കെ.സി. ജോർജ്
സമരകാലത്ത് തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർടിയുടെ പ്രസിഡന്റ് ആയിരുന്നു കെ.സി. ജോർജ്. സമരത്തിന്റെ തയ്യാറെടുപ്പു മുതൽ സമരശേഷമുള്ള പ്രതിരോധത്തിനും ചുക്കാൻപിടിച്ചു. പുന്നപ്ര-വയലാർ സമരം സംബന്ധിച്ച ഏറ്റവും ആധികാരികമായ ഗ്രന്ഥം കെ.സി. ജോർജിന്റെ ഗ്രന്ഥമാണ്.
ആറന്മുളയ്ക്ക് അടുത്ത് പുത്തൻകാവിൽ 1903-ൽ ജനിച്ചു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന കെ.ജി. ചെറിയാൻ ആയിരുന്നു പിതാവ്. പിള്ളവാതംമൂലം മുടന്തി നടക്കാനേ ജോർജിനു കഴിയുമായിരുന്നുള്ളൂ. എങ്കിലും നീന്തലിലും കളികളിലും ഒട്ടും പിന്നോക്കമായിരുന്നില്ല. തൃശ്നാപള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദമെടുത്തു. 1927-ൽ തിരുവനന്തപുരം ലോ കോളേജിൽ ചേർന്നെങ്കിലും ഡീബാർ ചെയ്യപ്പെട്ടു. ഒടുവിൽ ലക്നൗവിൽ നിന്നാണ് നിയമബിരുദമെടുത്തത്. തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.
ക്രൈസ്തവ വിശ്വാസം പ്രമാണങ്ങൾ പിന്തുടരുന്ന കുടുംബാന്തരീക്ഷമായിരുന്നു ജോർജിന്റേത്. വ്യക്തിഗതമായ മോക്ഷത്തിനെക്കാളുപരി സാമൂഹ്യമോചനത്തിനു വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന ചിന്താഗതി ജോർജിൽ രൂഡമൂലമായി. അങ്ങനെ 1921-ൽ കോൺഗ്രസിൽ ചേർന്നു. ഖദർ ധരിക്കാൻ തുടങ്ങി. പക്ഷേ, വിദ്യാർത്ഥികാലം കഴിയുന്നതുവരെ രാഷ്ട്രീയത്തിൽ സജീവമായില്ല.
ശിങ്കാരവേലു ചെട്ടിയാരുമായുള്ള സംസർഗം തൊഴിലാളി രംഗത്തു പ്രവർത്തിക്കാൻ താല്പര്യം ജനിപ്പിച്ചു. തൃശ്നാപള്ളി വിദ്യാഭ്യാസം കഴിഞ്ഞ കെ.സി. ജോർജ് വലിയ പ്രതീക്ഷയോടെയാണ് ആലപ്പുഴ പട്ടണം സന്ദർശിച്ചത്. എന്നാൽ അവിടുത്തെ തൊഴിലാളികൾക്കിടയിൽ പ്രബലമായിരുന്ന സാമുദായികചിന്തകൾ അദ്ദേഹത്തെ നിരാശനാക്കി. കെസി അന്നൊരു ശുദ്ധദേശീയവാദിയായിരുന്നു. നിവർത്തനപ്രസ്ഥാനത്തിൽ നിന്നുപോലും അകലം പാലിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം നിരാശയോടെയാണ് ആലപ്പുഴയിൽ നിന്നു മടങ്ങിയത്.
എന്നാൽ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചതോടെ കെ.സി. ജോർജ് അതിൽ ചേർന്നു. താമസിയാതെ പ്രാക്ടീസ് ഉപേക്ഷിച്ചു പൂർണ്ണസമയ രാഷ്ട്രീയപ്രവർത്തകനായി. സ്റ്റേറ്റ് കോൺഗ്രസ് ഉല്പതിഷ്ണ വിഭാഗമായ യൂത്ത് ലീഗിൽ സജീവമായി. ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താനായിരുന്നു ദിവാന്റെ നീക്കം. 12 സ്ഥലങ്ങളിൽ വെടിവയ്പ്പ് നടന്നു. ആയിരത്തിൽപ്പരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. നിയമലംഘത്തിന് കെ.സി. ജോർജും ശിക്ഷിക്കപ്പെട്ടു ജയിലിലായി.
അക്കമ്മാ ചെറിയാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രാജാവിനെ മുഖംകാണിക്കാനുള്ള ജനകീയമാർച്ചിനെ തുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം ദിവാനുമായി ഒത്തുതീർപ്പിലെത്തി. കേസുകൾ പിൻവലിക്കപ്പെട്ടു. കെ.സി. ജോർജും ജയിലിൽ നിന്നിറങ്ങി. നേതൃത്വത്തിന്റെ ഒത്തുതീർപ്പുനയങ്ങളിൽ അതൃപ്തരായ യുവാക്കൾ ഇടതുപക്ഷത്തേക്കു നീങ്ങാൻ തുടങ്ങി. കോൺഗ്രസിനകത്ത് റാഡിക്കൽ ഗ്രൂപ്പ് രൂപംകൊണ്ടു. കെ.സി. ജോർജ് ഇതിൽ അംഗമായിരുന്നു.
