കെ.കെ. കൊച്ചുനാരായണൻ
ബന്ധനസ്ഥനാക്കി തുടർച്ചയായി മർദ്ദിച്ചുകൊണ്ടിരുന്ന ഇൻസ്പെക്ടർ സത്യനേശനോട് കൊച്ചുനാരായണൻ ഗർജ്ജിച്ചു “സിപിയുടെ ചോറ്റുപട്ടി, ചുണയുണ്ടെങ്കിൽ എന്റെ കൈയിലെ കെട്ടൊന്ന് അഴിക്ക്”. ഒരു നിമിഷം പൊലീസ് സ്തംഭിച്ചുവെങ്കിലും പിന്നീട് നടന്നത് ഒരു പൈശാചിക മർദ്ദനമായിരുന്നു.
മണ്ണഞ്ചേരി വടക്കനാര്യാട് കണ്ടത്തിൽ വീട്ടിൽ കണ്ടന്റെയും കുഞ്ഞമ്മയുടെയും മകനായി 1919-ൽ ജനിച്ചു. നാലാംതരം വരെ വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. ആസ്പിൻവാൾ കമ്പനിയിലെ ഫാക്ടറി കമ്മിറ്റി കൺവീനർ. ദൃഡഗാത്രൻ. വിരിശ്ശേരി ക്യാമ്പിന്റെ നേതാവ്. ഒക്ടോബർ 24-ലെ ജാഥ നയിച്ചു. കോമളപുരം പാലം പൊളിച്ചു, ഫോൺ കമ്പികൾ മുറിച്ചു.
വയലാർ വെടിവയ്പ്പ് കഴിഞ്ഞു സമരം പിൻവലിച്ചശേഷം ആര്യാട്ടെ കേന്ദ്രത്തിൽനിന്ന് കെ.സി. ജോർജ്ജ് അടക്കമുള്ള നേതാക്കളെ വള്ളം വഴി പൊലീസ് വലയത്തിനു പുറത്തുകൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തതു കൊച്ചുനാരായണൻ ആയിരുന്നു. പൊലീസ് ശല്യം രൂക്ഷമായപ്പോൾ കൊച്ചുനാരായണനും ആലപ്പുഴ വിട്ടു. കുറച്ചുനാൾ തമിഴ്നാട്ടിലെ അമൈനായ്ക്കന്നൂരിൽ ആയിരുന്നു.
വീണ്ടും തിരികെ ആലപ്പുഴയിലെത്തി. 1949-ൽ ജനാർദ്ദനൻ രക്തസാക്ഷിയായ പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ മുൻനിരയിൽ കൊച്ചുനാരായണൻ ഉണ്ടായിരുന്നു. കേസിലെ പ്രധാന പ്രതികളിൽ ഒരാളായി. അതിനിടെ ഒരു ഒറ്റുകാരനെ ഫാക്ടറിയിൽ നിന്ന് ഓടിച്ചിട്ടു തല്ലി. രോഷാകുലരായ പൊലീസ് ആ പ്രദേശമാകെ ചവിട്ടിമെതിച്ചു.
ഒരു മാസമെടുത്തു നാരായണൻ ഒളിവിൽ താമസിച്ചിരുന്ന വീട് കണ്ടുപിടിക്കാൻ. കടന്നുചെന്ന പൊലീസുകാരെ അടിച്ചുവീഴ്ത്തി. എന്നാൽ കൂടുതൽ പൊലീസുകാരെത്തി കീഴ്പ്പെടുത്തി. അപ്പോഴുണ്ടായ പ്രതികരണമാണ് തുടക്കത്തിൽ കൊടുത്തത്. പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സത്യനേശൻ നാടാർ കാത്തിരിപ്പുണ്ടായിരുന്നു. പിന്നെ അയാളുടെവക ഭീകരമർദ്ദനമായിരുന്നു. ഒന്നേകാൽ വർഷം ലോക്കപ്പിൽ കിടന്നു. ഒരു ദിവസം ഒരടിയെങ്കിലും കിട്ടാതിരുന്നിട്ടില്ല. രണ്ടരവർഷം ജയിലിൽ ശിക്ഷ അനുഭവിച്ചു. ആരോഗ്യം തകർന്നെങ്കിലും രാഷ്ട്രീയം തുടർന്നു.
രസകരമായ ഒരു പിൻകുറിപ്പ് ഈ കഥയ്ക്കുണ്ട്. പിന്നീട് സിനിമാ നടനായി തീർന്ന സത്യൻ കൊച്ചുനാരായണനെ കാണാൻ ഉദയാ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. കൊച്ചുനാരായണൻ മറുപടിപോലും കൊടുക്കാൻ തയ്യാറായില്ല. അവസാനം സത്യൻ തന്നെ കാറിൽ വീട്ടിൽവന്നു. സത്യനോടു നെഞ്ചുതടവിക്കൊണ്ട് കൊച്ചുനാരായണൻ പറഞ്ഞു “ഞാൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് തന്നെ”.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. വിഎസിന്റെ ഉറ്റസുഹൃത്തായിരുന്നു. ഭാര്യ ജഗദമ്മ ദീർഘകാലം പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായിരുന്നു. 1999-ൽ അന്തരിച്ചു. മക്കൾ: സീത, ലാലി, ഷീല, നാനി.