പി.കെ. മേദിനി
സാംസ്കാരിക മണ്ഡലത്തിൽ ഏറ്റവും പ്രശസ്തിനേടിയ പുന്നപ്ര-വയലാർ സമരസേനാനികളിൽ ഒരാളാണ് പി.കെ. മേദിനി. കലാപ്രചാരണങ്ങൾക്കൊപ്പം രാഷ്ട്രീയപ്രവർത്തനവും ഭരണനിർവ്വഹണവും ഒരുമിച്ചു കൊണ്ടുപോയിട്ടുള്ള വ്യക്തിത്വമാണ് മേദിനിയുടേത്.
ആലപ്പുഴ ചീരൻചിറയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും ഏറ്റവും ഇളയ മകളായി 1933 ആഗസ്റ്റിൽ ജനനം. 15 രൂപ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ ക്ലാസിൽ നിന്നു പുറത്താക്കിയതോടെ ആറാംക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. 12-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളുടെ ഭാഗമായി. മേദിനിയുടെ വീടിനു സമീപം പി. കൃഷ്ണപിള്ള ഒളിവിൽ താമസിച്ചിരുന്നു.
ജ്യേഷ്ഠന്മാരായ ബാവ ആശാനും ശാരംഗപാണിയും രാഷ്ട്രീയത്തോടൊപ്പം കലാപ്രവർത്തനങ്ങളിലും മുഴുകിയിരുന്നു. ഇവരെല്ലാം “തൊഴിലാളി കലാസാംസ്കാരിക കേന്ദ്ര”ത്തിന്റെ പ്രവർത്തകരായിരുന്നു. തകഴി ശിവങ്കരപ്പിള്ളയാണ് സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ദിവാൻ അതു നിരോധിച്ചപ്പോൾ “ജനാധിപത്യ കലാകേന്ദ്രം” തുടങ്ങി.
കുട്ടനാട്ടിൽ കർഷകത്തൊഴിലാളി യൂണിയന്റെ വാർഷികത്തിലാണ് ആദ്യമായി പൊതുയോഗത്തിൽ പാടിയത്. അന്ന് വയസ് എട്ട്. “യോഗത്തിന് പി.കെ. മേദിനിയുടെ പാട്ടും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ്” – എന്ന അറിയിപ്പ് ഒരു കാലത്ത് ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും തൊഴിലാളിയൂണിയനുകളുടെ പൊതുനോട്ടീസുകളിൽ പതിവായി.
ചീരൻചിറയിലെ വീട് പട്ടാളം അടിച്ചുതകർത്തു. സഹോദരൻ ബാവയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. തുടർന്ന് മേദിനിയും ഒളിവിൽപ്പോയി. ഇടപ്പള്ളിയിലെ ചേച്ചിയുടെകൂടെ ആറുമാസം കഴിഞ്ഞു. വിഎസിന്റെ നിർദ്ദേശപ്രകാരം കോട്ടയം തിരുന്നക്കര മൈതാനിയിൽ പൊലീസ് മേധാവികളെ പേരെടുത്തു പരിഹസിക്കുന്ന പാട്ടുപാടി. അവിടെവച്ച് പാട്ട് നിരോധിച്ചു. അറസ്റ്റ് ചെയ്തു. രാത്രി ലോക്കപ്പിലിട്ടു. പിറ്റേന്ന് കോടതി 500 രൂപ പിഴയിട്ടു. സഖാക്കൾ പിരിവിട്ട് തുകയടച്ചു.
ജയിൽമോചിതരായ നേതാക്കൾക്കുള്ള സ്വീകരണപരിപാടികളിൽ സ്ഥിരം ഗായികയായിരുന്നു മേദിനി. അതിനിടെ കെടാമംഗലത്തിന്റെ കൂടെ ഇരുന്നൂറോളം സ്റ്റേജുകളിൽ ‘സന്ദേശം’ എന്ന നാടകം അവതരിപ്പിച്ചു. കർഷക സ്ത്രീയായിട്ടായിരുന്നു വേഷം. പി.ജെ. ആന്റണിയുടെ കൂടെ ‘ഈങ്ക്വിലാബിന്റെ മക്കൾ’ എന്നനാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഭർത്താവ് ശങ്കരൻ മേദിനിയുടെ 36-ാം വയസിൽ നിര്യാതനായി. കുടുംബം പോറ്റാൻ 20 വർഷം കേരള സ്പിന്നേഴ്സിൽ ജോലി ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, എൻഎഫ്ഐഡബ്ല്യുവിന്റെ ദേശീയ നിർവ്വാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മക്കൾ: സ്മൃതി, ഹൻസ.