നാരായണൻ ഗംഗാധരൻ
വയലാർ ഈസ്റ്റ് പുതുമനചിറ, വട്ടചിറ വീട്ടിൽ തേങ്ങാപ്പണിക്കാരൻ നാരായണന്റെയും കാർത്യായനിയുടെയും മകനായി 1929-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 17 വയസുള്ളപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്. ക്യാമ്പിൽ നിന്നും മുന്നോട്ടുനീങ്ങി 50 വാര എത്തും മുമ്പ് വെടിവയ്പ്പ് ആരംഭിച്ചു. തൊട്ടടുത്തനിന്ന വേലൻപയ്യന്റെ തലയ്ക്കു വെടിയേറ്റപ്പോൾ നാരായണനും തലപൊക്കി. രണ്ട് ചിറിയും വെടിയേറ്റ് ആഴത്തിൽ മുറിഞ്ഞു. അവിടെ നിന്നും ഉരുണ്ടുമാറാൻ ശ്രമിക്കവേ ഇടതുകൈയുടെ തള്ളവിരൽ വെടിയേറ്റു തൂങ്ങി. പകുതിബോധത്തിൽ കണ്ണടച്ചു കിടന്നു. ആരോ ഒരാൾ രണ്ട് കാലിലും പിടിച്ചുവലിച്ച് രക്തസാക്ഷി മണ്ഡപത്തിന്റെ തൊട്ടുവടക്കുവശത്തെ കുളക്കരയിൽ കൊണ്ടിട്ടു. രാത്രി ഏന്തിവലിഞ്ഞ് പുല്ലൻചിറയിൽ എത്തി. അവിടെ നിന്നും ചില സഖാക്കൾ താങ്ങിപ്പിടിച്ച് വീട്ടിൽക്കൊണ്ടുചെന്നു. രാത്രി സഖാക്കൾ മരുന്നുവച്ചുകെട്ടി. ചേർത്തല ആശുപത്രിയിൽ രണ്ടുമാസം ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് അറസ്റ്റിലായി. മർദ്ദനത്തിനിരയായി. രണ്ടുമാസം തടവുശിക്ഷ അനുഭവിച്ചു. 2016-ൽ അന്തരിച്ചു. ഇന്നലെകളുടെ സുവിശേഷങ്ങൾ എന്ന റോയി മാത്യുവിന്റെ പുസ്തകത്തിൽ അഭിമുഖമുണ്ട്. ഭാര്യ: കമലാക്ഷി. മക്കൾ: പുരുഷോത്തമൻ, തങ്കമ്മ, കനക, രാധ, മോഹനൻ, രാജു, ഉഷ, ഷീബ, ഷിനി.