പി.എ. സോളമൻ
ആലപ്പുഴയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സെല്ലിന്റെ സെക്രട്ടറിയായിരുന്നു പി.എ. സോളമൻ. അരൂരിൽ ടി.കെ. രാമന്റെ വീട്ടിൽവച്ചു നടന്ന ഈ യോഗത്തെക്കുറിച്ച് സോളമൻ തന്നെ വിശദമായി എഴുതിയിട്ടുണ്ട്.
ആലപ്പുഴ ചേർത്തല പനച്ചിക്കൽ ആൻഡ്രൂസിന്റെയും കത്രീനാമ്മയുടെയും മകനായാണ് ജനനം. 14-ാം വയസിൽ കയർ തൊഴിലാളിയായി. 20-ാമത്തെ വയസിൽ കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റി അംഗമായി. മൂന്നാംക്ലാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിശാപാഠശാലയിലെ ക്ലാസുകളും സ്ഥിരോത്സാഹവുംമൂലവും മലയാളത്തിലും ഇംഗ്ലീഷിലും അവഗാഹം നേടി. തൊഴിലാളി വാരികയിൽ പല ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
1938-ലെ സമരവുമായി ബന്ധപ്പെട്ട് സി.ഒ. മാത്യൂസ്, പത്രോസ് എന്നിവരോടൊപ്പം ജയിലിലായി. മൂവരും പൊലീസിന്റെ മൃഗീയമർദ്ദനത്തിനിരയായി. ഫാക്ടറിയിൽ നിന്നും പുറത്താക്കപ്പെട്ടു. സോളമൻ അതോടെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി പ്രവർത്തകനും പിന്നീട് കമ്മ്യൂണിസ്റ്റുമായി. സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായ വേളയിൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഗാന്ധിജിയോട് ആലോചിക്കണമെന്ന പട്ടാഭി സീതാരാമയ്യയുടെ പ്രമേയത്തിനു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി പിന്തുണച്ചതിനെതിരെ ‘സജീവൻ’ മാസികയിൽ സോളമൻ ലേഖനം എഴുതി. പി. കൃഷ്ണപിള്ളയിൽ നിന്ന് ശകാരവും താക്കീതും വാങ്ങി.
തൃശ്ശൂർ സീതാറാം മില്ലിലെ യൂണിയൻ ശക്തിപ്പെടുത്തുന്നതിന് സോളമൻ നിയോഗിക്കപ്പെട്ടു. തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ടു വീണ്ടും പുനലൂരിലെത്തി. പുനലൂർ കേന്ദ്രമായി അഖില തിരുവിതാംകൂർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ സി.ഒ. മാത്യുവിന്റെ നേതൃത്വത്തിൽ ഒരു യൂണിയൻ നിലവിലുണ്ടായിരുന്നു. അതിന്റെ നേതൃചുമതല കെ.സി. ജോർജ് സോളമനെ ഏൽപ്പിച്ചു. അധികം താമസിയാതെ 12000-ത്തിലധികം അംഗങ്ങളുള്ള യൂണിയനായി വളർന്നു. യൂണിയനുനേരെ എസ്റ്റേറ്റ് ഉടമകൾ നടത്തിയ മർദ്ദനവും ഭീഷണിയും ശക്തമായി ചെറുത്തുനിന്നു.
പുന്നപ്ര-വയലാർ സമരകാലത്ത് ആലപ്പുഴയിലേക്കു തിരിച്ചുവന്നു. അറസ്റ്റിലായി. ഒന്നരക്കൊല്ലത്തിലധികം ആലപ്പുഴ സബ് ജയിലിലായിരുന്നു തടവ്. അന്ന് ആലപ്പുഴ സബ് ജയിലിൽ പ്രധാന നേതാക്കന്മാരിൽ പലരും ഉണ്ടായിരുന്നു. ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ, പി.കെ. പത്മനാഭൻ, വർഗീസ് വൈദ്യൻ, വി.എസ്. അച്യുതാനന്ദൻ, സി.കെ. വേലായുധൻ, ജോൺകുട്ടി തുടങ്ങി ഒരു നീണ്ട നിര. പിന്നെ ഓരോ ദിവസവും പിടിച്ചുകൊണ്ടുവരുന്ന സാധാരണ സഖാക്കളും. ജയിലിൽ ഉൾക്കൊള്ളാവുന്നതിന്റെ മൂന്നാം നാലും മടങ്ങ് തടവുകാരുണ്ട്. ഇവരെയെല്ലാവരെയും എല്ലാദിവസവും മർദ്ദിക്കുക പതിവായിരുന്നു. ടിവിയെ മാത്രമാണ് അതിൽ നിന്നും ഒഴിവാക്കിയിരുന്നത്. മേധാവികൾ നിർബന്ധിച്ചിട്ടും പൊലീസുകാർ അതിനു തയ്യാറായിരുന്നില്ല. ചിലർ മേധാവികളെ പ്രീതിപ്പെടുത്താൻ ചില മർദ്ദകപ്രഹസനങ്ങൾപോലും നടത്തി.
