പി.കെ. ചന്ദ്രാനന്ദൻ
പുന്നപ്ര സമരത്തിന്റെ നായകരിൽ പ്രധാനിയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഏറ്റവും ദീർഘനാൾ ഒളിവിൽ കഴിഞ്ഞ നേതാവായിരുന്നു.
ആലപ്പുഴ വാടയ്ക്കൽ പുളിക്കൽ പറമ്പിൽ കുഞ്ഞച്ചൻ-പാർവ്വതി ദമ്പതികളുടെ മകനായി 1925 ആഗസ്റ്റ് 26-ന് ഇടത്തരം കർഷക കുടുംബത്തിൽ ജനനം. പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ നവോത്ഥാന ആശയങ്ങളിൽ ആകൃഷ്ടനായി എസ്എൻഡിപി പ്രവർത്തകനായി. കുതിരപ്പന്തി കുമാരനാശാൻ സ്മാരക വായനശാലയിലെ കൂട്ടായ്മയും വായനയും മോചനസ്വപ്നങ്ങൾക്കു പ്രായോഗിക പദ്ധതികൾ നൽകി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 10-ാം പ്രതിയായി.പിന്നീട് വില്യം ഗുഡേക്കർ കമ്പനിയിൽ പ്രവർത്തിക്കുമ്പോൾ 1941-ൽ ട്രേഡ് യൂണിയൻ പ്രവർത്തകനായി. 1943-ൽ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി.
പുന്നപ്ര-വയലാർ സമരം നടക്കുമ്പോൾ രൂപീകരിച്ചവട്ടയാൽ വാർഡ് കൗൺസിലിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കുമ്പോൾ പികെസിക്കു പ്രായം 21 വയസ്. കുതിരപ്പന്തിയിലെ വായനശാലയായിരുന്നു ആസ്ഥാനം. പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ലക്ഷ്യമിട്ടു മൂന്ന് ജാഥകളാണ് നീങ്ങിയത്. വണ്ടാനത്തു നിന്ന് ക്യാമ്പിന്റെ തെക്കുവശവും പുന്നപ്ര പ്രദേശത്തു നിന്നു കിഴക്കുവശവും കുമാരനാശാൻ സ്മാരക വായനശാലയിൽ നിന്നുള്ള ജാഥ ക്യാമ്പിന്റെ വടക്കുഭാഗവും ലക്ഷ്യമിട്ടു നീങ്ങി. ക്യാമ്പിലെ പൊലീസുകാർക്ക് പിന്തുണ നൽകാൻ ആലപ്പുഴ പട്ടണത്തിൽ നിന്നു നീങ്ങിയ പട്ടാളക്കാരുമായി എക്സ് സർവ്വീസുകാരുടെ ജാഥ ഏറ്റുമുട്ടി. രണ്ടുപേർ രക്തസാക്ഷികളായി. വാരിക്കുന്തവും കരിങ്കൽച്ചീളുകളും മാത്രമായിരുന്നു ആയുധങ്ങൾ. പട്ടാളം തിരിച്ചുപോയി. അല്ലാത്തപക്ഷം പുന്നപ്ര ക്യാമ്പിൽ വലിയ ആൾനാശം ഉണ്ടാകുമായിരുന്നു.
ക്യാമ്പിനുചുറ്റും അതിരൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടന്നത്. പി.കെ. ചന്ദ്രാനന്ദന്റെ വാക്കുകളിൽ അത് വിവരിക്കുന്നതാകും നന്ന്:“വെടിയുണ്ടകൾ ചീറിപ്പാഞ്ഞു…… എന്റെ ഇടതുവശം തൊട്ടുകിടന്ന കാക്കരിയിൽ കരുണാകരൻ വെടികൊണ്ട് മരിച്ചു. കുത്തേറ്റ വേലായുധൻ നാടാർ നിന്നു പുളയുന്നതു കണ്ടു. തെങ്ങുകയറ്റ തൊഴിലാളിയായ കുഞ്ഞുണ്ണി പരവൻ തന്റെ പണിയായുധവുമായി വേലായുധൻ നാടാരുടെ മുമ്പിൽ നിമിഷനേരം സ്തംഭിച്ചുനിന്നതും “വെട്ടവനെ” എന്ന എന്റെ ആജ്ഞ കേട്ട് ഇൻസ്പെക്ടറെ വെട്ടിത്താഴത്തിട്ടതും ഒരുമിച്ചു കഴിഞ്ഞു. ….. പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. പൊലീസുകാരും ജനങ്ങളുമായി തോക്കുകൾക്കുവേണ്ടി മൽപ്പിടുത്തം നടത്തി….. മൂന്നു പൊലീസുകാർ നിലംപതിച്ചു. പൊലീസുകാർ പലരും വാവിട്ടുകരഞ്ഞു. വെടിയുണ്ടകളും ബയണറ്റുകളുംകൊണ്ട് ചീറ്റിയ രക്തം ആ ചൊരിമണലിൽ തളംകെട്ടി. എട്ട് തൊഴിലാളി സഖാക്കൾ രക്തസാക്ഷികളായി. കൈയിലുള്ള വെടിയുണ്ടകൾ തീർന്നതിനാൽ പൊലീസുകാർ ക്യാമ്പിനുള്ളിൽ ഓടിക്കയറുകയും വാതിലുകൾ അടയ്ക്കുകയും ചെയ്തു. പൊലീസുകാരുടെ വെടിയുണ്ടകൾ തീർന്നെന്നു മനസിലാക്കിയ സഖാക്കൾ ക്യാമ്പ് പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ ക്യാമ്പ് കെട്ടിടത്തിന്റെ നാലുവശത്തുമുള്ള വരാന്തകളിലേക്ക് ചാടിക്കയറി. അപ്പോൾ നാലുവശവുമുള്ള ജനാലകൾക്കരികിൽ മറഞ്ഞുനിന്നുകൊണ്ട് പൊലീസുകാർ വെടിയുണ്ടകളുതിർത്തു. പന്ത്രണ്ടോളം സഖാക്കൾ നിലത്തുവീണു. ഇതേത്തുടർന്ന് പിന്മാറാൻ തീരുമാനിച്ചു. അവിടെനിന്ന് കൈക്കലാക്കിയ തോക്കുകളെടുത്തും, വെടികൊണ്ടും ബയണറ്റു ചാർജ്ജുകൊണ്ടും മാരകമായി മുറിവേറ്റ സഖാക്കളേയും എടുത്തും 4 മണിയോടെ എല്ലാവരും മടങ്ങി.”
