പി.കെ. വിജയൻ
പുന്നപ്ര സമര നേതാക്കളിൽ ഒരാളായിരുന്ന പി.കെ. വിജയന്റെ വീട് അപ്ലോൻ അരോജിന്റെ വീടിനു കിഴക്കായിരുന്നു. മത്സ്യത്തൊഴിലാളി സമരം വന്നതോടെ അപ്ലോന്റെ വീട് പൊലീസ് ക്യാമ്പായി.
അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരായ പ്രവർത്തനങ്ങളിൽ ചെറുപ്പകാലം മുതൽ ഏർപ്പെട്ടു. കയർ ഫാക്ടറി തൊഴിലാളിയും യൂണിയന്റെ പ്രവർത്തകനുമായിരുന്നു. അമ്പലപ്പുഴ താലൂക്ക് കയർ(പിരി) തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.
വിജയൻ പടിഞ്ഞാറേ പുന്നപ്രയിൽ പനയ്ക്കൽ ക്യാമ്പിന്റെ സംഘാടകരിൽ ഒരാളായിരുന്നു. പനച്ചമൂടിന്റെ കിഴക്കുവശത്തായിരുന്നു ക്യാമ്പ്. ക്യാമ്പിൽ വയലാറിലെപോലെ സ്ഥിരതാമസം ഉണ്ടായിരുന്നില്ല. പകൽ ഭക്ഷണത്തിനും പരിശീലനത്തിനുമായിരുന്നു ക്യാമ്പ്. കുന്തങ്ങളുമായി ഏതാണ്ട് ഇരുന്നൂറോളംപേർ ക്യാമ്പിൽ നിന്നും സമരത്തിൽ പങ്കെടുക്കാൻ പോയി. പനച്ചമൂട്ടിൽ നിന്ന് വാവക്കാട് പുഴ നീന്തി അക്കരെ ഇറങ്ങിയിട്ടാണ് പൊലീസ് ക്യാമ്പിലേക്ക് മാർച്ച് ചെയ്തത്.
കൂടെപോയിരുന്ന സെബാസ്റ്റ്യൻ വെടിയേറ്റു മരിച്ചു. വെടിയേറ്റ അഞ്ചെട്ടു പേരെ രക്ഷപ്പെടുത്തി പറവൂർകൊണ്ടുപോയി താമസിപ്പിച്ച് ചികിത്സ നൽകി. പുന്നപ്ര സംഘട്ടനം കഴിഞ്ഞ് രാത്രി കടപ്പുറത്തുകൂടി രക്ഷപ്പെടാൻ ശ്രമിച്ചവരെ ഗുണ്ടകൾ കമ്പവലയിട്ടു പിടിച്ച് തല്ലിച്ചതച്ചു. ഒറ്റുകാരുടെ ശല്യം വർദ്ധിച്ചപ്പോൾ ഒളിവിൽപ്പോയി. ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. തൊഴിലാളികൾക്ക് ആത്മവിശ്വാസം നൽകുന്നതിനും പീഡനമേറ്റവർക്കു റിലീഫ് എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങളിലും വ്യാപൃതനായി. ഇത്തരം പ്രവർത്തനങ്ങളുടെ ഫലം ഏറെതാമസിയാതെ വെളിപ്പെട്ടു.
ഇനിയൊരു ദശാബ്ദക്കാലത്തേക്കു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തലപൊക്കില്ലായെന്ന് അഹങ്കരിച്ചിരുന്ന ഭരണാധികാരികളെ ഞെട്ടിച്ചുകൊണ്ട് പുന്നപ്ര-വയലാർ സമരത്തിന്റെ ഒന്നാംവാർഷികം ആചരിച്ചു. ആര്യാട് നിന്നും ആർ. സുഗതന്റെ നേതൃത്വത്തിലും പുന്നപ്രയിൽ നിന്നും എം.എൻ. ഗോവിന്ദൻനായരുടെ നേതൃത്വത്തിലും രണ്ട് ജാഥകൾ കിടങ്ങാംപറമ്പിലേക്ക് ഘോഷയാത്രയായി എത്തി. പതിനായിരക്കണക്കിനു തൊഴിലാളികൾ പൊതുയോഗത്തിൽപങ്കെടുത്തു.
രണ്ടാംവാർഷികത്തിനു സെൻട്രൽ ജയിലിൽ നടന്ന വെടിവയ്പ്പിൽ പ്രതിഷേധിച്ച് ആലപ്പുഴ പൊലീസ് സ്റ്റേഷലേക്കു മാർച്ച് നടത്തി. കളപ്പുരക്ഷേത്രത്തിന്റെ പടിഞ്ഞാറു നിന്നും രാത്രി എട്ട് മണിക്കായിരുന്നു ജാഥ. മാർച്ച് അക്രമാസക്തമായി. പൊലീസുകാരിൽ ചിലർ പലായനം ചെയ്തു. പൊലീസ് വെടിവയ്പ്പിൽ ജനാർദ്ദനൻ രക്തസാക്ഷിയായി.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കുടികിടപ്പ് സമരത്തിൽ സജീവപങ്കുവഹിച്ചു. 1959 മുതൽ 1986 വരെ 28 വർഷം പുന്നപ്രയിലെ ലോക്കൽ സെക്രട്ടറിയായിരുന്നു. അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയംഗവും അവിഭക്ത പുന്നപ്ര പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്തും കയർ ഫാക്ടറിയിൽ പണിക്കു പോകുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പ്രവർത്തിക്കേണ്ടിവന്നു. കേരള കയർ മാറ്റ് ആൻഡ് മാറ്റിംങ്സ് സഹകരണ സംഘത്തിന്റെ ദീർഘകാല പ്രസിഡന്റായിരുന്നു. 2011 ജൂൺ മാസത്തിൽ അന്തരിച്ചു. മൂന്ന് പെൺമക്കൾ ഉണ്ടായിരുന്നു.