കൊല്ലം ജോസഫ്
കൊല്ലത്തുനിന്ന് തൊഴിൽനേടി ആലപ്പുഴയിലെത്തിയ കെ.കെ. ജോസഫ് ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ കൊല്ലം ജോസഫ് എന്ന നിലയിൽ അറിയപ്പെട്ടു. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ മിതവാദപരമായ നിലപാടുകൾക്കെതിരെ ചെറുപ്പക്കാർക്കൊപ്പമായിരുന്നു കൊല്ലം ജോസഫും.
1935 ആദ്യവാരം കിടങ്ങാംപറമ്പ് മൈതാനത്തുവച്ച് വൈക്കം നാരായണപിള്ള വക്കീലിന്റെ അധ്യക്ഷതയിൽ തൊഴിലാളികളുടെ പൊതുയോഗം നടന്നു. പ്രാസംഗികനായ കൊല്ലം ജോസഫ് തിരുവിതാംകൂർ മഹാരാജാവ് സിലോണിൽവച്ചു തൊഴിലാളികളെക്കുറിച്ചു പറഞ്ഞ കാര്യങ്ങളെ വിമർശിച്ചു. അധ്യക്ഷൻ പ്രസംഗം തടയുകയും യോഗം പിരിച്ചുവിടുകയും ചെയ്തു. തുടർന്ന് തൊഴിലാളികൾ മറ്റൊരു യോഗം കൂടി. ഇനിമേലിൽ വക്കീലന്മാരെ യോഗങ്ങളിൽ അധ്യക്ഷതവഹിക്കാൻ പാടില്ലായെന്നു നിശ്ചയം ചെയ്തു.
കൊല്ലം ജോസഫ് സ്വന്തമായി തൊഴിലാളി ഗാനങ്ങൾ എഴുതി ആളുകൾ കൂടുന്നിടത്തുചെന്നു പാടി പാട്ടുപുസ്തകങ്ങൾ വില്ക്കാൻ തുടങ്ങി. പൊലീസ് പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചു. ജോസഫ് ലോക്കപ്പിൽ നിന്നിറങ്ങിയപ്പോൾ തൊഴിലാളികൾ പണം പിരിച്ചു ചികിത്സിച്ചു. വിവരം അറിഞ്ഞ പി. കൃഷ്ണപിള്ള ജോസഫിനെ തേടിയെത്തി.
1934-ൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം രാജാവിനു സമർപ്പിക്കുന്നതിനു യൂണിയൻ തീരുമാനിച്ചു. 50 പേരുടെ ഒരു സംഘം കാൽനടജാഥയായി തിരുവനന്തപുരത്തു പോകാനായിരുന്നു തീരുമാനം. കൊല്ലം ജോസഫായിരുന്നു ജാഥാപ്രചാരണ കമ്മിറ്റി കൺവീനർ. 16 പ്രചാരണ യോഗങ്ങൾ ആലപ്പുഴയിൽ നടന്നു. ജാഥപ്രക്ഷോഭം ആലപ്പുഴയെ ഇളക്കിമറിക്കാൻ തുടങ്ങി. സർക്കാർ ജാഥപ്രക്ഷോഭത്തെ നിരോധിച്ചു.
ജാഥാ അംഗങ്ങളായ കെ.സി. ഗോവിന്ദൻ, കൊല്ലം ജോസഫ്, വി.കെ. പുരുഷോത്തമൻ എന്നിവരെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. വാർത്തയറിഞ്ഞ് ആയിരക്കണക്കിനു തൊഴിലാളികൾ സ്റ്റേഷനു മുമ്പാകെ തടിച്ചുകൂടി. അവസാനം അറസ്റ്റിലായിരുന്ന തൊഴിലാളി നേതാക്കൾവരെ വേണ്ടിവന്നു തൊഴിലാളികളെ സമാധാനിപ്പിച്ചു പിരിച്ചുവിടാൻ. പിറ്റേന്നു നാട്ടിൻപുറങ്ങളിലടക്കം തൊഴിലാളികൾ സ്വമേധയാ പണിമുടക്കി.
1937-ൽ തിരുവോണ ദിവസംപൊതുപണിമുടക്കിനെക്കുറിച്ചു ചർച്ച ചെയ്യാൻ മട്ടാഞ്ചേരി ആലാത്തു പിരി ഓഫീസിൽ പി. കൃഷ്ണപിള്ള വിളിച്ചുകൂട്ടിയ യോഗത്തിൽ കൊല്ലം ജോസഫും ഉണ്ടായിരുന്നു. 25 ദിവസം നീണ്ട പൊതുപണിമുടക്കിനെത്തുടർന്നു ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനം അടിമുടി മാറി. കൊല്ലം ജോസഫും കെ.സി. ഗോവിന്ദനുമെല്ലാം പിന്നോട്ടുപോയി. കെ.സി. ഗോവിന്ദനിൽ നിന്നും വ്യത്യസ്തനായി കൊല്ലം ജോസഫ് ആലപ്പുഴയിൽ തന്നെ തുടർന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടു സെൻട്രൽ ജയിലിൽ തുടരുന്ന നേതാക്കളിൽ ഒരാളായി കൊല്ലം ജോസഫിന്റെ പേരും യൂണിയന്റെ എട്ടാമതു വാർഷിക റിപ്പോർട്ടിലുണ്ട്.