കെ. മീനാക്ഷി
ആലപ്പുഴ തൊഴിലാളിപ്രസ്ഥാനത്തിലെ ഏറ്റവും ഉജ്ജ്വലമായ വനിതാ സമരസാന്നിദ്ധ്യങ്ങളിലൊന്നാണ് കെ. മീനാക്ഷി. ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പാർടിയിലെ ആദ്യ വനിതാ അംഗം. ട്രേഡ് യൂണിയനിലെ ആദ്യ വനിതാ നേതാവ്. മഹിളാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ. വിപ്ലവഗായിക. ഇതെല്ലാം അവരുടെ ബഹുമുഖ വ്യക്തിത്വത്തിന്റെ മാനങ്ങളാണ്.
ആലപ്പുഴ കളർകോട് കുട്ടിയമ്മയുടെയും ഹരിപ്പാട് ബാലൻ വൈദ്യന്റെയും മൂന്നു മക്കളിൽ രണ്ടാമത്തേതായിരുന്നു മീനാക്ഷി. അച്ഛന്റെ അകാലമരണശേഷം അമ്മയുടെ സഹോദരന്റെ വീട്ടിലേക്കു വന്നു. അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം കയർപിരി തൊഴിലാളിയായി. പിന്നീട് ആലപ്പുഴ ആസ്പിൻവാൾ കമ്പനിയിൽ തൊഴിലാളിയായി.
ആശാൻ കവിതകൾ ഈണത്തിൽ ചൊല്ലുന്ന മീനാക്ഷി ട്രേഡ് യൂണിയൻ യോഗങ്ങളിൽ പാട്ടുകാരിയായി. തൊഴിലാളി കലാ-സാംസ്കാരിക കേന്ദ്രം ആരംഭിച്ച നാൾ മുതൽ അതിലെ സജീവപ്രവർത്തകയായി. മേദിനി, അനസൂയ തുടങ്ങിയവരെ കൈപിടിച്ച് ഉയർത്തുന്നതിൽ വലിയപങ്ക് മീനാക്ഷിക്കുണ്ട്.
1934-ൽ 15-ാം വയസിലാണ് അമ്പലപ്പുഴ താലൂക്ക് കയർപിരി തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായത്. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ സജീവപ്രവർത്തകയായി. മഹിളാ ഫാക്ടറി കമ്മിറ്റികൾ രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തനത്തോടൊപ്പം പി. കൃഷ്ണപിള്ളയുടെ ശിക്ഷണത്തിൽ മഹിളാസംഘം കെട്ടിപ്പടുക്കുന്നതിലും പങ്കാളിയായി. പാർടി തീരുമാനപ്രകാരം മുഴുവൻസമയ പ്രവർത്തകയായി.
1942-ൽ ആലപ്പുഴ പട്ടണത്തിനു വടക്കുള്ള ഒരു ലോഡ്ജിൽ വാടകയ്ക്ക് മുറിയെടുത്ത് കെ. ദേവയാനിയും കെ. മീനാക്ഷിയും ആര്യാട്ടെ ദാക്ഷായണിയും ചുങ്കത്തെ ഭവാനിയും ഒരുമിച്ചു താമസിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. ദേവയാനിയുടെ പ്രവർത്തനമേഖല മലബാറിലേക്കു മാറിയപ്പോൾ മഹിളാസംഘത്തിന്റെ ചുമതല കെ. മീനാക്ഷിക്കായി. ആലപ്പുഴ ടൗൺ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു.
പുന്നപ്ര-വയലാർ സമര തയ്യാറെടുപ്പുകാലത്തും പിന്നീടും പാർടി രഹസ്യസംഘടനയുടെ ഡാക്ക്മാനായി മീനാക്ഷി പ്രവർത്തിച്ചിട്ടുണ്ട്. പുരുഷവേഷംകെട്ടി രാത്രി കമ്മിറ്റികൾക്കു പോകുമായിരുന്നു. സ. പത്മൻ എന്നായിരുന്നു വിളിപ്പേര്. സ്ത്രീകൾക്കു നേരെയുള്ള പൊലീസ്-ഗുണ്ടാ അതിക്രമങ്ങൾക്കു ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നതിനു മുന്നിൽനിന്നു. സമരത്തിനുശേഷം ഒരു ഘട്ടത്തിൽ യൂണിയൻ ഓഫീസിന്റെ നടത്തിപ്പ് മീനാക്ഷിയുടെ ചുമതലയിലായിരുന്നു.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പുന്നപ്ര സമരനേതാവ് വി.കെ. ഭാസ്കരനെ വിവാഹം ചെയ്തു. ഭാസ്കരന്റെ രോഗശുശ്രൂഷയോടൊപ്പം രണ്ട് കുട്ടികളെ വളർത്തുന്നതിനു കഠിനപ്രയാസങ്ങൾ മീനാക്ഷിക്കു നേരിടേണ്ടി വന്നു. 1967-ൽ ഭാസ്കരൻ മരണമടഞ്ഞു. എന്നാൽ ഈ സഹനങ്ങളൊന്നും മീനാക്ഷിയുടെ രാഷ്ട്രീയപ്രവർത്തനത്തെ ബാധിച്ചിരുന്നില്ല. കർഷകത്തൊഴിലാളി സംഘടനയിൽ സജീവമായി. കുടികിടപ്പ് സമരമടക്കമുള്ള പ്രക്ഷോഭങ്ങളിൽ സജീവപങ്കാളിയായി. 2002 ഫെബ്രുവരി 25-ന് മീനാക്ഷി അന്തരിച്ചു.