പി.പി. ജോൺകുട്ടി
അമ്പലപ്പുഴ താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയന്റെ കാട്ടൂർ പ്രസിഡന്റ് ആയിരുന്നു പി.പി. ജോൺകുട്ടി. നേതാവ് എന്നാണ് നാട്ടുകാർ അഭിസംബോധന ചെയ്തിരുന്നത്. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ നായകരിൽ ഒരാളായിരുന്നുജോൺകുട്ടി.
സമ്പന്ന മത്സ്യത്തൊഴിലാളി കുടുംബത്തിലാണു ജനിച്ചത്. ലിയോതേർട്ടീന്തിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വിദേശവസ്ത്ര ഷോപ്പുകളുടെ പിക്കറ്റിംഗിൽ സന്നദ്ധഭടനായി സ്ഥിരം പോകാൻ തുടങ്ങി. വളരെ പണിപ്പെട്ടാണ് കുടുംബക്കാരും പള്ളിയുംകൂടി ഈ സമരരംഗത്തുനിന്നും വിദ്യാർത്ഥിയായ ജോൺകുട്ടിയെ പിന്തിരിപ്പിച്ചത്.
സൈമൺ ആശാനാണ് ജോൺകുട്ടിയെ മത്സ്യത്തൊഴിലാളി യൂണിയന്റെ പ്രവർത്തകനാക്കി മാറ്റിയത്. ഒക്ടോബർ 17-ന് തീവയ്പ്പിനുശേഷം പൊലീസ് വേട്ട കൊടുമ്പിരികൊണ്ടപ്പോൾ മത്സ്യത്തൊഴിലാളികളെ വാടയ്ക്കലിലേക്കു മാറ്റിത്താമസിപ്പിച്ചത് ജോൺകുട്ടി ആയിരുന്നു. കാട്ടൂർ ക്യാമ്പ് ജോൺകുട്ടിയുടെ മത്സ്യകൂടത്തിലായിരുന്നു.
ഡിഎസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് മാർച്ചിനെ നേരിട്ട് എതിർത്ത് കടപ്പുറം വഴി തിരിച്ചുവിട്ടതിലും ജോൺകുട്ടി മുന്നിലുണ്ടായിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണവേളയിൽ കെ.കെ. കരുണാകരൻ വെടികൊണ്ടു വീണപ്പോൾ വാരിക്കുന്തംകൊണ്ട് പൊലീസിനെ ആക്രമിച്ചതും തോക്ക് പിടിച്ചെടുത്തുതും ജോൺകുട്ടി ആയിരുന്നു. വെടിവയ്പ്പിനുശേഷം മുറിവേറ്റവരെ മത്സ്യത്തൊഴിലാളി യൂണിയൻ ഓഫീസിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം അവരവരുടെ വീടുകളിൽ എത്തിക്കാനുള്ള ചുമതലയും ജോൺകുട്ടി ഏറ്റെടുത്തു. അതിനുശേഷമാണ് സ്വയരക്ഷ നോക്കിയത്.
മത്സ്യം പിടിക്കാനുള്ള വല തലയിൽക്കൂടി പുതച്ച് കുട്ടയുമെടുത്ത് പട്ടാളക്കാരുടെ ഇടയിലൂടെ രക്ഷപ്പെട്ടു. ചേർത്തല വെട്ടയ്ക്കൽ ഭാഗത്തു പൊലീസ് ഭീകരത നടമാടുകയായിരുന്നു. അതുകൊണ്ട് പിന്നെയും വടക്കോട്ടു പോയി. തോപ്പുംപടിക്കടുത്തുള്ള സൗദിയിൽ ഒളിത്താവളം കണ്ടെത്തി. സൗദിയിലും പൊന്നാനിയിലുമായി നാലുവർഷം മാറിമാറി താമസിച്ചു. രണ്ടിടത്തും മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് ഏർപ്പെട്ടത്.
ഒളിവിൽ ആയിരുന്നെങ്കിലും പുന്നപ്ര കടപ്പുറത്തെ സംഭവഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സമരം ചെയ്തു നേടിയ പല അവകാശങ്ങളും പൊലീസ് ഭരണത്തിനുകീഴിൽ പ്രമാണിമാർ വീണ്ടും തട്ടിയെടുത്തു. ഇതറിഞ്ഞ ജോൺകുട്ടിക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. തനിക്ക് അടുത്തു പരിചയം ഉണ്ടായിരുന്നു സാമ്പത്തികശേഷിയുള്ള വി. പെരുമാളിനെ മത്സ്യവ്യവസായ രംഗത്തേക്കു ക്ഷണിച്ചുകൊണ്ടുവന്നു. പെരുമാളിന്റെ രംഗപ്രവേശനത്തോടെ പ്രാദേശിയ പ്രമാണിമാരുടെ കുത്തക പൊളിഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട വില കിട്ടുന്ന സ്ഥിതിയുണ്ടായി.
ആ ഇടയ്ക്കാണ് ജെമേദാർ ഗോവിന്ദൻ വലിയ മൽപ്പിടുത്തതിനുശേഷം ജോൺകുട്ടിയെ അറസ്റ്റ് ചെയ്തത്. കുഴവിക്കല്ലുകൊണ്ടുള്ള ഭീകരമർദ്ദനമാണ് അനുഭവിക്കേണ്ടി വന്നത്. അതിന്റെ ഫലമായി ഉരുക്കുമനുഷ്യൻ ക്ഷയരോഗിയായി. ഒന്നരക്കൊല്ലത്തിനുശേഷം നാഗർകോവിൽ ക്ഷയരോഗാശുപത്രിയിലേക്കു മാറ്റപ്പെട്ടു. മൂന്നരവർഷത്തെ ജയിൽവാസത്തിനിടയിൽ അന്തരിച്ചു.