പി.കെ. പത്മനാഭൻ
പുന്നപ്ര-വയലാർ സമരകാലത്ത് റ്റി.വി. തോമസിനോടൊപ്പം ഒളിവിൽ പോകാതെ പുറത്തുനിന്നു പ്രവർത്തിക്കുന്നതിനു പാർടി ചുമതലപ്പെടുത്തിയ മറ്റൊരു നേതാവായിരുന്നു പി.കെ. പത്മനാഭൻ. തൊഴിലാളികൾക്കിടയിൽ മാത്രമല്ല, മറ്റു ബഹുജനങ്ങൾക്കിടയിലും അത്രയേറെ ആദരവും അംഗീകാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
1911-ൽ ജനിച്ച പത്മനാഭൻ കയർ ഫാക്ടറി തൊഴിലാളിയായി ജീവിതം തുടങ്ങി. അധികം താമസിയാതെ ഒരു കയർ കമ്പനിയിൽ അദ്ദേഹം മൂപ്പനായി. ചെറുപ്പത്തിൽതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം സജീവമായി. “സ്വാമി പത്മനാഭൻ” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സദാ ശാന്തസ്വഭാവക്കാൻ ആയിരുന്നതുകൊണ്ടാണത്രേ സ്വാമി പത്മനാഭൻ എന്ന പേരുവീണത്.
തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ആദ്യകാലത്ത് ഒട്ടേറെ മൂപ്പന്മാർ സംഘടനയിലും നേതൃത്വത്തിലും ഉണ്ടായിരുന്നു. കയർ മേഖലയിലെ സമരങ്ങൾ രൂക്ഷമായതോടെ അവരിൽ പലരും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങി. എന്നാൽ പി.കെ. പത്മനാഭൻ യൂണിയൻ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുകയാണു ചെയ്തത്.
1936-ൽ കൊമ്മാടി പാലത്തിനു സമീപം സ്വാമി പത്മനാഭൻ മുൻകൈയെടുത്ത് ഒരു തൊഴിലാളി സാംസ്കാരിക പഠനകേന്ദ്രം ആരംഭിക്കുകയുണ്ടായി. ഇവിടെ സ്റ്റഡി ക്ലാസുകൾ, സാഹിത്യ ചർച്ച, കലാപരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നിരുന്നു. തൊഴിലാളിവർഗ സംസ്കാരം രൂപപ്പെടുത്തുന്നതിൽ യൂണിയൻ ഓഫീസിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളി സാംസ്കാരിക കലാ കേന്ദ്രത്തിനോടൊപ്പം ഈ കേന്ദ്രവും പ്രധാന പങ്കുവഹിച്ചു. ഇവിടെ ക്ലാസുകൾക്കും ചർച്ചകൾക്കുമായിരുന്നു കൂടുതൽ ഊന്നൽ നൽകിയിരുന്നത്. കലാ-സാഹിത്യ ചർച്ചകളിലൂടെയും കലാദൃശ്യാവിഷ്കാരങ്ങളിലൂടെയും ബൃഹത്തായ സുഹൃത് വലയത്തെ സൃഷ്ടിക്കുവാൻ പത്മനാഭനു കഴിഞ്ഞിരുന്നു.
ആലപ്പുഴയിൽ രൂപംകൊണ്ട ഏഴ് അംഗങ്ങൾ അടങ്ങിയ പ്രഥമ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി (സി.എസ്.പി) ഗ്രൂപ്പിൽ പത്മനാഭനും ഉണ്ടായിരുന്നു. അതുപോലെതന്നെ 1940-ൽ രൂപംകൊണ്ട 6 അംഗ ആദ്യ കമ്മ്യൂണിസ്റ്റ് പാർടി സെല്ലിലും അംഗമായിരുന്നു.
ഇ.കെ. നായനാർ അദ്ദേഹത്തിന്റെ ഒളിവുകാല സ്മൃതികൾ എന്ന പുസ്തകത്തിൽ ഇങ്ങനെയാണു സ്വാമി പത്മനാഭനെ ഓർമ്മിക്കുന്നത്: “അക്കാലത്ത് ഞാൻ അടുത്ത് ഇടപഴകിയവരിൽ മറക്കാനാവാത്ത ഒരാൾ ആയിരുന്നു സ്വാമി പത്മനാഭൻ. എല്ലാ വൈകുന്നേരവും ഞാൻ ഒരു കയർ ഫാക്ടറിയിൽ പോകാറുണ്ട്. അവിടുത്തെ മാനേജർ ആയിരുന്നു പത്മനാഭൻ. ഒപ്പം ഒരു തൊഴിലാളി നേതാവും. കയർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിൽ സ്വാമി പത്മനാഭൻ അതീവതാല്പര്യം പ്രകടിപ്പിച്ചിരുന്നു. സ്നേഹസമ്പന്നനായ തൊഴിലാളി നേതാവും ഒരു സ്ഥാപനത്തിന്റെ മാനേജരുമാകാൻ ഒരു സഖാവിന് എങ്ങനെ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു സ്വാമി പത്മനാഭൻ. എന്നെ അദ്ദേഹം നിറഞ്ഞ മനസോടെ സഹായിച്ചിരുന്നത് ഇന്നും നന്ദിപൂർവ്വം ഞാൻ ഓർക്കുന്നു.”
