കെ.വി. തങ്കപ്പൻ
മാരാരിക്കുളം സമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. മുഹമ്മ യൂണിയൻ ആഫീസ് കേന്ദ്രീകരിച്ചുള്ള ക്യാമ്പിന്റെ ക്യാപ്റ്റൻ ആയിരുന്നു കെ.വി. തങ്കപ്പൻ.
മുഹമ്മ പുത്തൻപറമ്പ് വാവയുടെയും നാരായണിയുടെയും മകനായി 1920-ൽ ജനിച്ചു. അഞ്ചാംക്ലാസ് വരെ വിദ്യാഭ്യാസം.അച്ഛൻ ജോലി ചെയ്തിരുന്ന വില്യംഗുഡേക്കർ കയർ കമ്പനിയിൽ തങ്കപ്പനും തൊഴിലാളിയായി. 1937-ൽ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപീകൃതമായതു മുതൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. മൂപ്പൻ കാശിനെതിരെ 1938-ൽ നടത്തിയ പണിമുടക്കിൽ സജീവമായിരുന്നു.പൊതുപണിമുടക്കത്തോടെയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർടിയിലും അംഗമാകുന്നത്.
കൂറ്റുവേലി, കണ്ണർക്കാട്, കായിപ്പുറം, പുത്തനങ്ങാടി, മുഹമ്മ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ സേനാനീക്കം തടയുന്നതിന് മാരാരിക്കുളം പാലം പൊളിക്കാനുള്ള ചുമതല മുഹമ്മ ക്യാമ്പിൽ ഉള്ളവർക്കായിരുന്നു. പാലം പൊളിച്ചൂവെങ്കിലും പട്ടാളം പുനർനിർമ്മിച്ചു. രണ്ടാംതവണ പുനർനിർമ്മിച്ചതു വീണ്ടും പൊളിക്കാനുള്ള ശ്രമത്തെ തടയാൻ അടുത്തുള്ള വീടുകളിൽ ഒളിഞ്ഞിരുന്ന പട്ടാളം വെടിയുതിർത്തു. ഏഴ് സഖാക്കൾ കൊല്ലപ്പെട്ടു. പകരം വീട്ടാൻ പ്രകടനമായി പോകാനൊരുങ്ങിയവരെകൂടുതൽ മരണം ഒഴിവാക്കാനായി തടഞ്ഞു പിരിച്ചുവിട്ടു.
ഒളിവിൽ കഴിഞ്ഞിരുന്ന തങ്കപ്പൻ തന്റെ കടിഞ്ഞൂൽ കുട്ടിയെ കാണാൻ 28-ാം ദിവസം വീട്ടിൽ എത്തിയപ്പോൾപൊലീസ് വളഞ്ഞു പിടികൂടിമർദ്ദിച്ച് അവശനാക്കി.വരകാടി സ്റ്റേഷൻ കസ്റ്റഡിയിൽ നിന്നും പോലീസിനെവെട്ടിച്ച് തങ്കപ്പൻ മുങ്ങി. അടുത്ത അറസ്റ്റിൽ ഇതിനുംകൂടി പലിശ ചേർത്തായിരുന്നു മർദ്ദനം. സെൻട്രൽ ജയിലിൽ തടവിലായി. സമരത്തിന്റെ രണ്ടാം വാര്‍ഷികാചരണത്തിനു ജയിലിൽ കൊടി ഉയർത്തിയതിനെത്തുടർന്നു ക്രൂരമർദ്ദനത്തിന് ഇരയായി. ഭീകര മർദ്ദനത്തിനിരയായ മുഹമ്മ അയ്യപ്പന് കെ.വി. തങ്കപ്പന്റെ മടിയില്‍ കിടന്നാണ് രക്തസാക്ഷിത്വം വരിച്ചത്. അന്ന് അടിയേറ്റ് കെവിയുടെ തലപിളർന്നു.
ഒളിവിലായിരിക്കെ പാമ്പുകടിയേറ്റ സ. പി.കൃഷ്ണപിള്ളയെ വിഷചികിത്സകന്റെ അടുത്തേക്ക് കട്ടിലില്‍ ചുമന്നുകൊണ്ടു പോയവരിൽ കെ.വി.തങ്കപ്പനുമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചു.
സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം, ചേര്‍ത്തല താലൂക്ക് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് ട്രഷറര്‍, ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.2017 ആഗസ്റ്റ് 8-ന് കെ.വി. തങ്കപ്പൻ അന്തരിച്ചു. ഭാര്യ: കുഞ്ഞുകുട്ടി. മക്കൾ: ശാന്തൻ, ശാന്തമ്മ, മോഹനൻ, പുഷ്കരൻ, വിജയമ്മ.