വി.എസ്. അച്യുതാനന്ദൻ
പാർടിയുടെയും ഭരണസംവിധാനത്തിന്റെയും ഏറ്റവും ഉയർന്ന പദവികളിലെത്തിയ പുന്നപ്ര-വയലാർ സമര സേനാനിയാണ് വി.എസ്. അച്യുതാനന്ദൻ. 1923 ഒക്ടോബർ 23-ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. വിഎസിന് നാല് വയസുള്ളപ്പോൾ വസൂരി ബാധിച്ച് അമ്മയും 11 വയസുള്ളപ്പോൾ അച്ഛനും മരിച്ചു. അതോടെ വിദ്യാഭ്യാസം ഏഴാം ക്ലാസിൽ അവസാനിച്ചു. 1940-ൽ 17-ാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ തൊഴിലാളിയായി. യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കമ്മ്യൂണിസ്റ്റു പാർടിയിൽ അംഗവുമായി.
ഇതിനിടയിൽ സ്വന്തം വീടിനു ചുറ്റുപാടുമുള്ള പാടശേഖരങ്ങളിലെ കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അച്യുതാനന്ദൻ ഇടപെടുന്ന സാഹചര്യമുണ്ടായി. ഒരുപക്ഷേ, ഇത്തരമൊരു മുൻകാല അനുഭവം ഉള്ളതുകൊണ്ടാകാം പിന്നീട് പി. കൃഷ്ണപിള്ള കുട്ടനാട്ടിലെ കർഷകത്തൊഴിലാളി മേഖലയിലേയ്ക്കു വിഎസിനെ നിയോഗിച്ചത്. ചെറുകാലി കായൽ വരമ്പത്ത് തൊഴിലാളികളുടെ യോഗം ചേർന്നു വർഗീസ് വൈദ്യൻ പ്രസിഡന്റും എസ്.കെ. ദാസ് ജനറൽ സെക്രട്ടറിയും വി.എസ്. അച്യുതാനന്ദൻ ജോയിന്റ് സെക്രട്ടറിയുമായികർഷകത്തൊഴിലാളികളുടെ ഏഴംഗ കമ്മിറ്റി രൂപീകരിച്ചു. അതിരൂക്ഷമായ ഏറ്റുമുട്ടലുകളിലൂടെ കർഷത്തൊഴിലാളി യൂണിയൻ പ്രവർത്തനം കുട്ടനാടാകെ വ്യാപിച്ചു. ഇതിൽ പല സമരങ്ങളുടെ സംഘാടനത്തിലും മുന്നിലും വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു.
ശ്രീമൂലമംഗലം കായലിൽ കൊയ്ത്ത് കാലത്ത് സമരം ആരംഭിച്ചു. പൊലീസ്-ഗുണ്ടാ മർദ്ദനങ്ങളെ നേരിട്ട് സമരം തൊഴിലാളികൾക്ക് അനുകൂലമായി ഒത്തുതീർപ്പിലെത്തിച്ചു. ഈ വിജയം വലിയ ചലനം സൃഷ്ടിച്ചു. 1945-ൽ യൂണിയന്റെ ആദ്യ വാർഷികം സാഹസികമായി നടത്തി. കൊല്ലം, കോട്ടയം ജില്ലാ അതിർത്തിയിലായിരുന്നു യോഗസ്ഥലം. കൊല്ലം പൊലീസ് നിരോധനാജ്ഞയുമായി എത്തിയപ്പോൾ സമ്മേളനം കോട്ടയം ജില്ലയിലേക്കു മാറ്റി. അവിടെയും നിരോധനാജ്ഞ എത്തുംമുമ്പ് വാർഷികയോഗം നടത്തിത്തീർത്തു.
മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു സൈമൺ ആശാന്റെ സഹായിയായി. അതോടൊപ്പം ചെത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു മുൻകൈയെടുത്തു. അക്കാലത്ത് അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് സൈമൺ ആശാനും സെക്രട്ടറി വിഎസും ആയിരുന്നു. 2001 വരെ വിഎസ് ഈ യൂണിയന്റെ പ്രസിഡന്റായിരുന്നു.
