കാളിക്കുട്ടി ആശാട്ടി
ആലപ്പുഴയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേരിട്ടു പങ്കുവഹിച്ച ഒട്ടനവധി മഹിളാ സഖാക്കളുണ്ട്. അവരിൽ ഭൂരിഭാഗവും നാല്പതുകളിലെ സ്ത്രീ മുന്നേറ്റത്തിൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ എത്തിയവരാണ്. എന്നാൽ തൊഴിലാളി പ്രസ്ഥാനത്തിലൂടെവന്ന മഹിളാപ്രവർത്തകരെ 1920-കളുടെ അവസാനം മുതൽ ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലെ വനിതാസമാജങ്ങളുമായി ബന്ധപ്പെടുത്തുന്ന കണ്ണിയാണ് കാളിക്കുട്ടി ആശാട്ടി.
കണിച്ചുകുളങ്ങരയിൽ ചേന്നവേലിയിൽ പുരുഷന്റെയും വെളുത്തമ്മയുടെയും മകളായി ജനിച്ച കാളിക്കുട്ടി ഒരു പതിറ്റാണ്ടുകാലം കുടിപ്പള്ളിക്കുടത്തിൽ പഠിച്ചു. പുരാണങ്ങളിലും സാഹിത്യത്തിലും പ്രാവീണ്യംനേടി. വീട്ടുമുറ്റത്ത് മാവിൻചുവട്ടിൽ കുട്ടികൾക്കും സ്ത്രീകൾക്കും ക്ലാസ് തുടങ്ങിയതോടെ കാളിക്കുട്ടി ആശാട്ടിയായി. വിവാഹത്തോടെയാണ് ആലപ്പുഴയിലേക്കു താമസം മാറ്റിയത്.
എസ്എൻഡിപി വനിതാ സമാജമാണ് ആലപ്പുഴയിലെ ആദ്യത്തെ മഹിളാപ്രസ്ഥാനത്തിനു ബീജാവാപം കുറിച്ചതെന്നു പറയാം. അതിന്റെ മുഖ്യസംഘാടക സി.ഐ. രുഗ്മിണിയമ്മ ആയിരുന്നു. കാളിക്കുട്ടി ആശാട്ടിയും വനിതാസമാജം പ്രവർത്തനത്തിൽ പങ്കാളിയായി. ശ്രീനാരായണ ധർമ്മ പ്രചാരണത്തോടൊപ്പം സ്ത്രീകളുടെ പരമ്പരാഗത ധർമ്മങ്ങളെ നല്ല രീതിയിൽ നിർവ്വഹിക്കുന്നതിനുള്ള ചിന്തകളാണ് ഈ സംഘടനയെ സ്വാധീനിച്ചിരുന്നത്. ഭർത്തൃശുശ്രൂഷ, ഗൃഹശുചീകരണം, ബാലപരിചരണം പോലുള്ളവയായിരുന്നു ചർച്ചാ വിഷയങ്ങൾ.
ക്രമേണ സംഘടനയുടെ അംഗത്വം വർദ്ധിച്ചു. അയിത്തോച്ചാടനം, അധഃകൃത ഉദ്ധാരണം, മിശ്രവിവാഹം, പന്തിഭോജനം മുതലായ പ്രവർത്തനങ്ങളിൽ മഹിളാസംഘം പങ്കാളിയായിത്തുടങ്ങി.ഇതു യാഥാസ്ഥിതിക സമുദായ പ്രമാണിമാരിൽ നിന്നും വലിയ എതിർപ്പിനിടയാക്കി. സമുദായഭൃഷ്ടരാക്കാനുള്ള ശ്രമംപോലും ഉണ്ടായി. ചിലർ പിൻവാങ്ങിയെങ്കിലും രുഗ്മിണിയമ്മയും കാളിക്കുട്ടി ആശാട്ടിയുമടക്കമുള്ളവർ വെല്ലുവിളികളെ തൃണവല്ക്കരിച്ചുകൊണ്ട് സംഘടനാ പ്രവർത്തനങ്ങൾക്കായി മുന്നോട്ടുപോയി.വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിലും മഹിളാസമാജം പങ്കെടുത്തു. തക്ലിയിൽ നൂൽനൂൽപ്പ് പ്രചാരണമായിരുന്നു മറ്റൊരു പ്രവർത്തനം. ചുരുക്കത്തിൽ മഹിളാസമാജം ഒരു ദേശീയ മഹിളാസംഘമായി മാറുകയായിരുന്നു. എന്നാൽ രുഗ്മിണിയമ്മയുടെ അകാലചരമവും കാളിക്കുട്ടി ആശാട്ടിയുടെ വൈധവ്യവുംമൂലം പ്രവർത്തനങ്ങൾ ക്ഷയിച്ചു.