നേരത്തെ സൂചിപ്പിച്ചതുപോലെ പുന്നപ്ര-വയലാർ സമരകാലത്ത് ഒളിവിൽ പോകാതെ പരസ്യമായി നിന്നു പ്രവർത്തിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. സമരം പിൻവലിക്കപ്പെട്ടശേഷമാണ് ടിവിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹം ആലപ്പുഴ സബ് ജയിലിൽവച്ച് പൊലീസ് മേധാവി ഒ.എം. ഖാദറിന്റെയും കൂട്ടാളികളുടെയും ഭീകരമർദ്ദനത്തിന് ഇരയായി. 4 വർഷം തിരുവനന്തപുരം പട്ടാള ക്യാമ്പിലും സെൻട്രൽ ജയിലിലും തടവുകാരനായി കഴിഞ്ഞു. മറ്റൊരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ വി.കെ. കരുണാകരൻ അനന്തരവൻ ആയിരുന്നു.
കയർ വ്യവസായത്തിന്റെ സാങ്കേതിക-സാമ്പത്തിക വശങ്ങൾ സമഗ്രമായി മനസിലാക്കിയിരുന്ന ഒരു വ്യവസായ വിദഗ്ധൻ കൂടിയായിരുന്നു സ്വാമി പത്മനാഭൻ. 1959-ൽ ഇന്നത്തെ ആലപ്പുഴ പ്രസ് ക്ലബ്ബിനു പടിഞ്ഞാറു വശമുള്ള മോഡേൺ ഏജൻസി എന്ന ഫാക്ടറി സർക്കാർ ഏറ്റെടുത്ത് സഹകരണ അടിസ്ഥാനത്തിൽ ആലപ്പുഴ കയർ മാറ്റ്സ് ആൻഡ് മാറ്റിംസ് സൊസൈറ്റി എന്ന പേരിൽ പുനസംഘടിപ്പിച്ചു. ഇഎംഎസ് ആണ് ഉദ്ഘാടനം ചെയ്തത്. സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്ന സ്വാമി പത്മനാഭന്റെ സ്വാഗത പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു. ആ പ്രസംഗത്തിലാണ് കയർ വ്യവസായത്തിന്റെ പുരോഗതിക്ക് ഒരു സ്റ്റേറ്റ് കയർ കോർപ്പറേഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. ഈ നിർദ്ദേശം പിന്നീട് 1969-ൽ കയർ വ്യവസായ പുനസംഘടനാ സ്കീമിന്റെ ഭാഗമായി യാഥാർത്ഥ്യമായി. കോർപ്പറേഷന്റെ പ്രഥമ ബിസിനസ് മാനേജറായി ചുമതലയേറ്റത് സ്വാമി പത്മനാഭൻ ആയിരുന്നു.
1954 മുതൽ മരണംവരെ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ്, കേരള മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ്, ആലപ്പുഴ മുനിസിപ്പൽ വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ചെത്തു തൊഴിലാളികൾ, ഹോട്ടൽ തൊഴിലാളികൾ തുടങ്ങിയവരെ സംഘടിപ്പിക്കുകയും അവരുടെ നേതൃസ്ഥാനത്തു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
23 വർഷക്കാലം ആലപ്പുഴ മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. സിപിഐയുടെ സമുന്നത നേതാക്കളിൽ ഒരാളിയിരുന്നു. കേന്ദ്ര സർക്കാരിന്റെ താമ്രപത്രം ലഭിച്ചു. 1976 ജനുവരി 26-ന് അന്തരിച്ചു. ഭാര്യ: അമ്മിണി. 6 ആണും 3 പെണ്ണുമായി 9 മക്കളുണ്ട്. മകൻ അജിത്കുമാർ എഐവൈഎഫിന്റെ ടൗൺ കമ്മിറ്റി സെക്രട്ടറിയായിരുന്നു.