കെ.എൻ. ശങ്കുണ്ണി
മാരാരിക്കുളം സമരത്തിന്റെ കേന്ദ്രബിന്ദുവായി നിന്ന കണ്ണർകാട്ട് ക്യാമ്പിന്റെ നേതാവ് ആയിരുന്നു വനസ്വർഗ്ഗം ശങ്കുണ്ണി എന്ന് അറിയപ്പെടുന്ന കഞ്ഞിക്കുഴിയിലെ കെ.എൻ. ശങ്കുണ്ണി.
1925-ൽ ജനനം. നാലാം ക്ലാസുവരെ മുഹമ്മയിലെ കപ്പേള സ്കൂളിൽ പഠിച്ചു. അച്ഛൻ നാരായണൻ ഒരു ചെറുകിട കച്ചവടക്കാരനായിരുന്നു. വീട് വനസ്വർഗ്ഗം മൈതാനത്തിനു സമീപമായിരുന്നു. ഈ മൈതാനത്ത് അഖില കേരള തൊഴിലാളി സമ്മേളനം അടക്കമുള്ള വിപുലമായ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. ഈ യോഗങ്ങളിൽ നിന്നാണ് രാഷ്ട്രീയം പഠിച്ചു തുടങ്ങിയത്.
മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ മാനേജിംഗ് കമ്മിറ്റി അംഗമായി. 1945-ൽ പാർടി അംഗമായി. ജന്മിമാരുടെയും ഗുണ്ടകളുടെയും പീഡനം സഹിക്കാനാകാതെയാണ് വയലാർ പ്രദേശത്തു ജനങ്ങൾ സ്വയംരക്ഷാർത്ഥം ക്യാമ്പുകളിൽ സഹവസിക്കാൻ തുടങ്ങിയത്. ഇത്തരമൊരു സ്ഥിതിവിശേഷം മുഹമ്മ, കഞ്ഞിക്കുഴി പ്രദേശത്ത് ഇല്ലായിരുന്നുവെങ്കിലും ഇവിടെയും ക്യാമ്പുകൾ രൂപീകരിച്ചു.
ഒക്ടോബർ 24-ന് എല്ലാ തൊഴിലാളി വിഭാഗങ്ങളും ഒരുമിച്ചു വാരിക്കുന്തമേന്തി പ്രകടനമായി നീങ്ങി. ചുവപ്പ് കോളർ ബനിയും കാക്കി ട്രൗസറും ധരിച്ച വോളണ്ടിയർമാർ മുന്നിൽ അണിനിരന്നു. പ്രകടനം യൂണിയൻ അതിർത്തി ചുറ്റി വീണ്ടും മുഹമ്മയിലെത്തി. ലക്ഷ്യം മുഹമ്മ ജംഗ്ഷനിൽ ആരംഭിച്ചിരുന്ന റിസർവ്വ് പൊലീസിന്റെ ക്യാമ്പ് ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ പൊലീസുകാർ അവിടെനിന്നും പിൻമാറി. മൂപ്പരിപ്പാലം പൊളിച്ചശേഷം മാരാരിക്കുളം പാലവും പൊളിച്ചു. പൊളിച്ചപാലം പട്ടാളം പുനർനിർമ്മിച്ചു. രണ്ടാംവട്ടം പുനർനിർമ്മിച്ച പാലം പൊളിക്കാൻ എത്തിയ സമരസേനാനികളെ ഒഴിഞ്ഞ വീടുകളിലും മരച്ചില്ലകളിലും ഒളിച്ചിരുന്ന പട്ടാളം വെടിവച്ചു വീഴ്ത്തി. 13 പേർ കൊല്ലപ്പെട്ടു. ശങ്കുണ്ണി ഒളിവിൽ പോകാൻ നിർബന്ധിതനായി.
1948-ൽ ശങ്കുണ്ണിയെ അറസ്റ്റ് ചെയ്തു. ആറുമാസം ശിക്ഷിച്ച് സെൻട്രൽ ജയിലിലടച്ചു. പതിനാലാം ദിവസം വീണ്ടും കള്ളക്കേസിൽ കുടുക്കി. ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി. വീണ്ടും സെൻട്രൽ ജയിലിലെത്തി. 1949 ഒക്ടോബർ മാസത്തിലെ ജയിൽ കലാപത്തിൽ ഭീകരമർദ്ദനമേറ്റു. ആ സമരത്തെക്കുറിച്ച് ഏറ്റവും വിശദമായ വിവരണം ശങ്കുണ്ണിയുടേതാണ്.
ശങ്കുണ്ണി ഊർജ്ജ്വസ്വലനായ സംഘടനാ പ്രവർത്തകൻ മാത്രമല്ല, ഗായകനും ചിത്രകാരനും ആയിരുന്നു. മിക്കവാറും അക്കാലത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിന് പാർട്ടി തീരുമാനമനുസരിച്ച് പോകാറുണ്ടായിരുന്നു. 1957-ൽ മാരാരിക്കുളം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി. 1964-നുശേഷം സിപിഐയുടെ മാരാരിക്കുളം മണ്ഡലം കമ്മിറ്റി അംഗമായും അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.