കെ.ഡി. പ്രഭാകരന്
വയലാർ കോയിക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറ് കൊച്ചിട്ടപ്പറമ്പ് വീട്ടില് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പട്ടാളക്കാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും സമരത്തിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്നു. പ്രഭാകരന്റെ രക്തസാക്ഷിത്വത്തെ തൊട്ടടുത്തുളള വീട്ടിൽ ഉണ്ടായിരുന്ന ചീരമ്മ ഇങ്ങനെയാണ് വിവരിക്കുന്നത് – “ഞങ്ങൾ വടക്കോട്ടു നോക്കുമ്പോൾ ഈരക്കരി പ്രഭാകരൻ കായലിൽ നെഞ്ചറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പാടുന്നു: അരുത് സഖാക്കളേ, നിങ്ങൾക്കും ഞങ്ങൾക്കും ധരണിക്കും വേണ്ടിയാണീ സമരം. പ്രഭാകരൻ ഇങ്ങനെ ഉറക്കെപാടിയിട്ട് വെള്ളത്തിലോട്ടു മുങ്ങി. വീണ്ടും പൊങ്ങിവന്നു മുദ്രാവാക്യം വിളിച്ചിട്ട് വെടിവയ്ക്കരുത്. നിങ്ങൾ തിരിച്ചുപോകണം എന്നു വിളിച്ചുപറഞ്ഞു പിന്നെയും മുങ്ങി… അങ്ങനെ മുങ്ങിയപ്പോഴായിരുന്നു വെടി. പ്രഭാകരന്റെ ശബ്ദം പിന്നെ ഞങ്ങൾ കേട്ടില്ല. മരിച്ചുപോയെന്നു ഞങ്ങൾക്കു മനസിലായി.” ഭാര്യ തങ്കമ്മ ചേർത്തല മഹിളാസംഘത്തിലെ പ്രവർത്തകയായിരുന്നു. തുടർന്നു രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി. 2010-ലാണ് മരിച്ചത്. മകൾ: ശ്യാമള.