ബാവ (ഗരുഡൻ)
ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് മണ്ണഞ്ചേരി തെക്കേവെളിയിൽ വീട്ടിൽ കൂലിപ്പണിക്കാരനായ രാമന്റെ മകൻ ബാവ. പ്രഥമിക വിദ്യാഭ്യാസം മാത്രം നേടിയ ബാവ വില്യം ഗുഡേക്കർ കമ്പനിയിൽ തൊഴിലാളിയായിരുന്നു. ക്ഷേത്രത്തിലെ ഗരുഡൻ ആട്ടത്തിനു പോകാറുള്ളതുകൊണ്ട് ഗരുഡൻ ബാവ എന്ന വിളിപ്പേരും ഉണ്ടായിരുന്നു. ചെറു പ്രായത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. 1938-ൽ ആലപ്പുഴ തൊഴിലാളികളുടെ സമരപ്രചാരണത്തെ നേരിടാൻ അമ്പലപ്പുഴ താലൂക്കിൽ മൂന്ന്മാസത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ചു നടത്തിയ സമരത്തിൽ നിരവധി നേതാക്കൾ അറസ്റ്റിലായി. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ വില്യം ഗുഡേക്കർ കമ്പനിയിൽ നിന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് ജാഥ നടത്തുകയും സ്റ്റേഷനു മുന്നിൽ തടിച്ചു കൂടുകയും ചെയ്തു. തുടർന്നു പോലീസുകാർ ലാത്തി ചാർജ്ജ് നടത്തി. പോലീസിന്റെ ക്രൂരമർദ്ദനത്തിനിടയായ ബാവ റോഡിൽ കുഴഞ്ഞു വീണ് അന്തരിച്ചു. 1938-ലെ പണിമുടക്കിൽ നേടിയ ഒരണ കൂലി വർദ്ധനയെ ബാവ വാ കാശ് എന്നാണു തൊഴിലാളികൾ വിളിച്ചിരുന്നത്. കയർ ഫാക്ടറി തൊഴിലാളികളുടെ വേതനഘടനയിൽ ബാവകാശ് ഏറെനാൾ പ്രത്യേകമായി കാണിക്കുമായിരുന്നു.