കെ.കെ. കമലാക്ഷി
വയലാർ ക്യാമ്പിന്റെ ക്യാപ്റ്റൻ ആയിരുന്ന കെ.സി. വേലായുധന്റെ സഹധർമ്മിണിയാണ് കെ.കെ. കമലാക്ഷി. വയലാർ ക്യാമ്പിൽ കെ.കെ. കമലാക്ഷിയും അംഗമായിരുന്നു.
വളരെ ചെറുപ്പംമുതൽ തന്നെ കമലാക്ഷി രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിൽ ചിലർ എതിർപ്പു കാണിച്ചെങ്കിലും അച്ഛനും സഹോദരനും പിന്തുണച്ചു. കയർപിരി മേഖലയിലെ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണു വ്യാപൃതയായത്. അന്ന് വയലാർ രവിയുടെ മാതാവ് ദേവകി കൃഷ്ണനും സ്തീകൾക്കു നേതൃത്വം നൽകാൻ ഉണ്ടായിരുന്നൂവെന്ന് കമലാക്ഷി ഓർക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർടി 1940-കളിൽ കയർപിരി മേഖലയിലും മത്സ്യബന്ധന മേഖലയിലും കാർഷിക മേഖലയിലും തൊഴിലാളികെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തിരുന്നു. ഈ പ്രവർത്തനങ്ങളിൽ കമലാക്ഷിയും പങ്കാളിയായി. തൊഴിലാളികൾക്കെതിരായ ആക്രമണങ്ങളിൽ പലപ്പോഴും ഇരകളാവുക സ്ത്രീകളാണ്. അതുകൊണ്ട് ഈ മേഖലകളിലെ സംഘടനകൾ സ്ത്രീകൾക്കു വലിയ ആത്മവിശ്വാസം നൽകിയെന്നു കമലാക്ഷി പറഞ്ഞിട്ടുണ്ട്.
ജന്മിമാരുടെ ഗുണ്ടകൾ മത്സ്യത്തൊഴിലാളി സ്ത്രീകളെ മത്സ്യവില്പനയ്ക്കു പോകുന്ന സമയത്തു പലതരത്തിൽ പീഡിപ്പിച്ചിരുന്നു. ഒരിക്കൽ മത്സ്യം വിൽക്കാൻപോയ ഒരു സ്ത്രീയെ മൂത്രപ്പുരയിലിട്ടു പൂട്ടിയ സംഭവമുണ്ടായി. ഇത്തരം ഹീനപ്രവൃത്തികൾക്കെതിരെ പ്രതിഷേധ സമരങ്ങൾ നടത്തുകയുണ്ടായി.
കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കാലഘട്ടത്തിലാണു മീനാക്ഷി കെ.സി. വേലായുധനുമായി പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. വയലാർ ക്യാമ്പിൽ സ്ത്രീകളും ഉണ്ടായിരുന്നു. രാത്രി വീടുകളിലേക്കു പോകും. പ്രകടനങ്ങൾ നടത്തുക, ഭക്ഷണം പാചകം ചെയ്തു കൊടുക്കുക എന്നിവയായിരുന്നു ചുമതലകൾ.
വെടിവയ്പ്പിനുശേഷം കമലാക്ഷിയുടെ വീട് പട്ടാളം തല്ലിത്തകർത്തു. വീട്ടിൽ നിന്നും മാറിതാമസിക്കേണ്ടിവന്നു. കെ.സി. വേലായുധൻ ഒളിവിലും പോയി. 1946-52 കാലയളവിൽ വേലായുധൻ ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും ആശുപത്രി ജയിലിലുമായി 34 മാസം തടവിലായിരുന്നു.
മരിച്ചവരുടെയും ഒളിവിൽപോയവരുടെയും ജയിലിൽ പോയവരുടെയും വീടുകളിലെ സ്ത്രീകളുടെ ജീവിതം അതീവദുഷ്കരമായിരുന്നു. കമലാക്ഷി ഇത്തരം കാലയളവിൽ വീടിനെപോറ്റാൻ ജോലിയെടുക്കുക മാത്രമല്ല, സജീവരാഷ്ട്രീയത്തിലും മുഴുകി.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. വയലാർ ലോക്കൽ കമ്മറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, കയർ തൊഴിലാളി യൂണിയൻ സിഐടിയു താലൂക്ക് ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വയലാർ പഞ്ചായത്ത് അംഗമായിരുന്നു.മക്കൾ:ബാബു, കാർത്തികേയൻ, ടാനിയ, സുകർണ്ണോവ്, ദിമിത്രോവ്, സന്തോഷ് കുമാർ. കെ.സി. വേലായുധനെക്കുറിച്ച് ക്രമനമ്പരിൽ ————–ൽ എഴുതിയിട്ടുണ്ട്.