കെ.ആർ. സുകുമാരൻ
ചേർത്തല ഭാഗത്തെ സമര നേതാക്കളിൽ പ്രമുഖനും കെ.ആർ. ഗൗരിയമ്മയുടെ മൂത്തസഹോദരനുമായിരുന്നുകെ.ആർ. സുകുമാരൻ.
കളത്തിപ്പറമ്പിൽ രാമന്റെയും പാർവ്വതിയമ്മയുടെയും മകനായി 1916-ൽ ജനിച്ചു. ചേർത്തല പ്രദേശത്തു ശക്തമായിരുന്ന ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിൽ അച്ഛൻ സജീവമായിരുന്നു. അതിനാൽ പുരോഗമനപരമായ ഗാർഹിക അന്തരീക്ഷത്തിലാണ് സുകുമാരനും സഹോദരി ഗൗരിയുമെല്ലാം വളർന്നത്.
ചേർത്തല ഇംഗ്ലീഷ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സെന്റ് തോമസ് കോളേജിലാണ് സുകുമാരൻ പഠിച്ചത്. ആശാൻ കവിതകളുടെ പ്രസിദ്ധ വ്യാഖ്യാതാവായി പേരെടുത്ത പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ആരാധകനായിത്തീർന്നു. തിരുവനന്തപുരം ലോ കോളേജിൽ നിന്നു ബിഎൽ ബിരുദം നേടി. തിരുവനന്തപുരത്തുതന്നെ താമസമുറപ്പിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു. യൂത്ത് ലീഗ് പ്രവർത്തകരുമായും കമ്മ്യൂണിസ്റ്റുകാരുമായും ബന്ധപ്പെടാൻ തുടങ്ങി.
അച്ഛന്റെ നിർബന്ധത്തിനുവഴങ്ങി ചേർത്തലയിലേക്കു തിരിച്ചുവരികയും ഭാർഗവിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ആ ദാമ്പത്യബന്ധം നീണ്ടുപോയില്ല. സുകുമാരൻ ചേർത്തലയിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പൂർണ്ണമായി മുഴുകുകയാണു ചെയ്തത്. ചേർത്തല താലൂക്ക് സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാർടിയിലും അംഗമായി. ചേർത്തല കയർ ഫാക്ടറി തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റും കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. താലൂക്കിലെ മറ്റു പല യൂണിയനുകളുടെയും ഭാരവാഹിയായി. ഏതാണ്ട് പൂർണ്ണസമയം പൊന്നാംവെളിയിലെ യൂണിയൻ ഓഫീസിൽ ആയിരുന്നു.
പ്രാക്ടീസിനുവേണ്ടി ചേർത്തലയിൽ വീടെടുത്തു താമസിച്ചിരുന്ന കെ.ആർ. ഗൗരിയമ്മയുടെ വീട് സുകുമാരന്റെയും സഖാക്കളുടെയും അഭയകേന്ദ്രമായി തീർന്നു. തിരുവിതാംകൂർ പാർടി സെൻട്രൽ കമ്മിറ്റിയുടെ യോഗം വരെ ആ വീട്ടിൽവച്ചു നടക്കുകയുണ്ടായി.
ചേർത്തല കർഷകത്തൊഴിലാളി യൂണിയന്റെ നേതാവെന്ന നിലയിൽ പുന്നപ്ര-വയലാർ സമരത്തിനു മുമ്പ് നാട്ടിൻപുറത്തുണ്ടായ സമരങ്ങൾക്കും ചെറുത്തുനിൽപ്പിനും നേതൃത്വം നൽകിയിരുന്നു. സമരകാലത്ത് വയലാർ ക്യാമ്പിലായിരുന്നു. വെടിവയ്പ്പിനുശേഷം കളവങ്കോട് മന്തങ്കാട്ടിലെ നേതൃയോഗത്തിനുശേഷം രാത്രി കാൽനടയായി വിയാത്ര കടപ്പുറത്തെത്തി ചെല്ലാനം വഴി കൊച്ചിയിലേക്കു കടന്നു. വയലാർ കേസിൽ പ്രതിയെന്ന നിലയിൽ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതുകൊണ്ട് പാലക്കാടും പിന്നീട് കോഴിക്കോടും ഒളിവിൽ കഴിഞ്ഞു. ദേശാഭിമാനി ഇറക്കാൻ ഉദ്ദേശിച്ചിരുന്ന തിരുവിതാംകൂർ എഡിഷന്റെ ചുമതല നിശ്ചയിച്ചിരുന്നുവെന്ന് ഗൗരിയമ്മയുടെ ആത്മകഥയിൽ പരാമർശമുണ്ട്. എന്നാൽ കെ.ആർ. സുകുമാരന് എന്തുസംഭവിച്ചുവെന്നതു സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ ചില ബന്ധുക്കൾ പറയുന്നത് ഇങ്ങനെയാണ് – രോഗബാധിതനായ സുകുമാരനെ ബന്ധുക്കൾ കൊച്ചിയിൽനിന്നു കണ്ടെത്തി തിരികെ ചേർത്തലയിൽ കൊണ്ടുവന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.