്കി. വോളന്റിയർമാരുടെ ചുമതലജോസഫിനായിരുന്നു. കയർ ഫാക്ടറി തൊഴിലാളികൾക്കൊപ്പം ഒട്ടേറെ മത്സ്യത്തൊഴിലാളികളും ഈ ക്യാമ്പിൽ ഉണ്ടായിരുന്നു. എല്ലാവർക്കും ഭക്ഷണം ക്യാമ്പിലായിരുന്നു. കായികപരിശീലനത്തോടൊപ്പം രാഷ്ട്രീയവിദ്യാഭ്യാസവും നല്കിയിരുന്നു.
1946 ഒക്ടോബർ 25-ന് രാവിലെ 10 മണിക്ക് 42 പട്ടാളക്കാർ ക്യാമ്പിലേക്ക് മാർച്ച് ചെയ്തുവന്നു. വഴിയിൽ മത്സ്യത്തൊഴിലാളി അന്തോണിയെ വെടിവച്ചുകൊന്നു. പട്ടാളത്തിന്റെ വരവ് അറിഞ്ഞതോടെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി നാട്ടുകാരും ക്യാമ്പിലെത്തി. ക്യാമ്പ് പിരിച്ചുവിട്ട് എല്ലാവരും പിരിഞ്ഞു പോകണമെന്ന് പട്ടാളം ആവശ്യപ്പെട്ടു. തെങ്ങിന്റെ മറവിൽ നിന്നുകൊണ്ട് ജോസഫാണ് മറുപടി നല്കിയത് -“ഞങ്ങൾ പിരിഞ്ഞു പോകില്ല. ഈ ക്യാമ്പ് പിരിച്ചുവിടില്ല. പിരിഞ്ഞു പോകേണ്ടത് നിങ്ങളാണ്”.
ജോസഫ് വിളിച്ച മുദ്രാവാക്യം തൊഴിലാളികൾ ആവേശപൂർവ്വം ഏറ്റുവിളിച്ചു. വെടിയേറ്റ് ചുടുചോരയിൽ കുളിച്ച് ജോസഫ് നിലത്തുവീണു. ജോസഫ് രക്തസാക്ഷിയാകുമ്പോൾ 33 വയസായിരുന്നു പ്രായം. വെടിയൊച്ച കേട്ട് ഭാര്യ മറിയാമ്മ കുഞ്ഞുങ്ങളെയുംകൊണ്ട് ഓടിയെത്തി. ഇളയകുട്ടി മാർത്തീനയ്ക്ക് ആറുമാസമാണ് പ്രായം. സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനു പള്ളിക്കാർ തയ്യാറായില്ല. സെമിത്തേരി ഗേറ്റ് ബലമായി തള്ളിത്തുറന്നാണ് ജോസഫിനെ അടക്കം ചെയ്തത്. സിൽവെസ്റ്റർ, സെലിൻ, എലിസബത്ത്, മാർത്തീന എന്നിവരാണ് ജോസഫിന്റെ മക്കൾ. 2010 ഏപ്രിൽ 10-ന് മറിയാമ്മ നിര്യാതയായി.