രാത്രി പത്തരമണിയോടുകൂടി പെട്രോമാക്സുമായി പട്ടാളം സംഘട്ടനപ്രദേശത്തു വരികയും മരിക്കാതെ കിടന്ന സഖാക്കളെ ഓരോരുത്തരെയായി തോക്കിന്റെ പാത്തികൊണ്ട് ഇടിച്ചുകൊല്ലുകയുമാണ് ചെയ്തത്. അടുത്തദിവസം ശവശരീരങ്ങൾ വാനിൽ കയറ്റി വലിയ ചുടുകാട്ടിൽ കൊണ്ടുപോയി കൂമ്പാരംകൂട്ടി. പെട്രോൾ ഒഴിച്ച് തീ കൊടുത്തു. അടുത്ത ദിവസങ്ങളിൽ കാട്ടൂർ, മാരാരിക്കുളം രക്തസാക്ഷികളെയും ഇവിടെകൊണ്ടിട്ടാണ് ദഹിപ്പിച്ചത്.
ക്യാമ്പ് ആക്രമണത്തിൽ ഏഴ് തോക്കുകൾ പിടിച്ചെടുക്കുകയുണ്ടായി. പട്ടാളത്തിന്റെ സാർവ്വത്രികമായ തിരച്ചിൽമൂലം അവ നിർദ്ദിഷ്ടസ്ഥാനത്ത് എത്തിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. ഗത്യന്തരമില്ലാത്ത പള്ളാത്തുരുത്തി ആറ്റിൽ കെട്ടിത്താഴ്ത്തേണ്ടിവന്നു.
ഏറ്റുമുട്ടലിലും വെടിവയ്പ്പിലും 35 സമരസേനാനികൾ രക്തസാക്ഷികളായി. പികെസി കഷ്ടിച്ചു രക്ഷപ്പെട്ടു. തുടർന്ന് 12 വർഷത്തെ ഒളിവുജീവിതം. തുടക്കത്തിൽ കോഴിക്കോട്, പൊന്നാനി, കണ്ണൂർ പ്രദേശങ്ങളിലായിരുന്നു. പിന്നീട് ഭാസ്കരൻ നായർ എന്ന പേരിൽ കോട്ടയത്തും വൈക്കത്തും എറണാകുളത്തും തിരുവനന്തപുരത്തും ഒളിവിൽ കഴിഞ്ഞു. അന്നത്തെ പാർടി സെക്രട്ടറിയായിരുന്ന പി.ടി. പുന്നൂസാണ് ഭാസ്കരൻ നായർ എന്ന പേരു നിർദ്ദേശിച്ചത്. ഏറ്റവും കൂടുതൽകാലം തിരുവല്ലയിൽ ആയിരുന്നു. 1957-ൽ അധികാരമേറ്റ ഇഎംഎസ് സർക്കാർ കേസുകൾ പിൻവലിച്ചപ്പോഴാണ് പികെസി ഒളിവുജീവിതം അവസാനിപ്പിച്ചത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പി.കെ. ചന്ദ്രാനന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി. 1964-ൽ സിപിഐ(എം)ന്റെ ഭാഗമായി. കരുതൽ തടങ്കലിൽ നിന്നു രക്ഷപ്പെടാൻ വീണ്ടും രണ്ടു വർഷത്തോളം ഒളിവിൽപോയി.1967-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം.
1970-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് 18 മാസം തടങ്കലിലായി. 1980-ൽ അമ്പലപ്പുഴയിൽ നിന്ന് എംഎൽഎ ആയി. 1988 മുതൽ 1992 വരെ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജർ. 2008-09 കാലത്ത് വീണ്ടും ജില്ലാ സെക്രട്ടറി. മരിക്കുന്നതുവരെ പാർടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. ഇടയ്ക്ക് ചിന്ത പബ്ലിക്കേഷൻസിന്റെ ചുമതലക്കാരനായിരുന്നു. 2014 ജൂലൈ 2-ന് 90-ാം വയസിൽ അന്തരിച്ചു. ഭാര്യ: ഭദ്രാമ്മ. മക്കൾ: ഉഷ, ബിന്ദു, അശോകൻ.