ജോർജും, റാഡിക്കൽ ഗ്രൂപ്പ് നേതാക്കന്മാരും പണിമുടക്ക് സമരത്തിൽ ഉറച്ചുനിന്ന തൊഴിലാളികളെ അഭിവാദ്യം ചെയ്യാൻ ആലപ്പുയിലേക്കു പോയി. തന്റെ ആദ്യ സന്ദർശനത്തിൽകണ്ട തൊഴിലാളികളെ ആയിരുന്നില്ല കെസിക്ക് അവിടെ കാണാൻ കഴിഞ്ഞത്. സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തെയും സമുദായ സംഘടനകളെയും തള്ളിപ്പറഞ്ഞ് അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന വർഗത്തെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ഈ ബന്ധം റാഡിക്കൽ ഗ്രൂപ്പുകാരെ കമ്മ്യൂണിസത്തിലേക്കു നയിച്ചു. ആദ്യം കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുക്കുന്ന നേതാക്കളിൽ ഒരാൾ കെസി ആയിരുന്നു.
മലബാർ-കൊച്ചി-തിരുവിതാംകൂർ അടങ്ങുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടിയുടെ പ്രൊവിൻഷ്യൽ കമ്മിറ്റിയിലെ അംഗമായി പ്രവർത്തിച്ചു. പിന്നീട് സെക്രട്ടറി പി. കൃഷ്ണപിള്ള പ്രൊവിൻഷ്യൽ കമ്മിറ്റി പിരിച്ചുവിട്ട് മൂന്ന് മേഖലയ്ക്കും ഓരോ ചാർജ്ജുകാരെ നിശ്ചയിച്ചു. തിരുവിതാംകൂറിലെ ചാർജ്ജുകാരൻ കെസി ആയിരുന്നു. അതിനിടെ ഇന്ത്യയിലെ പ്രസ്ഥാനത്തിന്റെ ഘടകമായി കമ്മ്യൂണിസ്റ്റ് പാർടിക്ക് തിരുവിതാംകൂറിൽ പ്രവർത്തിക്കാൻ അനുവാദം നൽകില്ലായെന്ന് ദിവാൻ നിലപാടെടുത്തു. അങ്ങനെയാണ് തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർടി രൂപംകൊണ്ടത്. കെ.സി. ജോർജിന് കോഴിക്കോട് ദേശാഭിമാനിയുടെ എഡിറ്റോറിൽ ചുമതലകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് തിരുവിതാംകൂർ പാർടിയുടെ ചാർജ്ജുകാരനെന്ന നിലയിൽ കെ.സി. ജോർജ് പ്രസിഡന്റും പി.ടി. പുന്നൂസ് സെക്രട്ടറിയുമായുള്ള സംഘനാരൂപം ഉണ്ടാക്കിയത്.
പുന്നപ്ര-വയലാർ അനിവാര്യമായ സംഘട്ടനത്തിലേക്കു നീങ്ങുകയാണെന്നും കെ.സി. ജോർജ് ആലപ്പുഴയിൽ എത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കെ.വി. പത്രോസ് കോഴിക്കോട് എത്തി. കൃഷ്ണപിള്ളയും ഇഎംഎസുമായി ചർച്ച ചെയ്തു. സമരത്തിനുള്ള അനുവാദം വാങ്ങുന്നതിന് കേന്ദ്ര കമ്മിറ്റിയോടു ചർച്ച ചെയ്യാൻ കെ.സി. ജോർജ് ബോംബെയിൽ പോയി. പട്ടാളശക്തിയുമായിട്ടുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ആശങ്കകൾ പാർടി കേന്ദ്രത്തിന് ഉണ്ടായിരുന്നുവെങ്കിലും മറ്റു മാർഗ്ഗമില്ലായെന്ന തിരുവിതാംകൂർ പാർടി കമ്മിറ്റിയുടെ നിഗമനം അംഗീകരിച്ചു. ബോംബെയിലും ചെന്നൈയിലും സമരസഹായസമിതികൾ രൂപീകരിച്ചശേഷം കെസി കോഴിക്കോട് എത്തി. ഇഎംഎസും മറ്റുമായി ചർച്ച ചെയ്തശേഷം ആലപ്പുഴയിലേക്കു തിരിച്ചു. വൈക്കത്തു നിന്നും വള്ളത്തിൽ ആര്യാട്ട് എത്തി. അവിടെ താമസത്തിനുള്ള കേന്ദ്രവും മറ്റും കെ.വി. പത്രോസ് ഏർപ്പാട് ചെയ്തിരുന്നു. സമരം അടിച്ചമർത്തപ്പെട്ടശേഷം ആലപ്പുഴയിലെ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സുപ്രധാനപങ്ക് കെ.സി. ജോർജ് വഹിക്കുകയുണ്ടായി.
1952-ൽ രാജ്യസഭാംഗമായും 1954-ൽ തിരു-കൊച്ചി നിയമസഭാംഗമായും 1957-ൽ കേരള നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ഇഎംഎസ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായി. 1964-നുശേഷം സിപിഐയിൽ ഉറച്ചുനിന്നു. സിപിഐയുടെ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗമായും സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 1986 ആഗസ്റ്റ് 10-ന് അന്തരിച്ചു.