വി.കെ. അച്യുതൻ
തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രാരംഭകാലം മുതൽ സജീവപ്രവർത്തകനായിരുന്നു വി.കെ. അച്യുതൻ. യൂണിയൻ പ്രവർത്തകനെന്ന നിലയിൽ സർവ്വാദരണീയനായിരുന്നു.
വി.കെ. അച്യുതൻ പിയേഴ്സ് ലസ്ളി കമ്പനിയിലെ തൊഴിലാളിയായിരുന്നു. 1930-കളുടെ ഉത്തരാർദ്ധം തൊഴിലാളികളുടെ ഒറ്റപ്പെട്ട ചെറുത്തുനില്പുകളും സമരങ്ങളിലൂടെയും കൂലിവെട്ടിക്കുറയ്ക്കലുകൾ ഉൾപ്പെടെയുള്ള ഫാക്ടറികളിലെ അനീതികൾ അവസാനിപ്പിക്കാൻ കഴിയാതെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഞെരിപിരികൊള്ളുന്ന കാലഘട്ടമായിരുന്നു.
വി.കെ. അച്യുതന്റെ വാക്കുകൾ തന്നെ ഉദ്ധരിക്കട്ടെ: “ജനറൽ സെക്രട്ടറി സുഗതൻ സാറും ഞങ്ങൾ എട്ടുപത്തു പേരും എന്നും വൈകുന്നേരം യൂണിയൻ ഓഫീസിൽ കൂടും. ഈ രോഗത്തിന് ഒരു ചികിത്സ കണ്ടുപിടിക്കാൻ ഗൗരവമായ മാർഗ്ഗങ്ങൾ അന്വേഷിച്ചു. കയർ ഫാക്ടറി തൊഴിലാളികളുടെ അനവധിയുള്ള അവശതകൾ പരിഹരിക്കുന്നതിന് ഒരു പൊതുപണിമുടക്കം നടത്തണമെന്നുള്ള പ്രമേയം 113 (1937) കുംഭ മാസത്തിൽ കൂടിയ മാനേജ്മെന്റ് കമ്മിറ്റിയിൽ ഞാൻ തന്നെ അവതരിപ്പിക്കുകയും പ്രമേയം ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. സമരം സംഘടിപ്പിക്കുന്നതിനാവശ്യമായ തീരുമാനങ്ങളും കമ്മിറ്റി അംഗീകരിച്ചു.”
പണിമുടക്കിനുമുമ്പ് സെക്രട്ടറി ആർ. സുഗതൻ, പി.കെ. കുഞ്ഞ്, വി.കെ. വേലായുധൻ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനുശേഷം 1938 സെപ്തംബറിൽ ചേർന്ന യൂണിയൻ കമ്മിറ്റി യോഗം സുഗതനു പകരം വി.കെ. അച്യുതനെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അറസ്റ്റിൽ പ്രതിഷേധിക്കാൻ യൂണിയൻ വിളിച്ചുകൂട്ടിയ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാൻ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കന്മാരെ സമീപിച്ചെങ്കിലും അവരാരും സന്നദ്ധരായില്ല. ഒടുവിൽ അദ്ധ്യക്ഷന്റെയും പ്രാസംഗികന്റെയും ഭാഗം അച്യുതനു തന്നെ നിർവ്വഹിക്കേണ്ടിവന്നു.
1938-ലെ പണിമുടക്ക് ഒത്തുതീർപ്പു വ്യവസ്ഥകൾ പ്രകാരം കയർ വ്യവസായത്തെക്കുറിച്ചു സമഗ്രമായി പഠിക്കുന്നതിന് ജോർജ്ജ് കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയിൽ തൊഴിലാളി പ്രതിനിധികളായി ഉൾപ്പെടുത്തിയിരുന്നത് പി.എൻ. കൃഷ്ണപിള്ളയേയും വി.കെ. അച്യുതനേയും ആയിരുന്നു. റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അച്യുതൻ നിർണ്ണായക സംഭാവന ചെയ്തൂവെന്ന് കമ്മിറ്റി അംഗമായിരുന്ന പി.എൻ. കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. കയർ വ്യവസായത്തെക്കുറിച്ച് ആഴത്തിലുള്ള ജ്ഞാനം അച്യുതന് ഉണ്ടായിരുന്നു. സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിൽ പ്രത്യേകിച്ചു തറികളുടെ സെൻസസ് എടുക്കുന്നതിന് കമ്മിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ആശ്രയിച്ചതും അച്യുതനെ ആയിരുന്നു.
പുന്നപ്ര-വയലാർ സമരകാലത്ത് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിന്റെ ഭാരവാഹിയെന്ന നിലയിൽ പ്രവർത്തിച്ച വി.കെ. അച്യുതൻ സമരത്തെത്തുടർന്ന് ഒളിവിൽപ്പോയി. പൊലീസ്-ജന്മി-ഗുണ്ടാ മർദ്ദനത്തെ അതിജീവിച്ച് പ്രസ്ഥാനത്തെ പുനസംഘടിപ്പിക്കുന്നതിൽ അച്യുതൻ വലിയ പങ്കുവഹിച്ചു. പി.എൻ. കൃഷ്ണപിള്ളയുടെ വാക്കുകളിൽ “അച്യുതൻ കയർ തൊഴിലാളി വർക്കേഴ്സ് യൂണിയന്റെ ജീവനും ആത്മാവും എല്ലാമായിരുന്നു…..”.