പി.റ്റി. പുന്നൂസ്
തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർടിയുടെ സെക്രട്ടറിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റേതടക്കം അക്കാലത്തെ പാർടി നയരൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചു.
മാർത്തോമാസഭയുടെ രൂപീകരണത്തിനു പ്രധാന പങ്കുവഹിച്ച പ്രശസ്തമായ തിരുവല്ലയിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് 1911 ഒക്ടോബർ 20-ന് പി.റ്റി. പുന്നൂസ് ജനിച്ചത്. മദിരാശി സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചശേഷം തിരുവനന്തപുരം ലോ കോളേജിൽ പഠിക്കാൻ ചേർന്നു. പഠനകാലത്താണ് സ്റ്റേറ്റ് കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടത്. രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ടു. എ. നാരായണപിള്ളയുടെ കേസ് വാദിക്കാൻവന്ന നരിമാനെ വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ നിയമവിദ്യാർത്ഥികൾ തീരുമാനിച്ചു. പക്ഷേ, സ്വീകരണത്തിനു വിലക്കും കരിങ്കൊടി പ്രകടനം പൊളിക്കുന്നതിനു ഗുണ്ടകളെയും ദിവാന്റെ കിങ്കരന്മാർ ഏർപ്പെടുത്തി. പുന്നൂസിന്റെ നേതൃത്വത്തിൽ നിയമവിദ്യാർത്ഥികൾ ഗുണ്ടകളെ അടിച്ചു തോൽപ്പിച്ചു. ഇതായിരുന്നു പി.റ്റി. പുന്നൂസിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം.
1938-ലെ സമരകാലത്ത് സ്റ്റേറ്റ് കോൺഗ്രസിന്റെ നിർവ്വാഹസമിതിയിൽ യുവാവായ പുന്നൂസും അംഗമായിരുന്നു. 1939 സെപ്തംബറിൽ കരുനാഗപ്പള്ളിയിൽ നടന്ന സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിൽ ഉത്തരവാദിത്വ ഭരണത്തിന് അസന്നിഗ്ദ്ധമായ പിന്തുണ സ്റ്റേറ്റ് കോൺഗ്രസ് നൽകണമെന്ന പ്രമേയം പി.റ്റി. പുന്നൂസാണ് അവതരിപ്പിച്ചത്. എം.എൻ. ഗോവിന്ദൻനായർ പിന്താങ്ങി. പ്രമേയത്തിനു മൂന്നിലൊന്നു പേരുടെ പിന്തുണ ലഭിച്ചു. ദിവാനെതിരെ രാജാവിനു സ്റ്റേറ്റ് കോൺഗ്രസ് നല്കിയ മെമ്മോറിയൽ ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം പിൻവലിച്ചതിനെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രചാരണം സംഘടിപ്പിച്ചു. സ്റ്റേറ്റ് കോൺഗ്രസിനകത്ത് മലബാറിലെ കോൺഗ്രസ് സോഷ്യലിസ്റ്റുകാരുടെ പിന്തുണയോടെ എറണാകുളത്തുവച്ചു രൂപംകൊണ്ട റാഡിക്കൽ കോൺഗ്രസിന്റെ പ്രവർത്തകസമിതി അംഗമായിരുന്നു പുന്നൂസ്.
രണ്ടാംലോക മഹായുദ്ധം തുടങ്ങിയതോടെ പുന്നൂസ് സ്റ്റേറ്റ് കോൺഗ്രസിൽ നിന്നും പിൻവാങ്ങി കമ്മ്യൂണിസ്റ്റ് പാർടിയുടെ മുഴുവൻസമയ പ്രവർത്തകനായി. യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റിലായി. ജനകീയയുദ്ധ ലൈൻ സ്വീകരിച്ചതോടെ ജയിലിൽ നിന്നു വിട്ടയച്ചു. തിരുവിതാംകൂറിലെ പാർടി കേന്ദ്രം ആലപ്പുഴയിൽ ആയിരുന്നതിനാൽ പുന്നൂസിന്റെ നഗരത്തിലെ സാന്നിദ്ധ്യവും വർദ്ധിച്ചു. ആലപ്പുഴയിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രവർത്തകരെ തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ച് അവിടെയെല്ലാം കമ്മ്യൂണിസത്തിന്റെ വിത്ത് പാകിയതിനു ചുക്കാൻപിടിച്ചത് അന്നത്തെ പാർടി സെക്രട്ടറിയായിരുന്ന പി.റ്റി. പുന്നൂസിന് ആയിരുന്നു.
പുന്നപ്ര-വയലാർ പ്രക്ഷോഭത്തിനു തൊട്ടുമുമ്പ് ഒക്ടോബർ 4-ന് മറ്റു ചില പ്രമുഖ നേതാക്കന്മാരോടൊപ്പം ആലപ്പുഴയിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. പുന്നൂസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ തൊഴിലാളികൾ ഫാക്ടറികൾവിട്ട് പുറത്തുവന്നു പ്രകടനം നടത്തി. സമരകാലത്ത് പുന്നൂസ് ജയിലിൽ ആയിരുന്നു.
സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി നിലപാടെടുത്ത ദിവാനെതിരായി ഉത്തരവാദിത്വ ഭരണത്തിനുംവേണ്ടി ഒരു സന്ധിയില്ലാ സമരമാണ് കമ്മ്യൂണിസ്റ്റ് പാർടി മുന്നോട്ടുവച്ചത്. കമ്മ്യൂണിസ്റ്റ് പാർടി മാത്രമായി നടത്തേണ്ടുന്ന ഒരു സമരമായിട്ടല്ല ഇതിനെ കണ്ടത്. മറിച്ച് സ്റ്റേറ്റ് കോൺഗ്രസുമായി യോജിച്ചു നടത്തേണ്ടുന്ന ഒരു പ്രക്ഷോഭമാണ് വിഭാവനം ചെയ്തത്. അതായത് 1938-ലെ സമരത്തിന്റെ ഒരു പുതിയ പതിപ്പ്. പക്ഷേ, ഇത്തവണ അഖില തിരുവിതാംകൂർ അടിസ്ഥാനത്തിൽ തൊഴിലാളികൾ പണിമുടക്കി സമരത്തെ നയിക്കും. ഇതിനായി നടന്നുവന്ന രണ്ടുതലത്തിലുള്ള ചർച്ചകളിൽ നിർണ്ണായകപങ്ക് പുന്നൂസ് വഹിക്കുകയുണ്ടായി.
ഒരുവശത്ത് തിരുവിതാംകൂറിലെ ട്രേഡ് യൂണിയനുകളെ ഏകോപിപ്പിച്ച് പൊതുപണിമുടക്കിലേക്ക് എത്തിക്കുക. ശ്രീകണ്ഠൻനായരെപോലുള്ള സോഷ്യലിസ്റ്റുകാരുമായി ബന്ധപ്പെട്ട യൂണിയനുകളും അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിൽ (എറ്റിറ്റിയുസി) ഉണ്ടായിരുന്നു. എറ്റിറ്റിയുസിയുടെ മൂന്ന് യോഗങ്ങൾ ചേർന്നശേഷമാണ് പണിമുടക്കത്തിനുള്ള തീരുമാനമെടുത്തത്. ഒക്ടോബർ 1-ന് എറ്റിറ്റിയുസിയുടെ ആക്ഷൻ കമ്മിറ്റി യോഗത്തിൽ പി.റ്റി. പുന്നൂസാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 83 ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
കക്ഷി വ്യത്യാസം മറന്നുള്ള തൊഴിലാളികളുടെ നിലപാടിൽ ആവേശംകൊണ്ട് സി. കേശവൻ സ്റ്റേറ്റ് കോൺഗ്രസിന്റെ പിന്തുണ സമരത്തിനു വാഗ്ദാനം ചെയ്തു. പട്ടം താണുപിള്ള അടക്കമുള്ളവരെക്കൊണ്ട് അനുകൂലമായ തീരുമാനമെടുപ്പിക്കാൻവേണ്ടി ഒക്ടോബർ 12-നുള്ള അടുത്ത വർക്കിംഗ് കമ്മിറ്റി ശ്രമിക്കുമെന്ന് ഉറപ്പു നൽകി. അതുകഴിഞ്ഞേ പണിമുടക്ക് പ്രഖ്യാപിക്കാൻ പാടുള്ളൂവെന്ന നിലപാട് ട്രേഡ് യൂണിയനുകൾ അംഗീകരിച്ചു. സ്റ്റേറ്റ് കോൺഗ്രസുമായുള്ള ഈ ചർച്ചകളിലും പുന്നൂസ് പ്രധാന പങ്കുവഹിച്ചു.
പുന്നപ്ര-വയലാർ സമരത്തിനുശേഷം പുന്നൂസ് ഒളിവിലിരുന്നു പാർടിയെ നയിച്ചു. 1948-ലെ ഭരണഘടന നിർമ്മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചില ശക്തികേന്ദ്രങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർടി സ്ഥാനാർത്ഥികളെ നിർത്തി. എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. പി.റ്റി. പുന്നൂസ് പത്തനാപുരത്ത് റ്റി.എം. വർഗീസിനോടു തോറ്റു. 1952-ൽ ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്കു വിജയിച്ചു. 1957-ലെ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും വിജയിച്ചു.
കേരള രാഷ്ട്രീയത്തിൽ ഇതപര്യന്തമുള്ള ഏറ്റവും നല്ല വാഗ്മികളിൽ ഒരാളായിരുന്നു പി.റ്റി. പുന്നൂസ്. ജനക്കൂട്ടം മണിക്കൂറുകൾ അദ്ദേഹത്തിന്റെ പ്രസംഗംകേട്ട് ലയിച്ച് ഇരിക്കുമായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.1971-ൽ അന്തരിച്ചു. റോസമ്മ പുന്നൂസ് ആയിരുന്നു ഭാര്യ. അവർക്ക് രണ്ട് മക്കൾ: തോമസ് പുന്നൂസ്, ഗീത ജേക്കബ്ബ്.