കെ.എസ്. ബെൻ
പുന്നപ്ര-വയലാർ സമരകാലത്ത് അമ്പലപ്പുഴ താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയന്റെ ആക്ടിംഗ് സെക്രട്ടറിയായിരുന്നു കെ.എസ്. ബെൻ.
1921-ൽ പുന്നപ്ര കറുകറപ്പിൽ വീട്ടിൽ ജനനം. 1944-45 വരെ പുന്നപ്രയിലെ കോൺഗ്രസ് സെക്രട്ടറിയായിരുന്നു. പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർടിയിലേക്കു വന്നത്. ഇതിൽ സൈമൺ ആശാന്റെ സ്വാധീനം വലുതായിരുന്നു. സെക്രട്ടറി ആയിരുന്ന സൈമൺ ആശാൻ 1945 ആഗസ്റ്റിൽ കരുതൽ തടവുകാരനായതിനെ തുടർന്നാണ് ബെൻ ആക്ടിംഗ് സെക്രട്ടറിയായത്.
യൂണിയന്റെ രൂപീകരണം ആലപ്പുഴ തീരപ്രദേശത്തു വലിയ ചലനം സൃഷ്ടിച്ചു. വൈസ് പ്രസിഡന്റുമാരായിരുന്ന പി.പി. ജോൺകുട്ടി (കാട്ടൂർ), റ്റി.സി. പത്മനാഭൻ (ആലപ്പുഴ), വി.കെ. ഭാസ്കരൻ (വട്ടയാൽ), കെ.എസ്. ബെൻ (പുന്നപ്ര) എന്നിവർ അസാമാന്യ സംഘടനശേഷിയും പ്രാദേശിക സ്വാധീനവുമുള്ളവരുമായിരുന്നു. താലൂക്കിന്റെ കടലോര പ്രദേശങ്ങളിൽ ശക്തമായ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.
പങ്കുവയ്പ്പ് വെട്ടിപ്പുകളും അടിമവേലയും മറ്റു ചൂഷണങ്ങളും ചോദ്യം ചെയ്യപ്പെട്ടു. തൊഴിലാളികളെ അടക്കിനിർത്താൻ പ്രമാണിമാർ പൊലീസിനെ ഉപയോഗപ്പെടുത്തി. നാല് മത്സ്യത്തൊഴിലാളികളെ ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കേസിൽ ശിക്ഷിച്ച് സെൻട്രൽ ജയിലിലയച്ചു. മർദ്ദനത്തെ ചെറുക്കുന്നതിന് ബെൻ പദ്ധതി ആവിഷ്കരിച്ചു. മുതലാളിമാർ ഒത്തുതീർപ്പിനു തയ്യാറല്ലെങ്കിൽ ബലംപ്രയോഗിക്കാനായിരുന്നു പരിപാടി. അങ്ങനെ മുതലാളിമാരുടെ ഓഫീസിനും മത്സ്യകൂടങ്ങൾക്കും തീയിട്ടു. മുതലാളിമാരെ രക്ഷിക്കാൻ വന്നവരെയും കൈകാര്യം ചെയ്തു. ഒരു മത്സ്യമുതലാളിയുടെ വീടും തീവച്ചു. പൊലീസ് എത്തിയപ്പോൾ ബെന്നിന്റെ നിർദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികൾ പിരിഞ്ഞുപോയി. ഈയൊരു സാഹചര്യത്തിലാണ് ഒക്ടോബർ 18-ന് അപ്ലോൺ അറൗജിന്റെ വീട്ടിൽ പൊലീസ് ക്യാമ്പ് തുടങ്ങിയത്.
മത്സ്യത്തൊഴിലാളികളുടെമേൽ പുതിയ കേസുകൾ ചാർജ്ജ് ചെയ്തു. പി.ഇ5/122-ന്റെ 38-ാം പ്രതിയായിരുന്നു ബെൻ. ഒക്ടോബർ 21-ന് ഡിഎസ്.പിയുടെ നേതൃത്വത്തിലുള്ള മാർച്ച് തൊഴിലാളികൾ തടഞ്ഞു. ഒക്ടോബർ 23-ന് ക്യാമ്പുകളിൽ നിന്നുള്ള ജാഥകൾ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചു. ബെന്നിന്റെ മേൽ പി.ഇ9/122 നമ്പർ പ്രകാരം ഇൻസ്പെക്ടറെയും പൊലീസിനെയും കൊലചെയ്തതിനു മൂന്നാം പ്രതിയാക്കി പുതിയൊരു കേസുകൂടി ചാർജ്ജ് ചെയ്തു. തുടർന്ന് ബെൻ ഒളിവിൽ പോയി.
ബെൻ വടകരയിലെ ഒരു ഷെൽട്ടറിലാണ് എത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ബേപ്പൂരിലായി താമസം. ബേപ്പൂരിൽ ബാലൻ എന്ന കള്ളപ്പേരിൽ മഠത്തിൽക്കുറ്റി നാരായണ മേനോന്റെ വസതിയിൽ താമസമായി. ആ വീട്ടിലെ മകളായ കമലാക്ഷിയെന്ന മണിയെയാണ് പിന്നീടു വിവാഹം ചെയ്തത്. കേസുകൾ പിൻവലിച്ചശേഷമാണ് ആലപ്പുഴയിൽ എത്തിയത്. മർദ്ദനംമൂലം ക്ഷയരോഗിയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.