ഈ സ്ഥിതിവിശേഷത്തിൽ ഒരു മാറ്റംവരുന്നത് കയർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ 1943-ൽ ശക്തിപ്പെട്ടപ്പോഴാണ്. ഫാക്ടറികളിൽ സ്ത്രീകൾക്കു പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചു. സ്ത്രീകളുടെ സവിശേഷമായ തൊഴിലവകാശങ്ങൾ ഉന്നയിക്കപ്പെട്ടു. ജാപ്പ് വിരുദ്ധ പ്രചാരണത്തിലും സ്ത്രീകൾ വലിയതോതിൽ പങ്കെടുത്തു. പി. കൃഷ്ണപിള്ളയാണ് ഇതിനു മുൻകൈയെടുത്തത്. അദ്ദേഹത്തിന്റെ സഹധർമ്മിണി തങ്കമ്മയും പ്രവർത്തനരംഗത്ത് ഉണ്ടായിരുന്നു. മഹിളാ പ്രവർത്തകർക്കുവേണ്ടി രണ്ടുദിവസത്തെ ക്യാമ്പ് ഉണ്ടായിരുന്നു. പി.എ. സോളമനും എസ്. കുമാരനും മറ്റും ക്ലാസുകൾ എടുത്തു.
തൊഴിലാളി സ്ത്രീകളെ കൂടാതെ അവരുടെ വീടുകളിലെ ചെറുപ്പക്കാരായ അരുന്ധതി, ഗോമതി, ലക്ഷ്മിക്കുട്ടി തുടങ്ങിയവരും പ്രവർത്തനങ്ങളിൽ സജീവമായി. സ്ത്രീകളുടെ അവകാശങ്ങൾ മുദ്രാവാക്യങ്ങളായി ഉയർത്തിക്കൊണ്ട് മുന്നൂറോളം സ്ത്രീകൾ പങ്കെടുത്ത ഒരു വനിതാ പ്രകടനവും പട്ടണത്തിൽ നടത്തുകയുണ്ടായി. പ്രകടനത്തിന്റെ മുൻനിരയിൽ ഗോമതി ദേവും കാളിക്കുട്ടി ആശാട്ടിയും മീനാക്ഷിയുമായിരുന്നു. സ്ത്രീകൾ ആദ്യമായിട്ടാണ് ആലപ്പുഴ പട്ടണത്തിൽ പ്രകടനം നടത്തിയത്.
ഇതിനെത്തുടർന്ന് അമ്പലപ്പുഴ താലൂക്കടിസ്ഥാനത്തിൽ കാളിക്കുട്ടി ആശാട്ടി പ്രസിഡന്റും കെ. മീനാക്ഷി സെക്രട്ടറിയുമായി മഹിളാ കമ്മിറ്റി സംഘടിപ്പിച്ചു. തോട്ടപ്പള്ളി മുതൽ മാരാരിക്കുളം വരെ ഈ സംഘടനയ്ക്കു ശാഖകൾ ഉണ്ടായി. 1944-ൽ കെ.ആർ. ഗൗരി അധ്യക്ഷയായി കിടങ്ങാംപറമ്പിൽ വമ്പിച്ച മഹിളാ സമ്മേളനവും നടന്നു. യോഗത്തിനു മുമ്പുള്ള ഘോഷയാത്രയെ അലങ്കോലപ്പെടുത്തുന്നതിനു വിഫലമായ ശ്രമമുണ്ടായി. ശ്രീമതി. വിശ്വലക്ഷ്മി ഈ യോഗത്തിൽ പ്രാസംഗികയായിരുന്നു.
പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് മറ്റു ബഹുജനസംഘടനകളോടൊപ്പം മഹിളാസംഘത്തെയും ഉന്മൂലനാശം ചെയ്യാൻ സർക്കാരും പിന്തിരപ്പന്മാരും ശ്രമിച്ചു. പാർടി രേഖകളും ഒളിവിൽ താമസിക്കുന്നവരെയും പിടിക്കാൻ വേണ്ടിയുള്ള വീട് പരിശോധനയുടെ ഇരകൾ സ്ത്രീകൾ ആയിരുന്നു. പി.കെ. കാർത്യായനിയെ നോർത്ത് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചു. 1946 മുതൽ 1952 വരെയുള്ള ഭീകര അടിച്ചമർത്തൽ കാലത്ത് ഒളിവിലെ സംഘടനകളെ നിലനിർത്തുന്നതിലും ചെറുത്തുനില്പിലും സ്ത്രീകൾ സുപ്രധാന പങ്കുവഹിച്ചു. മീനാക്ഷി, ഏലിയാമ്മ, കമലാക്ഷി, നാരായണി തുടങ്ങി ചെറുത്തുനിൽപ്പിന്റെ മുന്നിൽനിന്ന വനിതാ നേതാക്കളെക്കുറിച്ച് തുടർന്നു പ്രതിപാദിക്കുന്നുണ്ട്.
1946-ലാണ് കാളിക്കുട്ടി ആശാട്ടിക്കു പാർടി അംഗത്വം ലഭിച്ചത്. അമ്പലപ്പുഴ താലൂക്ക് മഹിളാസംഘം പ്രസിഡന്റ് ആയിരുന്നതിനാൽ സമരത്തിനുശേഷം ഒളിവിൽ പോയി. ചേർത്തലയിൽ കുന്നേൽ വീട്ടിൽ ഒന്നരമാസം ഒളിച്ചു താമസിച്ചു. തിരിച്ചു വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ ഡിക്രൂസ് കമ്പനിയിൽ പണിക്കാരനായിരുന്ന മകൻ ഹരിദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധ-പ്രതിരോധ യോഗങ്ങളിൽ കാളിക്കുട്ടി ആശാട്ടിക്ക് വലിയ ഡിമാന്റായിരുന്നു. നാട്ടിൽ നടമാടിയിരുന്ന പീഡനങ്ങൾ പ്രത്യേകിച്ചു കൂത്താട്ടുകുളത്തും മറ്റും സ്ത്രീകൾക്കുനേരെ നടക്കുന്ന പൈശാചിക മർദ്ദനങ്ങൾ കാളിക്കുട്ടി ആശാട്ടി വിവരിക്കുമ്പോൾ സദസിൽ അമർഷം പതഞ്ഞുപൊങ്ങും. കോട്ടയത്ത് ആർപ്പുക്കരയിലെ യോഗത്തിലെ പ്രസംഗത്തിൽ പ്രകോപിതരായി പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്തു യോഗം പിരിച്ചുവിട്ടു. കാളിക്കുട്ടി ആശാട്ടിയെ അറസ്റ്റ് ചെയ്തു വൈക്കം പൊലീസ് ലോക്കപ്പിലാക്കി. പരോളിൽ ഇറങ്ങിയ ഹരിദാസ് അമ്മയെ വൈക്കത്തുവന്നു കണ്ടു. ഹരിദാസ് പിന്നെയും രണ്ടുവർഷം ജയിലിൽ കിടന്നു.