1943-ൽ പാർടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം കോഴിക്കോട് വച്ചുനടന്നു. വിഎസ് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. പി. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം മുഴുവൻസമയ പ്രവർത്തകനായി. അധികം താമസിയാതെ വിഎസിനെ കുട്ടനാട്ടിൽ നിന്നും ആലപ്പുഴയിലേക്കു തിരിച്ചു വിളിച്ചു. അമേരിക്കൻ മോഡൽ പരിഷ്കാരത്തിനെതിരെ ആലിശ്ശേരിയിൽ നടന്ന വമ്പിച്ച യോഗത്തിൽ വിഎസും ഒരു പ്രാസംഗികനായിരുന്നു. ആർ. സുഗതനെ യോഗം കഴിഞ്ഞപ്പോൾ അറസ്റ്റ് ചെയ്തു. കെ.വി. പത്രോസിനും ശ്രീകണ്ഠൻനായർക്കും വിഎസിനും എതിരെ നിയമലംഘനത്തിനു വാറണ്ട് പുറപ്പെടുവിച്ചു.
പത്രോസിന്റെ നിർദ്ദേശാനുസരണം കോട്ടയത്ത് ഒളിവിൽപ്പോയി. രണ്ടാഴ്ച പൂഞ്ഞാറിലായിരുന്നു. തിരിച്ച് ആലപ്പുഴയിലേക്ക് എത്താൻ നിർദ്ദേശം ലഭിച്ചു. വാർഡ് കൗൺസിലുകൾ രൂപീകരിക്കുന്നതിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും വ്യാപൃതനായി. കളർകോടത്തെയും പുന്നപ്രയിലെയും രണ്ട് ക്യാമ്പുകളായിരുന്നു ചുമതല. ഒക്ടോബർ 24-ന്റെ പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ മാർച്ചിൽ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതുകൊണ്ട് നിർദ്ദേശപ്രകാരം പിൻവാങ്ങി. വെടിവയ്പ്പിനെത്തുടർന്നു വീണ്ടും പൂഞ്ഞാറിലേക്കു പോയി.
പൊലീസ് വലവീശി കാത്തിരിക്കുകയായിരുന്നു. ഒക്ടോബർ 28-ന് അറസ്റ്റ് ചെയ്തു. പാലാ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ലോക്കപ്പിന്റെ അഴികളിലൂടെ കാലുകൾ പുറത്തേക്ക് കെട്ടിയിട്ടാണ് മർദ്ദിച്ചത്. ലോക്കപ്പിനകത്ത് തോക്കിന്റെ പാത്തികൊണ്ട് ഇടിക്കുമ്പോൾ പുറത്ത് ഉള്ളംകാലിൽ ചൂരൽകൊണ്ട് അടിക്കുകയായിരുന്നു. മരിച്ചെന്നുകരുതി കാട്ടിൽ കൊണ്ടുകളയാൻ വണ്ടിയിൽ കൊണ്ടുപോകുന്നനേരം ജീവനുണ്ടെന്നുകണ്ട് ആശുപത്രിയിലാക്കി. മാസങ്ങൾ എടുത്തു കാലുകൾ നേരെയാകാൻ. ആലപ്പുഴയിലെ കേസിൽ ശിക്ഷിച്ചു സെൻട്രൽ ജയിലിലായി.
1948-ൽ പുറത്തുവന്നപ്പോഴേക്കും പാർടി വീണ്ടും നിരോധിച്ചു കഴിഞ്ഞിരുന്നു. 1948-52 കാലത്ത് ഒളിവിൽ കഴിഞ്ഞുകൊണ്ട് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പ്രവർത്തിച്ചു. പാർടിയുടെ ജില്ലാ സെക്രട്ടറിയായി. 1954-ൽ സംസ്ഥാന കമ്മിറ്റിയംഗവും. 1956-ൽ കേരള സംസ്ഥാന കമ്മിറ്റി രൂപീകരിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1958-ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല വിഎസിന് ആയിരുന്നു. റോസമ്മ പുന്നൂസിന്റെ വിജയം പിന്തിരിപ്പന്മാരെ ഞെട്ടിച്ചു.
പാർടിക്കുള്ളിലെ ചേരിതിരിവിൽ വിഎസ് ഇടതുപക്ഷത്തായിരുന്നു. 101 അംഗ ദേശീയകൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു വിഎസ്. തുടർന്ന് കരുതൽ തടങ്കലിലായി. 1980-1992 കാലത്ത് സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയായി. 1985-2009 കാലത്ത് പാർടി പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1967, 1970 വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും 1991-ൽ മാരാരിക്കുളത്തു നിന്നും 2001, 2006, 2011, 2016 എന്നീ വർഷങ്ങളിൽ മലമ്പുഴയിൽ നിന്നും നിയമസഭയിലേക്കു വിജയിച്ചു. 2006-2011 കാലത്ത് കേരള മുഖ്യമന്ത്രിയായി. 2016-2021 കാലയളവിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി. ഭാര്യ: വസുമതി. മക്കൾ: അരുൺകുമാർ, ആശ.