കെ.സി.എസ്. മണി
കെ.സി.എസ്. മണി പുന്നപ്ര-വയലാർ സമരസേനാനി ആയിരുന്നില്ല. പക്ഷേ, ദിവാൻ ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ജനകീയസമരത്തെ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിന് മണിയുടെ വൈയക്തിക സാഹസികതയ്ക്കുംപങ്കുണ്ട്.
തിരുനെൽവേലിയിൽ നിന്ന് അമ്പലപ്പുഴയിൽവന്നു താമസമുറപ്പിച്ച കർഷകനായിരുന്ന ചിദംബരയ്യരുടെ മകനായി 1922 മാർച്ച് 2-ന് കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർഎന്നകെ.സി.എസ്. മണി ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയത്തിൽ നിന്ന് സ്കൂൾ ഫൈനൽ പാസായി. അമ്പലപ്പുഴയിലെ പി.കെ. മെമ്മോറിയൽ വായനശാലയുമായി ബന്ധപ്പെട്ടു കഴിയുമ്പോഴാണ് 1941-ൽ ശ്രീകണ്ഠൻനായരെ പരിചയപ്പെടുന്നത്. ശ്രീകണ്ഠൻനായരിൽ ആകൃഷ്ടനായ മണി ജോലിക്കെന്നു പറഞ്ഞു കൊല്ലത്തേക്കു പോയി. അവിടുത്തെ യൂണിയൻ ഓഫീസിൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് ആർ.എസ്.പി രൂപീകൃതമായപ്പോൾ അതിൽ അംഗമായി.
പുന്നപ്ര-വയലാർ സമരത്തിനുശേഷം ദിവാനെതിരെ പ്രതികാരം വീട്ടണമെന്നുള്ളത് ശ്രീകണ്ഠൻനായരുടെ മാത്രമല്ല, കുമ്പഴത്ത് ശങ്കുപ്പിള്ള തുടങ്ങി പല സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളുടെയും അഭിലാഷമായിരുന്നു. ഈ ദൗത്യം ഏറ്റെടുത്തത് കെസിഎസ് മണി ആയിരുന്നു. സിപിയെ വധിക്കുന്നതിനു പലവട്ടം ശ്രമിച്ചെങ്കിലും കാര്യങ്ങൾ ഒത്തുവന്നില്ല.
അവസാനം 1947 ജൂലൈയ്25-ാം തീയതി രാത്രി ദൗത്യം ഭാഗീകമായി വിജയിച്ചു. തിരുവനന്തപുരം സംഗീത അക്കാദമിയിൽ സ്വാതിതിരുനാൾ ചരമശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് എത്തിച്ചേർന്നതായിരുന്നു ദിവാൻ. ചടങ്ങിനുശേഷം തന്റെ കാറിന്റെ അടുത്തേക്ക് തിരിക്കുമ്പോഴായിരുന്നു മണി ദിവാനെ വെട്ടിയത്. ആദ്യ വെട്ട് കഴുത്തിൽ ചുറ്റിയിട്ട പട്ടിലും രണ്ടാമത്തെ വെട്ട് ഇടതുകവിളിന്റെ കീഴ്ഭാഗത്തും കൊണ്ടു. പെട്ടെന്ന് കറന്റ് പോയതും സംഭ്രമത്തിൽ ജനങ്ങൾ പാലായനം തുടങ്ങിയതും ഇരുളിൽ രക്ഷപ്പെടുന്നതിനു മണിയെ സഹായിച്ചു. വെട്ടേറ്റ സിപി ദിവാൻ പദവി ഒഴിഞ്ഞ് ഊട്ടിയിലേക്കു പോയി. പ്രതിയെ കണ്ടെത്താൻ ഏറെനാൾ പൊലീസിനായില്ല. മണിയെന്നു തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ നാളേറെയെടുത്തു. മതിയായ തെളിവില്ല എന്ന കാരണത്താൽമണിയെ കോടതി വെറുതേവിട്ടു.
കേസ് വിമുക്തനായ മണി കൗമുദി, മലയാളി, ദേശബന്ധു തുടങ്ങിയ പത്രങ്ങളിൽ 15 വർഷത്തോളം ജോലി ചെയ്തു. നാട്ടിൽ പഞ്ചായത്ത് മെമ്പറായി. ആയിടയ്ക്ക് 41 വയസു കഴിഞ്ഞിരുന്ന മണി 23 വയസുള്ള ലളിതയെ വിവാഹം ചെയ്തു. 1955-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി കുട്ടനാട് മണ്ഡലത്തിൽ മണി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ക്ഷയരോഗംബാധിച്ച് 1987 സെപ്റ്റംബർ 20-ന് 65-ാം വയസിൽ തിരുവനന്തപുരം പുലയനാർകോട്ട സാനിറ്റോറിയത്തിൽവെച്ച് മണി അന്തരിച്ചു.