തുടർച്ചയായ ഭീകരമർദ്ദനംമൂലം പലരും അർദ്ധബോധാവസ്ഥയിലാണു കഴിഞ്ഞിരുന്നത്. ഒരു ദിവസം പാതിരാവിൽ ആരോ ഉറക്കത്തിൽ ഞെട്ടിക്കരഞ്ഞു. അതു കൂട്ടക്കരച്ചിലായി. രാത്രി ബഹളംകേട്ട് പൊലീസുകാരെല്ലാം ഓടിയെത്തി. എല്ലാവർക്കും മർദ്ദനം ഏതാണ്ട് ഉറപ്പായിരുന്നു. അത് ഒഴിവാക്കാൻ താൻ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നൂവെന്ന് പിന്നീട് സോളമൻ വിശദീകരിച്ചിട്ടുണ്ട്. എല്ലാവർക്കുംവേണ്ടി സോളമൻ തന്നെ മർദ്ദനം ഏറ്റുവാങ്ങി. ഏതായാലും പല ജയിൽ ഓർമ്മക്കുറിപ്പുകളിലും ‘സോളമന്റെ സ്വപ്നം’ പരാമർശവിഷയമാണ്.
തടവിൽ നിന്നും പുറത്തുവന്ന സോളമന് കൊല്ലം പ്രദേശമാണു പ്രവർത്തനമേഖലയായി നിശ്ചയിച്ചു നൽകിയത്. ഇക്കാലത്തായിരുന്നു അമ്മിണിയുമായുള്ള വിവാഹം. അമ്മിണി സാഹിത്യകാരൻ കാക്കനാടന്റെ സഹോദരിയാണ്. അവരുടെ മൈലത്തുള്ള വീട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രധാന ഷെൽട്ടറുകളിൽ ഒന്നായിരുന്നു. പിന്നീട് അമ്മിണിക്ക് കൊട്ടാരക്കര സ്കൂളിൽ ജോലി ലഭിച്ചപ്പോൾ കുടുംബതാമസം അങ്ങോട്ടു മാറ്റി.
1947-ലെ നിയമനിർമ്മാണ സഭയിലേക്ക് ചേർത്തലയിലെ ദ്വയാംഗ മണ്ഡലത്തിൽനിന്നും മത്സരിച്ചു തോറ്റു. ആ തെരഞ്ഞെടുപ്പിൽ മുഴുവൻ കമ്മ്യൂണിസ്റ്റ് പാർടി സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച് കാശ് നഷ്ടപ്പെട്ടൂവെന്നത് ഒരു കുപ്രചരണം മാത്രമാണ്. ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും പി.എ. സോളമനും അടക്കം പല സ്ഥാനാർത്ഥികൾക്കും സാമാന്യം നല്ല പിന്തുണ ലഭിക്കുകയുണ്ടായി. കള്ളവോട്ടും ബലപ്രയോഗവും കൊണ്ടാണ് ആലപ്പുഴ പോലുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിനു വിജയിക്കാനായതെന്നുംസോളമൻ എഴുതിയിട്ടുണ്ട്.
1958-ൽ കേരളത്തിൽ നിന്നും രാജ്യസഭാംഗമായി. അക്കാലത്ത് കമ്മ്യൂണിസ്റ്റുക്കാർക്ക് സർക്കാർ ജോലി നിഷേധിച്ചിരുന്നു. പ്രത്യേകിച്ച് കേന്ദ്രസർവ്വീസിലും പട്ടാളത്തിലും. കമ്മ്യൂണിസ്റ്റുകാർക്ക് സർക്കാർ ജോലി നൽകേണ്ടതില്ലെന്ന രഹസ്യസർക്കുലർ ജവാഹർലാൽ നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെടുത്തി നെഹ്റുവിനെക്കൊണ്ട് ആ സർക്കുലർ പിൻവലിപ്പിച്ചത് സോളമൻ ആയിരുന്നു.
1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊല്ലം ജില്ലയായിരുന്നു പ്രവർത്തന മേഖല. കുറേക്കാലം ജനയുഗത്തിന്റെ പത്രാധിപസമിതിയിലും പ്രവർത്തിച്ചിരുന്നു. തൊഴിലാളി വാരികയിൽ തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനം ജീവിതാവസാനംവരെ തുടർന്നു. പ്രഭാത് ബുക്ക് ഹൗസിനുവേണ്ടി പല പുസ്തകങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം 2000-ത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ‘അത്തിമരത്തിനു മുക്തി’ എന്ന ബാലനോവലാണ്. രാജ്യസഭാംഗം ആയിരുന്നപ്പോൾ ‘ഇരുമ്പ് ഇന്ത്യ’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. 2010-ൽ 93-ാം വയസ്സിൽ അന്തരിച്ചു.മക്കൾ: പി.എസ്. നിർമ്മല, പി.എസ്. ജയ, പി.എസ്. ലീല, പി.എസ്. മനു.