കെ. ദാസ്
മാരാരിക്കുളം സമരത്തിന്റെ പ്രമുഖനേതാക്കളിൽ ഒരാളായിരുന്നു കെ. ദാസ്. നിസ്വാർത്ഥ രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രതിരൂപമായിരുന്നു. നിയമസഭയിലേക്കു മത്സരിക്കാൻ പാർടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചപ്പോഴും സ്വയം ഒഴിവാകുകയായിരുന്നു.
1921-ൽ മുഹമ്മ ചാരമംഗലത്തെ കർഷ കുടുംബമായ തുരുത്തിക്കാട് കേശവന്റെയും ചീരമ്മയുടെയും മകനായി ജനിച്ചു. ഏഴാംക്ലാസുവരെ മുഹമ്മയിൽ പഠിച്ചു. തിരുവനന്തപുരത്തെ തുടർപഠനം പൂർത്തിയാക്കാനായില്ല. കോൺഗ്രസ് പ്രവർത്തകനായിട്ടാണു പൊതുജീവിതം ആരംഭിച്ചത്. മുഹമ്മയിലെ കയർ ട്രേഡ് യൂണിയനുമായി സഹകരിച്ചു പ്രവർത്തിച്ചു. 1938-ലെ പണിമുടക്കിൽ സജീവമായിരുന്നു. പണിമുടക്കത്തിനുശേഷവും ഒത്തുതീർപ്പുവ്യവസ്ഥകൾ പാലിക്കാത്ത ചെറുകിട ഫാക്ടറികളിൽ വീണ്ടും സമരം വേണ്ടിവന്നു.
പി. കൃഷ്ണപിള്ളയുടെ ക്ലാസുകളിൽ പങ്കെടുത്തതായി ദാസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും കമ്മ്യൂണിസ്റ്റ് പാർടിയുടെയും പ്രവർത്തകനായി. രണ്ടാംലോക മഹായുദ്ധകാലത്ത് ചേർത്തലയിൽ റിലീഫ് വേലകൾ ഏറ്റെടുക്കുകയും റേഷനരി വിതരണം നടത്തുന്നതിനും മുൻകൈയെടുത്തു.
1945-ൽ മുഹമ്മ കയർഫാക്ടറി വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയായി. ഫാക്ടറി കമ്മിറ്റികൾക്കു പുറമേ വാർഡ് കമ്മിറ്റികൾ. കഞ്ഞിക്കുഴി, പുത്തനങ്ങാടി, കണിച്ചുകുളങ്ങര എന്നിവിടങ്ങളിൽ സബ് ആഫീസുകളും ആരംഭിച്ചു. സബ് ആഫീസുകളിൽ നിശാപാഠശാല, അക്ഷരവിദ്യാഭ്യാസം, പ്രസംഗ പരമ്പര, ചർച്ചകൾ എന്നിങ്ങനെ ദൈനംദിന പരിപാടികളായി സജീവമായി.
അധികാര വർഗ്ഗത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ ദാസിനെ പുന്നപ്ര-വയലാർ സമരത്തിന്റെ തുടക്കത്തിൽതന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ചേർത്തല സ്റ്റേഷൻ ലോക്കപ്പിലും മറ്റും ക്രൂരമായ മർദ്ദനത്തിനു വിധേയനായ അദ്ദേഹം ഒരു വർഷത്തിലേറെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു.
ജയിൽമോചിതനായശേഷം 1949-ൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ ചേർത്തല താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. കൽക്കട്ട പാർടികോൺഗ്രസിനെ തുടർന്നു ദാസിനെ വീണ്ടും അറസ്റ്റ് ചെയ്തു. പിന്നെയും രണ്ടരവർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു.
1964-ൽ കമ്മ്യൂണിസ്റ്റ് പാർടി ഭിന്നിച്ചപ്പോൾ സിപിഐ(എം)-ന്റെകൂടെ നിലയുറപ്പിച്ചു. മാരാരിക്കുളം മണ്ഡലത്തിൽ പാർടിയെ ശക്തിപ്പെടുത്തുന്നതിൽ മുന്നിൽനിന്നു പ്രവർത്തിച്ചു. കരുതൽ തടങ്കൽ നിയമം ഉപയോഗിച്ച് നേതൃനിരയിലുണ്ടായിരുന്ന പലരെയും അറസ്റ്റ് ചെയ്തു ജലിലിൽ അടച്ചപ്പോൾ സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയായികെ. ദാസ് കുറേക്കാലം പ്രവർത്തിച്ചു.
എഴുപതുകളുടെ തുടക്കം മുതൽ അദ്ദേഹം മുഹമ്മ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാണു കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്. മുഹമ്മ കേന്ദ്രീകരിച്ച് യൂണിയന്റെ പ്രസിഡന്റായും രണ്ടുപതിറ്റാണ്ടിലേറെക്കാലം പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം മാതൃകാപരമായ പ്രവർത്തനം തുടർന്നു. 2006-ൽ സ. കെ. ദാസ് അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സക്കുഭായി, ജ്ഞാനമ്മ, ഷാജി.