വി.കെ. കരുണാകരൻ
തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സിൽ ഹവീൽദാർ ആയിരുന്ന വി.കെ. കരുണാകരൻ, സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി 1937-ൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ജന്മനാടായ ആലപ്പുഴയായി പ്രവർത്തനരംഗം. കറുത്ത് ദൃഡഗാത്രനായ ആറടിപ്പൊക്കക്കാരൻ വി.കെ. കരുണാകരന്റെ വിളിപ്പേര് കാക്കച്ചി എന്നായിരുന്നു. സ്വദേശിപ്രസ്ഥാനത്തെ പിന്തുണച്ചു സുഭാഷ് ചന്ദ്രബോസിനെപ്പോലെ ഖദർ ഷാൾ പുതച്ചാണ് അക്കാലത്ത് നടന്നിരുന്നത്.
1938-ലെ പണിമുടക്കു കാലത്ത് രാജാവിന്റെ ജന്മദിനത്തിനു പൊലീസിന്റെയും പട്ടാളത്തിന്റെയും യാത്ര തടസ്സപ്പെടുത്തുന്നതിനുവേണ്ടി പുന്നപ്രയ്ക്ക് അടുത്ത് പറവൂരിൽ കലിങ്ക് പൊളിക്കുന്നതിനും കാറ്റാടി മരങ്ങൾ വെട്ടിയിട്ട് ഗതാഗതം അസാധ്യമാക്കുന്നതിനും നേതൃത്വം നൽകി. കാക്കച്ചിയുടെ ആരാധകരായിരുന്ന ചില ഉള്ളാടർ സമുദായ കുടുംബങ്ങളാണ് മരംമുറിച്ചു വീഴ്ത്തിയത്. കേസിൽ പ്രതിയായ ഉള്ളാടനെ കോടതിയിൽ വിസ്തരിച്ചതിന്റെ സരസമായ വിവരണം എം.ടി. ചന്ദ്രസേനൻ നൽകുന്നുണ്ട്. കാക്കച്ചിയുടെ നേതൃപാടവത്തെയും അനുയായികൾക്ക് അദ്ദേഹത്തോടുള്ള വിശ്വാസത്തിന്റെയും ദർപ്പണമാണ് ഈ വിവരണം.
കെ.കെ. വാര്യർ, കേശവദേവ്, സി.കെ. മാത്യു, ഇ. ഗോവിന്ദൻ, പി.എ. സോളമൻ, കെ.വി. പത്രോസ്, പി.ജി. പത്മനാഭൻ, വി.കെ. കരുണാകരൻ തുടങ്ങി 72 പേർ മേൽപ്പറഞ്ഞ കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്. ഏറ്റുമുട്ടലിനുശേഷം ഒളിവിൽപ്പോയ കരുണാകരനെയും സിക്ക് ജനാർദ്ദനനെയും പിന്നീടാണ് അറസ്റ്റ് ചെയ്തത്. കൊട്ടുവടികൊണ്ടും കുഴവിക്കല്ലുകൊണ്ടും കരുണാകരനെ മർദ്ദിച്ചു. കേശവദേവിനെ കമിഴ്ത്തിയിട്ട പൊലീസ് ഇടിക്കാൻ ഓങ്ങിയപ്പോൾ കരുണാകരൻ കേശവദേവിന്റെ പുറത്ത് കമിഴ്ന്നുകിടന്ന് ഇടി മുഴുവൻ ഏറ്റുവാങ്ങി.
1938-ലെ സമരത്തെത്തുടർന്ന് പി. കൃഷ്ണപിള്ളയുമായി അടുത്തു. കോഴിക്കോട് പോയി കൃഷ്ണപിള്ളയുമായി ചർച്ച നടത്തി. മത്സ്യത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ സൈമൺ ആശാനോടൊപ്പം വലിയ പങ്കുവഹിക്കുകയുണ്ടായി. മീൻ പിടിക്കാൻ പോകുന്ന വള്ളങ്ങളിലെ ക്യാപ്റ്റന്മാരെ സ്വാധീനവലയത്തിലാക്കി തൊഴിലാളി യൂണിയൻ ശക്തമാക്കുന്ന തന്ത്രമാണ് കരുണാകരൻ സ്വീകരിച്ചത്. കരുണാകരന്റെ അടുപ്പക്കാരനായിരുന്ന വേലപ്പൻ മുതലാളിയുടെ വള്ളത്തിലെ ക്യാപ്റ്റനായ മാർട്ടിനെ പ്രമാണിമാർ മർദ്ദിച്ച് അവശനാക്കിയതിനെതിരെയുള്ള രോഷവും പുന്നപ്ര സംഘർഷത്തിന് ഒരു കാരണമായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിനുമുമ്പ് വി.കെ. കരുണാകരൻ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം കഴിഞ്ഞാണ് ജയിൽ മോചിതനായത്. ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി തുടർന്നു.
ഏഴ് പ്രാവശ്യമായി അഞ്ച് വർഷത്തിലേറെക്കാലം കരുണാകരൻ ജയിലിലും പൊലീസ് ലോക്കപ്പിലും കിടന്നിട്ടുണ്ട്. 28-06-1114 മുതൽ 08-06-1114 വരെ ആലപ്പുഴ സബ് ജയിലിലും, 27-01-1115 മുതൽ 11-08-1118 വരെയും വീണ്ടും 07-01-1122 മുതൽ 18-01-1123 വരെ തിരുവനന്തപുരം സെൻട്രൽ ജയിലിലും 01-09-1945 മുതൽ 28-02-1946 വരെയും വീണ്ടും 01-03-1946 മുതൽ 31-08-1946 വരെ —————.
ഭീകരമായ മർദ്ദനം അനുഭവിക്കേണ്ടി വന്നു. മർദ്ദനത്തിന്റെ ഫലമായി പിന്നീട് സ്വരം നഷ്ടപ്പെട്ടു. തല ഒരുവശത്തേക്കു ചരിഞ്ഞേ ഇരിക്കൂവെന്ന നിലയിലായി. 1999 ജനുവരി 2-ന് അന്തരിച്ചു.