നാരായണൻ രാമൻകുട്ടി
മണ്ണഞ്ചേരി തൈത്തറയിൽവീട്ടിൽ നാരായണന്റെയും വാവമ്മയുടേയും മകനായി 1922-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. എം.എൻ. ജനാർദ്ദനപിള്ളയുടെ വൈക്കം കയർ ഫാക്ടറിയിൽ ആയിരുന്നു തൊഴിൽ. മുഹമ്മ അയ്യപ്പനാണ് രാമൻകുട്ടിയെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയത്. കണ്ണാർകാട് വനസ്വർഗ്ഗം ക്യാമ്പിലായിരുന്നു ഡ്യൂട്ടി. മാരാരിക്കുളം പാലത്തിനടുത്ത് പട്ടാളക്കാരുടെ ഏറ്റവും അടുത്ത് ഇഴഞ്ഞുചെന്നു. ബയണറ്റിൽ കടന്നുപിടിച്ചു. മൂന്നു വിരലുകൾ മാരകമായി മുറിഞ്ഞു. ഇടതുകൈപ്പത്തിയ്ക്കും വലതുകാലിന്റെ തുടയ്ക്കും ഇടതുകാലിന്റെ ഇടുപ്പിനും വെടിയേറ്റു. പട്ടാളക്കാർ രാമൻകുട്ടിയെ കടപ്പുറം ആശുപത്രിയിൽ തള്ളി. മൂന്നുമാസം ആശുപത്രിയിൽ കിടന്നു. അവിടെനിന്നും കൊണ്ടുപോയത് സബ് ജയിലിലേക്കാണ്. ഒൻപത് വകുപ്പുകളിലായി 27 കൊല്ലം 9 മാസം കഠിനതടവിനു വിധിച്ചു. ന്യായാധിപൻ പറഞ്ഞു:“പ്രതിക്കു സങ്കടമുണ്ടെങ്കിൽ അപ്പീൽ കൊടുക്കാം.” “സങ്കടമില്ല” എന്നായിരുന്നു മറുപടി. സബ് ജയിലിൽ എല്ലാ ദിവസവും രണ്ടുനേരം വീതം മർദ്ദനം ഉണ്ടായിരുന്നു. ഏറ്റവും ഭീകരമർദ്ദനം 1949 തുലാം 10-നായിരുന്നു. 8 കൊല്ലവും 5 മാസവും സെൻട്രൽ ജയിലിൽ കിടന്നു.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 14 വർഷം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു. താമപത്രം ലഭിച്ചു. 2002-ൽ അന്തരിച്ചു. ഭാര്യ: ഭാർഗ്ഗവി.മക്കൾ: സുധർമ്മ, സുലോചന, സുധാകരൻ, ആനന്ദൻ, ആനന്ദവല്ലി, വിജയകുമാർ.