പി.കെ. നാരായണൻ
മുഹമ്മയിലെ കയർ തൊഴിലാളി യൂണിയന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു പി.കെ. നാരായണൻ.
മുഹമ്മ ചാരമംഗലത്ത് പുത്തൻപുരയിക്കൽ വീട്ടിൽ ജനനം. വില്യംഗുഡേക്കർ ഫാക്ടറിയിൽ തൊഴിലാളിയായി. മൂപ്പൻകാശും മൂപ്പൻവാഴ്ചയും കൂലിവെട്ടിക്കുറയ്ക്കലും തൊഴിലാളികളെ അലട്ടി.
ഈ പശ്ചാത്തലത്തിലാണ് പി.കെ. നാരായണനെപ്പോലുള്ള ഉല്പതിഷ്ണുക്കളായ ചില തൊഴിലാളികൾ മുൻകൈയെടുത്ത് ഗുഡേക്കർക്കു സമീപം ഒരു വായനശാല സ്ഥാപിച്ചത്. ഈ വായനശാല തൊഴിലാളികളുടെ കേന്ദ്രവും പിന്നീട് തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ശാഖയുടെ കേന്ദ്രമായി. അസോസിയേഷന്റെ ഭാരവാഹികളെ കാണാൻ ആലപ്പുഴയിൽ പോയ മൂന്നംഗ സംഘത്തിൽ പി.കെ. നാരായണനുമുണ്ടായിരുന്നു. ട്രേഡ് യൂണിയൻ ആക്ട് നിലവിൽ വന്നതിനെതുടർന്നു മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ 1938-ൽ രജിസ്റ്റർ ചെയ്യപ്പെട്ടു. പി.കെ. നാരായണൻ ആയിരുന്നു സെക്രട്ടറി.
ഗുഡേക്കറിൽ തന്നെയായിരുന്നു ആദ്യ സമരം. ഗുഡേക്കറിലെ അസ്വസ്ഥതകൾ അറിഞ്ഞ് പി. കൃഷ്ണപിള്ള എത്തി. ഉപദേശങ്ങൾ നല്കി. കൂലിദിവസം ആരും മൂപ്പൻകാശ് കൊടുക്കരുതെന്ന് പി.കെ. നാരായണൻ വിളിച്ചുപറഞ്ഞു. ക്ഷുഭിതനായ മാനേജർ നാരായണനെ പിടലിക്കു പിടിച്ചുതള്ളി. തൊഴിലാളികൾ ഒന്നടങ്കം കൂലി ബഹിഷ്കരിച്ചു. മൂപ്പൻകാശും അവസാനിച്ചു. ഇതുപോലെ ഒട്ടനവധി ചെറുകിട ഫാക്ടറികളിലും സമരങ്ങൾ ഉണ്ടായി. ആലപ്പുഴ പട്ടണത്തിലെ തൊഴിലാളി സംഘാടനത്തിൽനിന്നു വ്യത്യസ്തമായ അനുഭവമായിരുന്നു ചെറുകിട നാടൻ ഫാക്ടറികളിലെ യൂണിയൻ പ്രവർത്തനം. ഇതിലുണ്ടായ വിജയംമൂലം 1938-ലെ പൊതുപണിമുടക്ക് നാട്ടിൻപുറത്തും പൂർണ്ണമായിരുന്നു.
1938-ലെ പണിമുടക്കിൽ അറസ്റ്റ് ചെയ്യപ്പെട്ട് നാരായണൻ 5 മാസം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. വൈസ്രോയിയുടെ വരവിനു കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട് 3 മാസം ചേർത്തല ജയിലിലും കിടന്നു. പി. കൃഷ്ണപിള്ള മുൻകൈയെടുത്ത് 1937-ൽ മുഹമ്മയിൽ രൂപീകരിച്ച ആദ്യ സോഷ്യലിസ്റ്റ് പാർടിയുടെ ഗ്രൂപ്പിൽ ഒരംഗമായിരുന്നു.
പുന്നപ്ര-വയലാർ സമരകാലത്ത് നാരായണൻ അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമർദ്ദിനത്തിനിരയായി. വലതുകാലിന്റെ മടക്കിന്റെ ഉൾഭാഗത്തു ബയണറ്റുകൊണ്ട് കുത്തേറ്റു. ഈ മുറിവായിരുന്നു പിന്നീട് രേഖകളിൽ തിരിച്ചറിയൽ അടയാളമായി ഉപയോഗിച്ചിരുന്നത്. 5 മാസക്കാലം ചേർത്തല ലോക്കപ്പിൽ നരകയാതന അനുഭവിച്ചു. 1948 ആഗസ്റ്റ് മുതൽ 1951 വരെ കൊല്ലം, ആലപ്പുഴ, ചേർത്തല ജയിലുകളിൽ തടവുകാരനായിരുന്നു. ക്രൂരമർദ്ദനത്തിൽ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. കാലിന്റെ മുട്ടെല്ല് തകർന്നു. സ്ഫോടന സാമഗ്രികൾ ഉണ്ടാക്കിയ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 1951 അവസാനമാണ് ജയിൽ മോചിതനാകുന്നത്.
1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചു. സഹോദരൻ കൊച്ചൂട്ടിയും ഒരു സമര സേനാനായിരുന്നു.