കെ.എൻ. ദത്ത്
ആലപ്പുഴയിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു കെ.എൻ. ദത്ത്. ഇദ്ദേഹമായിരുന്നു മറ്റു സമീപപ്രദേശങ്ങളിൽ പാർടിയുടെ ഘടകങ്ങൾ രൂപീകരിച്ചതും രാഷ്ട്രീയ വിദ്യാഭ്യാസത്തിനു മുൻകൈയെടുത്തതും. 1938-ലെ പൊതുപണിമുടക്കിന് ആശയപരമായും സംഘടനാപരമായ നേതൃത്വവും നൽകിയത് കോൺഗ്രസ് സോഷ്യലിസ്റ്റുകാർ ആയിരുന്നു.
കയർത്തൊഴിലാളിയായ കെ.എൻ. ദത്ത് തിരുവിതാംകൂർ ലേബർ അസോസിയേഷനിൽ അംഗമായിരുന്നു. ‘തൊഴിലാളി’ പത്രം ദത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാടു കരുപ്പിടിപ്പിക്കുന്നതിൽ വലിയപങ്കു വഹിച്ചിട്ടുണ്ട്. 1937-ൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്തപ്പോൾ യൂണിയൻ ഭരണസമിതിയിൽ പുതുരക്തത്തിനു കൂടുതൽ പ്രാതിനിധ്യം ലഭിച്ചു. ദത്ത് യൂണിയൻ എക്സിക്യുട്ടീവിൽ അംഗമായി.
1938-ലെ പണിമുടക്കിൽ സജീവ പങ്കുവഹിച്ചു. കൊച്ചിയിൽ നിന്നും മലബാറിൽ നിന്നും രഹസ്യമായി ഇവിടെ കൊണ്ടുവന്നിരുന്ന രേഖകൾ സൈക്ലോ സ്റ്റൈൽ യന്ത്രത്തിൽ അച്ചടിച്ചു വിതരണം ചെയ്യുന്ന കേന്ദ്രം ദത്തിന്റെ വീടായിരുന്നു. പണിമുടക്കുകാലത്തെ പരിശീലനങ്ങളുടെ ഭാഗമായി ദത്തിന്റെ ഭാഗിനേയി ലക്ഷ്മിക്കുട്ടി പില്ക്കാലത്ത് മഹിളാ സംഘാടകയായി വളർന്നു. മൊറാഴ കേസിൽ പ്രതിയായി ആലപ്പുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പി.കെ. മാധവനെയാണു ലക്ഷ്മിക്കുട്ടി വിവാഹം ചെയ്തത്.
മഹാത്മാഗാന്ധിയുടെ ഇടപെടലിനെ തുടർന്നു സ്റ്റേറ്റ് കോൺഗ്രസ് ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിൽ നിന്നു പിൻവാങ്ങിയത് യുവാക്കളിൽ വലിയ അസംതൃപ്തി സൃഷ്ടിച്ചു. അവർ യൂത്ത് ലീഗിന്റെയും റാഡിക്കൽ ഗ്രൂപ്പിന്റെയും പ്രവർത്തകരായി. ദത്തും ഈ പുതിയ പ്രവണതകൾക്കൊപ്പം സഞ്ചരിച്ചു.
കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലും ദത്ത് സജീവമായിരുന്നു. ആലപ്പുഴ കൊമ്മാടി പാലത്തിനു സമീപത്തു പി.കെ. പത്മനാഭവൻ രൂപം നല്കിയ “പഠന കേന്ദ്രം” കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമായിരുന്നു.
1936-ൽ മഞ്ചേരത്ത് ഗോവിന്ദൻ എഴുതിയ “രക്തം തിളയ്ക്കട്ടെ” എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തൊഴിലാളി വാരികയുടെ ലൈസൻസ് സർക്കാർ റദ്ദ് ചെയ്തു. കായംകുളത്തു വി.ആർ. നാണുവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘സജീവൻ’ വാരിക പുനപ്രസിദ്ധീകരണ അവകാശം വാങ്ങിക്കൊണ്ട് പി.കെ. പത്മനാഭൻ ഏറ്റെടുത്തു. സജീവനിൽ ദത്ത് കഥകളും ലേഖനങ്ങളും എഴുതിയിരുന്നു.
യുദ്ധകാലത്തെ സലീറ്റ സമരത്തെത്തുടർന്ന് 1940-ൽ ആർ. സുഗതനെയും ദത്തിനെയും അറസ്റ്റ് ചെയ്തു. എം.എൻ. ഗോവിന്ദൻനായരുടെ പത്രാധിപത്യത്തിൽ രഹസ്യമായി കല്ലച്ചിൽ അച്ചടിപ്പിച്ചിരുന്ന “തീപ്പൊരി” പത്രത്തിന്റെ കോപ്പി സഹിതമാണ് ദത്തിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടുകൊല്ലം കഠിനതടവിനും പിഴയും ശിക്ഷിച്ചു.