ലൂയിസ് പ്രമാണി
പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ നിർണ്ണായകപങ്കുവഹിച്ച ഒരാളായിരുന്നു ലൂയിസ് പ്രമാണി. കപ്പലിൽ നിന്നും ചരക്കുകൾ കരയ്ക്കിറക്കുന്ന വലിയ വള്ളങ്ങൾ (ചെലങ്ക) വാടകയ്ക്കെടുത്ത് പണിയെടുക്കുന്നതിനു നേതൃത്വം നൽകുന്ന മൂപ്പൻ എന്ന നിലയിലാണ് ലൂയിസിനു പ്രമാണി പട്ടം ലഭിച്ചത്.
സമരത്തിന്റെ രാഷ്ട്രീയവും മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതങ്ങളുമാണ് ലൂയിസ് പ്രമാണിയെ സമരസേനാനിയാക്കിയത്. പൊറുതിമുട്ടിയ മത്സ്യത്തൊഴിലാളികൾ കടപ്പുറത്തുള്ള പോർട്ട് വർക്കേഴ്സ് യൂണിയൻ ഓഫീസിൽ സഹായത്തിനു വരികയായിരുന്നു. സൈമൺ ആശാനാണ് ഉപദേശങ്ങൾ നൽകിയത്. യൂണിയൻ സംഘടിപ്പിക്കുന്നതിൽ പ്രമാണിയും പങ്കാളിയായി.
യൂണിയൻ പ്രവർത്തനത്തെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താനുള്ള ശ്രമങ്ങൾ അപ്ലോൺ അറൗജിന്റെ കൂടങ്ങൾ കത്തിക്കുന്നതിലേക്കും അക്രമത്തിലേക്കും നയിച്ചു. അപ്ലോൺ അറൗജിന്റെ വീട്ടിൽ സ്ഥാപിക്കപ്പെട്ട പൊലീസ് ക്യാമ്പ് ആക്രമിക്കുന്നതിന്റെ മുന്നിൽ ലൂയിസ് പ്രമാണിയും ഉണ്ടായിരുന്നു. ഒടുവിൽ ഒരു പൊലീസുകാരനെ കുന്തംകൊണ്ട് കുത്തിവീഴ്ത്തി. ബയണറ്റ് ചാർജ്ജിൽ മുറിവേൽക്കുകയും ചെയ്തു.
ഇടത്തോടുവഴി നീന്തി പൊഴിയിൽ എത്തിച്ചേർന്നു. ഊളയിട്ട് അങ്ങേക്കരയിൽ ചെന്നുചേർന്നു. കടൽവള്ളത്തിൽ കയറി സ്ഥലംവിടാനുള്ള പദ്ധതി തുലാക്കോളിന്റെക്ഷോഭംകൊണ്ടു വിജയിച്ചില്ല. മൂന്ന് ദിവസം പള്ളിയിൽ ഒളിച്ചുപാർത്തു. പുറത്തുകടന്ന ലൂയിസിനെ പട്ടാളക്കാർ വളഞ്ഞു. അവരിൽനിന്ന് രക്ഷപ്പെട്ട് വാടയ്ക്കൽ ഒരു വീടിന്റെ മച്ചിൽ കൂട്ടിയിട്ടിട്ട വിറകിന്റെയും ചകിരിയുടെയും അടിയിൽ പതുങ്ങിക്കിടന്നു. പക്ഷേ, പൊലീസിന്റെ വീട് പരിശോധനയിൽ പിടിയിലായി.
ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഏഴുദിവസം പൈശാചികമായ മർദ്ദനങ്ങൾക്കിരയാക്കി. ഒടുവിൽ സ്വബോധം നഷ്ടപ്പെട്ടു. പുന്നപ്രയിൽ നിന്നും വയലാറിൽ നിന്നുമുള്ള രണ്ട് സഖാക്കൾ ജയിലിൽ മർദ്ദനമേറ്റു മരിച്ചിരുന്നു. അവരോടൊപ്പം മരിച്ചെന്നു കരുതി പ്രമാണിയുടെ ശരീരവും പൊലീസ് വണ്ടിയിലിട്ട് വലിയ ചുടുകാടിൽ കൊണ്ടുവന്നു. അവിടെവച്ചാണ് ജീവനുണ്ടെന്നു തെളിഞ്ഞത്. മർദ്ദനവും പുനരാരംഭിച്ചു.
അതിനിടയിൽ കേസ് ശിക്ഷിച്ചു. 23 കൊല്ലത്തെ തടവുശിക്ഷയും 200 രൂപ പിഴയും. അറസ്റ്റ് ചെയ്തവേളയിൽ പൊലീസ് തോക്കുകൊണ്ട് പുറത്ത് അടിച്ചപ്പോൾ തോക്ക് പൊളിഞ്ഞു. തോക്ക് പൊളിച്ചതിന്റെ ശിക്ഷയായിരുന്നു 200 രൂപ. 9 കൊല്ലത്തോളം വിയ്യൂർ, ആലപ്പുഴ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ കഴിച്ചുകൂട്ടി. പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് മറ്റുള്ളവരോടൊപ്പം പ്രമാണിയും മോചിതനായി.
1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 29 കൊല്ലം ഡാറാസ്മെയിൽ കമ്പനിയിൽ പണിയെടുത്തിരുന്ന അന്നമ്മയാണ് പ്രമാണിയുടെ ഭാര്യ. അവരും യൂണിയൻ പ്രവർത്തകയായിരുന്നു. മക്കൾ ഇല്ലായിരുന്നു.